ഒല്ലൂർ മേൽപാലം: കൺഫ്യൂഷൻ തീർക്കണമേ...

ഒല്ലൂർ: റെയിൽവേ സ്റ്റേഷന്‍റെ തെക്ക് മേൽപാല നിർമാണം പ്രാദേശിക എതിർപ്പിനെത്തുടർന്ന് ഉപേക്ഷിക്കാൻ സാധ്യത. സംസ്ഥാന സർക്കാറിന്‍റെ 2018-19 വർഷത്തെ ബജറ്റിലാണ് ഒല്ലൂർ മേൽപാലം ഇടംപിടിച്ചത്. 2021ൽ മേൽപാലം നിർമാണത്തിന്​ റെയിൽവേ അനുമതിയും നൽകി. എന്നാൽ, പ്രാദേശിക എതിർപ്പുകളെത്തുടർന്ന് തുടർനടപടി ഉണ്ടായില്ല. നിർദിഷ്ട മേൽപാലത്തിൽനിന്ന്​ 500 മീറ്റർ വടക്കുമാറി അടിപ്പാതയും 400 മീറ്റർ തെക്കുമാറി മേൽപാലവും ഉള്ളതിനാൽ പുതിയ പാലം ആവശ്യമില്ലെന്നാണ് പ്രദേശവാസികളുടെ അഭിപ്രായം. എന്നാൽ, മേൽപാലം വേണ്ടെന്ന്​ പറയുന്ന അതേ കാരണത്താൽ റെയിൽവേ ലെവൽ ക്രോസ്​ അടക്കാൻ സാധ്യതയുണ്ട്​. ഈ സാഹചര്യം വിശദീകരിക്കാൻ സ്ഥലം എം.എൽ.എയുടെ സാന്നിധ്യത്തിൽ നാട്ടുകാരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചുചേർക്കാൻ സർക്കാറിനോട് ജില്ല ഭരണകൂടം അനുമതി തേടിയിട്ടുണ്ട്​​​. ഷൊർണൂർ-കൊടുങ്ങല്ലൂർ റോഡിനെയും കൊച്ചി-സേലം ദേശീയപാത 544നെയും ബന്ധിപ്പിക്കുന്ന പൂച്ചിന്നിപ്പാടം-നടത്തറ റോഡിലാണ് ഒല്ലൂർ ഗേറ്റ് സ്ഥിതി ചെയ്യുന്നത്. ഈ റോഡിന്റെ പ്രാധാന്യം മനസ്സിലാക്കി കോടിക്കണക്കിന് രൂപ ചെലവാക്കിയുള്ള നവീകരണം പുരോഗമിക്കുകയാണ്. ഒല്ലൂർ ഗേറ്റ് സ്ഥിരമായി അടച്ചുകഴിഞ്ഞാൽ നിലവിൽ നടക്കുന്ന നവീകരണപ്രവർത്തനങ്ങൾ ഫലം കാണുകയില്ലെന്ന വാദം ഉയർത്തുന്നവർ മേൽപാലം വേണമെന്ന ആവശ്യക്കാരാണ്​. അടുത്തുള്ള അടിപ്പാത ചെറുവാഹനങ്ങൾക്ക് മാത്രം ഉപയോഗപ്രദമാകുന്നതാണ്. മേൽപാലത്തിലേക്ക് ഒല്ലൂർ ഗേറ്റിൽനിന്നുള്ള ലിങ്ക് റോഡ് ഏറെ ഇടുങ്ങിയതാണ്. ഇത്​ ഗതാഗതക്കുരുക്കിലേക്ക്​ കാര്യങ്ങൾ കൊണ്ടെത്തിക്കും. നിലവിലെ റോഡിന്‍റെ വടക്കുചേർന്ന്​ സാമൂഹികാഘാതം പരമാവധി കുറച്ച് മേൽപാലത്തിന് അലൈൻമെന്‍റ്​ തയാറാക്കാം. എന്നാൽ, അതിനുള്ള ശ്രമം പദ്ധതി നിർവഹണ ഏജൻസിയായ റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ ഇതുവരെ നടത്താത്തത് തികഞ്ഞ അലംഭാവമാണ്. മാത്രമല്ല, സംസ്ഥാന സർക്കാറിന്റെ നിർവഹണ ഏജൻസിക്ക് അപ്രോച്ച് ഭാഗങ്ങൾ മാത്രമേ നിർമിക്കാനാവൂ. റെയിൽവേ ട്രാക്കിന് മുകളിലെ ഭാഗം റെയിൽവേ നേരിട്ട് നിർമിക്കേണ്ടിവരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.