മധ്യവയസ്​കൻ മർദനമേറ്റ്​ മരിച്ചു; ഭാര്യ അറസ്റ്റിൽ

കല്ലടിക്കോട്: കല്ലടിക്കോട് ചുങ്കത്തിനടുത്ത് മധ്യവയസ്കൻ മർദനമേറ്റ്​ മരിച്ചു. കുന്നത്തുകാട് കുണ്ടൻ തരിശിൽ കോലോത്തും പള്ളിയാൽ ചന്ദ്രനെ (58) ആണ് വീടിന്‍റെ അടുക്കളയിൽ മരിച്ചനിലയിൽ കണ്ടത്. സംഭവവുമായി ബന്ധപ്പെട്ട് ചന്ദ്രന്‍റെ ഭാര്യ ശാന്തയെ (50) കല്ലടിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാവിലെ 7.30ഓടെയാണ് സംഭവം. കുടുംബ വഴക്കിനിടെ ശാന്ത വിറകുകൊള്ളി ഉപയോഗിച്ച് ഭർത്താവിന്‍റെ തലക്കടിക്കുകയായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു. അടിയുടെ ആഘാതത്തിൽ നിലത്തുവീണ ചന്ദ്രന്‍റെ തലക്ക് പിറകിലും കഴുത്തിലും സാരമായ പരിക്കുണ്ട്. രക്തം വാർന്നാണ് മരിച്ചതെന്നാണ് സൂചന. മദ്യപിച്ച് വരുന്ന ചന്ദ്രൻ പതിവായി മർദിച്ചിരുന്നുവെന്നും പീഡനം സഹിക്കാൻ വയ്യാതെയാണ് വിറകുകൊള്ളികൊണ്ട് തല്ലിയതെന്നും ശാന്ത പൊലീസിന് മൊഴി നൽകി. സംഭവം നടന്നയുടനെ, ശാന്ത അയൽവാസികളെ വിവരമറിയിച്ചിരുന്നു. ഭർത്താവിന് വീണ് പരിക്ക് പറ്റിയെന്നാണ് ഇവർ പറഞ്ഞത്. അഗളി ഡിവൈ.എസ്.പി എം. മുരളീധരന്‍റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. പാലക്കാട്ടുനിന്നുള്ള വിരലടയാള വിദഗ്​ധരും ഡോഗ് സ്ക്വാഡും തെളിവ് ശേഖരിച്ചു. മൃതദേഹം ജില്ല ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് കൈമാറി. obit PKD Kalladikode Chandran (58): കൊല്ലപ്പെട്ട ചന്ദ്രൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.