പാലക്കാട്: ഇറക്കുമതി ചെയ്ത ജീവികളെ വളർത്തുന്നതിൽ കേരളത്തിന് രാജ്യത്ത് രണ്ടാം സ്ഥാനമെന്ന് കണക്കുകൾ. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ നടത്തിയ വിവരശേഖരണത്തിലാണ് സംസ്ഥാനത്ത് ഇത്തരം ജീവികളെ വളർത്തുകയും വിൽക്കുകയും ചെയ്യുന്ന പ്രവണത വർധിക്കുന്നതായി വിവരമുള്ളത്. കോവിഡ് വ്യാപനത്തോടനുബന്ധിച്ച് അനിയന്ത്രിതമായ വന്യജീവി വിൽപ്പനയും കൈമാറ്റവും വലിയ തോതിൽ പകർച്ചവ്യാധികൾ പരക്കുന്നതിന് കാരണമാകുന്നുവെന്ന് ലോകാരോഗ്യസംഘടനയുടെ പഠനത്തെ കൂടി കണക്കിലെടുത്തായിരുന്നു കേന്ദ്രസർക്കാർ നടപടി. 2020 ജൂൺ മുതൽ 2021 മാർച്ച് വരെ 32,645 പേരാണ് വിവരങ്ങൾ നൽകിയത്. 25 സംസ്ഥാനങ്ങളിൽ നിന്നും അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായി എത്തിയ അപേക്ഷകളിൽ 8460 ആണ് കേരളത്തിൽ നിന്ന് ലഭിച്ചത്. പശ്ചിമബംഗാളിൽ നിന്നാണ് ഏറ്റവുമധികം അപേക്ഷകൾ എത്തിയത് -9764. വളർത്താനെത്തിക്കുന്ന ജീവികളിൽ പലതിനെയും പിൽക്കാലത്ത് ഉടമകൾ പരിസരത്ത് തുറന്ന് വിടുന്നത് ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ചുവന്ന ചെവിയൻ ആമകൾ മുതൽ പിരാനയും ആഫ്രിക്കൻ മുഷിയും വരെ ഇത്തരത്തിൽ വളർത്താനെത്തിച്ചവയിൽ നിന്ന് പുറത്തെത്തിയവയാണെന്നാണ് നിഗമനം. വളർത്താനെന്നപേരിൽ അനധികൃതമായി വിദേശരാജ്യങ്ങളിൽ നിന്ന് കടത്തിയെത്തിക്കുന്ന ജീവികളിലൂടെ മാരക രോഗങ്ങളടക്കം പകരാനുള്ള സാധ്യതയുമേറെയാണ്. ജീവികളുടെ ശരീരത്തെ പരാദങ്ങൾ, സൂക്ഷ്മാണുക്കൾ എന്നിവ സംബന്ധിച്ച് കാര്യമായ മുൻകരുതലുകളൊന്നുമില്ലാതെയാണ് ഇവയെ വിപണികളിൽ എത്തിക്കുന്നത്. ഓമനമൃഗങ്ങളെന്ന് പേരിട്ടുവിളിക്കുന്ന അധിനിവേശ മൃഗങ്ങൾ ഭാവിയിൽ ആവാസവ്യവസ്ഥയിൽ കാര്യമായ ചലനമുണ്ടാക്കാൻ തക്കതാണെന്ന് അനിമൽ ഡിസീസ് കണ്ട്രോൾ പ്രൊജക്റ്റ് പാലക്കാട് ജില്ല എപിഡമോളജിസ്റ്റ് ഡോ. ജോജു ഡേവിസ്, ഡോ. ദിലീപ് ഫൽഗുണൻ എന്നിവർ പറഞ്ഞു. മറ്റൊരു പരിസ്ഥിതിയിൽ ഇണങ്ങിയ ജീവി പുതിയ ഇടത്തിലെത്തുമ്പോൾ പുതിയ രോഗങ്ങളും വൈറസുകളും എത്താൻ സാധ്യതയുണ്ട്. എന്നാൽ ഇതുസംബന്ധിച്ച് ക്രോഡീകരിച്ച വിവരങ്ങൾ ലഭ്യമല്ലെന്നും ഇരുവരും 'മാധ്യമ'ത്തോട് പറഞ്ഞു. -ബിനോയ് തോമസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.