ക്ഷേത്രങ്ങളിൽ മോഷണം: രണ്ടുപേർ പിടിയിൽ

മേലാറ്റൂര്‍: ക്ഷേത്രങ്ങളിൽ​ മോഷണം നടത്തിയ കേസിൽ രണ്ടുപേരെ പൊലീസ് പിടികൂടി. മേലാറ്റൂര്‍ ഓലപ്പാറ സ്വദേശി കുറുക്കന്‍ വീട്ടിൽ മന്‍സൂര്‍ (35), എടപ്പറ്റ അമ്പായപ്പറമ്പില്‍ സ്വദേശി കുണ്ടില്‍ അബ്ദു (56) എന്നിവരാണ് അറസ്റ്റിലായത്. മേലാറ്റൂർ പടിഞ്ഞാറേക്കര അയ്യപ്പക്ഷേത്രത്തിലും കോവിലകംപടി വെണ്‍മാടത്തിങ്ങല്‍ ബാലശാസ്ത ക്ഷേത്രത്തിലും മോഷണം നടത്തിയ കേസിലാണ് അറസ്റ്റ്. മേലാറ്റൂര്‍ സി.ഐ സി.എസ്. ഷാരോണ്‍, എസ്.ഐ ഷിജോ തങ്കച്ചന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. ക്ഷേത്ര ഭണ്ഡാരത്തിന്‍റെയും ഓഫിസ് മുറിയുടെയും പൂട്ടുതകര്‍ത്ത് പണവും അമ്പതിലധികം നിലവിളക്കുകളും ഓടിന്‍റെ ഉരുളി, ചട്ടുകം തുടങ്ങി 37,000ത്തോളം രൂപയുടെ സാമഗ്രികളും മോഷണം പോയതായി ക്ഷേത്രഭാരവാഹികള്‍ ബുധനാഴ്ച രാവിലെ മേലാറ്റൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൂജാരി രാവിലെ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. തുടര്‍ന്ന് മേലാറ്റൂര്‍ ടൗണിലും പരിസരങ്ങളിലുമുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും മുമ്പ്​ ഇത്തരം കേസുകളില്‍ ഉൾപ്പെട്ടവരെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തില്‍ പ്രതികളെ തിരിച്ചറിയുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. മോഷണം പോയ വിളക്കുകളും ഉരുളികളുമടക്കം മുഴുവന്‍ സാധനങ്ങളും ചാക്കിലാക്കി ഒളിപ്പിച്ച നിലയില്‍ റെയില്‍വേ സ്റ്റേഷനുസമീപത്തെ പഴയ കെട്ടിടത്തില്‍നിന്ന് പൊലീസ് കണ്ടെടുത്തു. മറ്റുക്ഷേത്രങ്ങളില്‍ നടന്ന മോഷണങ്ങളില്‍ പ്രതികള്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും ആവശ്യമെങ്കില്‍ കസ്റ്റഡിയില്‍ വാങ്ങുമെന്നും പൊലീസ് പറഞ്ഞു. എസ്.ഐ സതീഷ്​ കുമാര്‍, സി.പി. മുരളീധരന്‍, പ്രശാന്ത് പയ്യനാട്, എം. മനോജ്കുമാര്‍, എന്‍.ടി. കൃഷ്ണകുമാര്‍, കെ. ദിനേഷ്, കെ. പ്രഭുല്‍, സുര്‍ജിത്ത്, ഐ.പി. രാജേഷ്, നിഥിന്‍ ആന്‍റണി, വനിത എ.എസ്.ഐ അനിത എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പടം mpg mltr 1 temple : ക്ഷേത്രങ്ങളിൽ കവർച്ച നടത്തിയ കേസിൽ മേലാറ്റൂർ പൊലീസ് അറസ്റ്റ് ചെയ്ത അബ്ദു (ഇടത്), മൻസൂർ എന്നിവർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.