വിരമിക്കൽ പ്രായം സ്വയം തിരുത്തൽ: ഡോക്ടർമാരെ 'തിരുത്തി' ഹോമിയോപ്പതി ഡയറക്​ടറുടെ​ സർക്കുലർ

സ്പാർക്​ സോഫ്​റ്റ്​വെയറിൽ അനുമതി കൂടാതെ തിരുത്തൽ വരുത്തരുതെന്ന്​ ഡയറക്ടർ സമൂർ നൈസാൻ മലപ്പുറം: സർവിസ്​ ശമ്പള സോഫ്​റ്റ്​വെയറായ സ്പാർകിൽ ബന്ധപ്പെട്ട വകുപ്പിന്‍റെ അനുമതി കൂടാതെ തിരുത്തൽ വരുത്തരുതെന്ന് നിർദേശിച്ച്​​ ഹോമിയോ ഡയറക്ടറുടെ സർക്കുലർ​. വിരമിക്കൽ തീയതി 2022​ മേയ്​ 31 ആയ ഹോമിയോ വകു​പ്പിലെ ചില ഡോക്ടർമാർ സ്വന്തം നിലക്ക്​ ശമ്പള സോഫ്​റ്റ്​വെയറിൽ വിരമിക്കൽ പ്രായം 56ൽനിന്ന്​ 60 ആക്കിയത്​ ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ്​ ഉത്തരവ്​. സ്വയം തിരുത്തൽ ഗുരുതര വീഴ്ചയായി കണ്ട്​ അതുനിർത്തിവെക്കാനാണ്​ ജില്ല മെഡിക്കൽ ഓഫിസർമാർക്ക്​ നിർദേശം നൽകിയത്​. ആയുഷ് മെഡിക്കൽ ഓഫിസർമാരുടെ പെൻഷൻ പ്രായം 60 ആക്കാനുള്ള കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ വിധി വന്നതിന്​ പിന്നാലെയാണ്​ ചില ഡോക്ടർമാർ സോഫ്​റ്റ്​വെയറിൽ ​വിരമിക്കൽ പ്രായം തിരുത്തിയത്​. പെൻഷൻ പ്രായം വർധിപ്പിക്കുന്നത്​ സർക്കാറിന്‍റെ തീരുമാനമായതിനാൽ ഇതുസംബന്ധിച്ച്​ സർക്കാർ ഉത്തരവ്​ പുറപ്പെടുവിക്കേണ്ടതുണ്ട്​. ട്രൈബ്യൂണൽ വിധിക്കെതിരെ സംസ്ഥാന സർക്കാർ കോടതിയെ സമീപിക്കുക കൂടി ചെയ്ത സാഹചര്യത്തിൽ ഡോക്ടർമാരുടെ നടപടി ശരിയല്ലെന്നാണ്​ ആക്ഷേപം. മേയ്​ 11നാണ് വിരമിക്കൽ പ്രായം ഉയർത്തിയുള്ള​ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ വിധിവന്നത്​. ഹോമിയോപ്പതി വകുപ്പിലെ ഒഴിവുകൾ കൃത്യമായ റിപ്പോർട്ട്​ ചെയ്യാത്തതും നിയമനങ്ങൾ വൈകുന്നതും നിലവിൽ റാങ്ക്​ ലിസ്റ്റിലുള്ള ഉദ്യോഗാർഥികളെ ആശങ്കയിലാക്കുന്നുണ്ട്​. ഹോമിയോപ്പതി വകുപ്പിൽ കഴിഞ്ഞവർഷങ്ങളിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്​ത്​ നിയമനം നടത്തിയിട്ടില്ല. ട്രൈബ്യൂണൽ വിധിയിൽ 2021 ആഗസ്​റ്റ്​​ മൂന്ന്​ മുതൽ വിരമിച്ചവർക്ക് മുൻകാല പ്രാബല്യം നൽകിയിട്ടുള്ളതിന്‍റെ പേരിൽ 2022 മേയ്​ 31 വരെയുള്ള ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ തടഞ്ഞുവെച്ചിരിക്കുകയാണെന്ന്​​​ ആരോപണമുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.