മുഹമ്മദ് റാഫി
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സയിലുള്ള വിദ്യാർഥിക്ക് എം.ഡി.എം.എ എത്തിച്ചുകൊടുക്കുന്നതിനിടെ 18കാരൻ പിടിയിൽ. തിരുവമ്പാടി സ്വദേശി തടായിൽ വീട്ടിൽ മുഹമ്മദ് റാഫിയെയാണ് മെഡിക്കൽ കോളജ് പൊലീസ് പിടികൂടിയത്. ബുധനാഴ്ചയാണ് സംഭവം.
ചികിത്സയിലുള്ള പ്രായപൂർത്തിയാവാത്ത വിദ്യാർഥിക്ക് ഭക്ഷണം കൊടുക്കാനെന്ന വ്യാജേന സുഹൃത്തായ പ്രതി ആശുപത്രിയിൽ എത്തിയതായിരുന്നു. സുരക്ഷ ജീവനക്കാർ പ്രതി കൊണ്ടുവന്ന ഭക്ഷണ കവർ പരിശോധിക്കുന്നതിനിടെ കവറിൽനിന്ന് സിറിഞ്ച് കണ്ടതിനെ തുടർന്ന് പൊലീസിനെ വിവരമറിയിച്ചു. മെഡിക്കൽ കോളജ് പോലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് 0.09 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്.
ബംഗളൂരുവിൽനിന്ന് ലഹരി എത്തിക്കുന്ന സംഘങ്ങളിൽനിന്ന് ചില്ലറ വിൽപനക്കായി എം.ഡി.എം.എ വാങ്ങി മുക്കം, തിരുവമ്പാടി, ഓമശ്ശേരി, കൊടുവള്ളി എന്നിവിടങ്ങളിലെ സ്കൂൾ, കോളജുകൾ കേന്ദ്രീകരിച്ച് വിദ്യാർഥികൾക്കിടയിൽ മയക്കുമരുന്ന് വിൽപന നടത്തുന്ന സംഘത്തിലെ കണ്ണിയാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. ലഹരി ഉപയോഗിക്കുന്നതിനാവശ്യമായ തുക കണ്ടെത്തുന്നതിനായാണ് വിൽപനക്കണ്ണിയുടെ ഭാഗമായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.