കടകളിൽ മലിനജലം കയറിയ സംഭവം: വ്യാപാരികൾ നിവേദനം നൽകി

പൂക്കോട്ടുംപാടം: കനത്ത മഴയെ തുടർന്ന് പൂക്കോട്ടുംപാടം അങ്ങാടിയിലെ കടകളിൽ അഴുക്കുചാലിലെ മലിനജലം കയറിയ സംഭവത്തിൽ നിവേദനവുമായി വ്യാപാരികൾ പഞ്ചായത്ത് അധികൃതരെ കണ്ടു. വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായാണ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.ബി. ഷാജുവിനെ കണ്ടത്. മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായി പൂക്കോട്ടുംപാടം അങ്ങാടിയിൽ ഓവുപാലം നിർമാണം നടക്കുന്നതിനാൽ കാളികാവ് റോഡിലേക്കുള്ള അഴുക്കുചാൽ അടയുകയും നിലമ്പൂർ ഭാഗത്തേക്ക് കൂടുതൽ വെള്ളം ഒഴുകിയെത്തിയതുമാണ് കടകളിലേക്ക് മലിനജലം കയറുന്നതിന് ഇടയാക്കിയത്. സെക്രട്ടറി മലയോര പാത നിർമാണം നടത്തുന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റിങ്​ സൊസൈറ്റി അധികൃതരെ ബന്ധപ്പെട്ട്​ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കുമെന്ന് വ്യാപാരികളെ അറിയിച്ചു. തുടർന്ന് വ്യാപാരികൾ മലയോരപാത നിർമാണ തൊഴിലാളികളുമായും സംസാരിച്ചു. ഓവുപാലം നിർമിച്ച ഭാഗത്ത് ഉടൻ സ്ലാബുകൾ സ്ഥാപിച്ച് കാളികാവ് ഭാഗത്തേക്കുള്ള അഴുക്കുചാൽ തുറന്ന് വെള്ളക്കെട്ട് ഒഴിവാക്കാമെന്ന് തൊഴിലാളികൾ വ്യാപാരികൾക്ക് ഉറപ്പ് നൽകി. വ്യാപാരികളായ ബി.എസ്. ബാബു, യൂനുസ് ഷൈൻ ഷോപ്പി, ജുറൈദ്, ഷാജി, ആഷിഖ് കബീർ, നബീൽ എന്നിവരാണ് സെക്രട്ടറിയെ കണ്ടത്. ഫോട്ടോppm1 പൂക്കോട്ടുംപാടത്ത് വ്യാപാരികൾ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.