കാട്ടാന നശിപ്പിച്ച മുണ്ടംപിലാക്കല്‍ ഹസീബിന്റെ വീട്ടുമുറ്റത്തെ പ്ലാവിലെ ചക്കകള്‍
എടക്കര: ജനവാസ കേന്ദ്രത്തില്‍ ഭീതിപരത്തി ഒറ്റയാന്; കാട്ടാനയെപ്പേടിച്ച് വയോധികയുമായി പുലര്‍ച്ചെ നാലംഗ കുടുംബം ബന്ധുവീട്ടില്‍ അഭയം തേടി. തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് നാരോക്കാവ് ഒന്നാംപടി അംഗന്‍വാടിക്ക് സമീപം ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാന ജനങ്ങളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയത്. കാട്ടാനയെ പേടിച്ച് കല്ലുവെട്ടി അബ്ബാസാണ് വയോധികയായ മാതാവിനെയും ഭാര്യയെയും മക്കളെയും കൂട്ടി പുലര്‍ച്ചെ ഒന്നിന് അടുത്തുള്ള ബന്ധുവീട്ടിലേക്ക് ജീവനും കൊണ്ടോടിയത്.
കരിയംമുരിയം വനത്തില്‍ നിന്നാണ് നാരോക്കാവ് ഒന്നാംപടി അംഗന്‍വാടിക്ക് സമീപം കാട്ടാനെയത്തിയത്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലൂടെയായിരുന്നു കാട്ടാനയുടെ വരവ്. സ്വകാര്യ വ്യക്തിയുടെ റബര്‍ തോട്ടത്തിലൂടെ കക്കുളങ്ങര വേലായുധന്, മുണ്ടംപിലാക്കല്‍ ആയിഷ, മകന് ഹസീബ്, വാല്ത്തൊടിക അബ്ദുല്‍ റഷീദ്, കല്ലുവെട്ടി അബ്ബാസ്, വലിയപറമ്പില്‍ സെയ്തുട്ടി എന്നിവരുടെ വീടുകളുടെ മുറ്റങ്ങളിലൂടെയാണ് ആന അംഗൻവാടിക്ക് സമീപമെത്തിയത്.
കനത്ത വേനല്‍ചൂടില്‍ ഉറക്കത്തില്‍ നിന്നെണീറ്റ മുണ്ടംപിലാക്കല്‍ ആയിഷ ശബ്ദം കേട്ട് ജനല്‍ വഴി നോക്കിയപ്പോള്‍ തൊട്ടടുത്ത് നില്ക്കുന്ന കാട്ടാനയെയാണ് കണ്ടത്. ആയിഷയുടെ മകന് ഹസീബിന്റെ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ മുന്നിലുള്ള പ്ലാവില്‍ നിന്ന് ചക്ക പറിച്ചെടുത്ത് തിന്നുകയായിരുന്നു ആന. തുടര്‍ന്ന് വലിയപറമ്പില്‍ സെയ്തുട്ടിയുടെ വീട്ടുമുറ്റത്തെത്തിയ ഒറ്റയാന് പ്ലാവുകളിലെ ചക്കകളെല്ലാം പറിച്ചെടുത്ത് ഭക്ഷിക്കുകയും നശിപ്പിക്കുയും ചെയ്താണ് മടങ്ങിയത്. കുറച്ച് ദിവസങ്ങളിലായി പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണ്.
കരിയംമുരിയം വനത്തില്‍ നിന്നിറങ്ങുന്ന മോഴയാനയാണ് ജനങ്ങളെ ഭീതിയിലാഴ്ത്തി വിലസുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. നിരന്തരമുള്ള കാട്ടാന ശല്യത്തില്‍ നിന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കാന്‍ വനം വകുപ്പ് അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രദേശത്ത് തൂക്കുഫെന്സിങ് സ്ഥാപിക്കാനുള്ള നടപടികളുണ്ടാകണമെന്നും ജനങ്ങള്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.