അംഗൻവാടികളിലെ ശുചിത്വമില്ലായ്​മ: സൂപ്പർവൈസർമാർക്ക്​ പരിശോധന ചുമതല

മലപ്പുറം: അംഗൻവാടികളിൽ ശുചി​ത്വമില്ലായ്​മ, ഭക്ഷ്യവിഷബാധ തുടങ്ങിയവ തുടർച്ചയായി റിപ്പോർട്ട്​ ചെയ്യുന്ന സാഹചര്യത്തിൽ പരിശോധന നടത്തി റിപ്പോർട്ട്​ നൽകാൻ സൂപ്പർവൈസർമാർക്ക്​ നിർദേശം. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ഓരോ സൂപ്പർവൈസറുടെയും കീഴിലെ അംഗൻവാടികളിൽ എത്തി ഭക്ഷ്യ സാധനങ്ങളുടെ സ്റ്റോക്ക്​, ഗുണമേന്മ, കുടിവെള്ളത്തിന്‍റെ ശുദ്ധത, പരിസരം, പൊതുശുചിത്വം, പാചകത്തിന്​ ഉപയോഗിക്കുന്ന വെള്ളത്തിന്‍റെ ​ശുദ്ധത, ധാന്യങ്ങൾ സൂക്ഷിക്കുന്ന പെട്ടി അടച്ചുറപ്പുള്ളതാണോ തുടങ്ങിയവ പരിശോധിക്കാനാണ്​ നിർദേശം. കേടായ ഭക്ഷ്യധാന്യങ്ങൾ കുട്ടികൾക്ക്​ നൽകുന്നില്ല എന്ന്​ ഉറപ്പുവരുത്താനും അടിയന്തരമായി നടപടി സ്വീകരിക്കേണ്ട വിവരവും അതത്​ ഡി.സി.പി.ഒക്ക്​ റിപ്പോർട്ട്​ ചെയ്യണം​. ഡി.സി.പി.ഒമാർ തങ്ങളുടെ പ്രോജക്ടിന്​ കീഴിൽ 10 ശതമാനം അംഗൻവാടികളിലും പ്രോഗ്രാം ഓഫിസർമാർ ഒരു ശതമാനം അംഗൻവാടികളിലും സന്ദർശനം നടത്തി മേൽ വിഷയങ്ങൾ ഉറപ്പുവരുത്തുകയും ജില്ലതലത്തിൽ ക്രോഡീകരിച്ച്​ റിപ്പോർട്ട്​ തയാറാക്കുകയും വേണം. കൊല്ലം, ആലപ്പുഴ, പാലക്കാട്​ ജില്ലകളി​ലെ അംഗൻവാടികളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഭക്ഷ്യ വിഷബാധ റിപ്പോർട്ട്​ ചെയ്തിരുന്നു. ഭക്ഷ്യധാന്യങ്ങൾ സൂക്ഷിക്കുന്നതിലെ അശ്രദ്ധ, പോരായ്മകൾ എന്നിവ കാരണം ഭക്ഷ്യധാന്യങ്ങൾ കേടുവരാനും ഉപയോഗ്യമല്ലാതെ നശിച്ചുപോകാനും കാരണമാകുന്നുണ്ടെന്ന്​ അധികൃതർ കണ്ടെത്തിയിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.