കോഴിക്കോട്: പകൽ സമയങ്ങളിൽ വാടകക്കെടുത്ത കാറുകളിൽ കറങ്ങി മോഷണം നടത്തുന്ന യുവാവ് പിടിയിൽ. കൊടുവള്ളി കിഴക്കോത്ത് സ്വദേശി മഖ്സൂസ് ഹാനൂകിനെ (35)യാണ് ഡി.സി.പി അരുൺ കെ. പവിത്രന്റെ കീഴിലുള്ള സിറ്റി ക്രൈം സ്ക്വാഡും ഇൻസ്പെക്ടർ ബൈജു കെ. ജോസിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ കോളജ് പൊലീസും ചേർന്ന് പിടികൂടിയത്.
കഴിഞ്ഞ മാസം കോവൂരിലെ ഫ്ലാറ്റിൽ നിന്ന് മടവൂർ സ്വദേശിയുടെ ലാപ്ടോപ്പും ടാബും മോഷണം നടത്തിയ കേസിലാണ് പ്രതി അറസ്റ്റിലായത്. സി.സി.ടി.വി പരിശോധിച്ചും മറ്റു ശാസ്ത്രീയ അന്വേഷണത്തിലൂടെയും പ്രതിയെ പൊലീസിന് മനസ്സിലായിരുന്നു. എന്നാൽ, മോഷ്ടിച്ച ലാപ്ടോപ്പും ടാബും അന്നുതന്നെ കോഴിക്കോട് ടൗണിൽ വിൽപന നടത്തി പ്രതി ചെന്നൈയിലേക്ക് കടന്നു. ദിവസങ്ങൾക്കുമുമ്പ് ചെന്നൈയിൽ നിന്നു മഹീന്ദ്ര താർ കാർ വാടകക്കെടുത്ത് കേരളത്തിലെത്തിയ ഇയാൾ തമിഴ്നാട്ടിൽനിന്ന് കബളിപ്പിച്ച് കൈക്കലാക്കിയ ഫോണും കൊപ്പം ഭാഗത്തുനിന്നും വിലകൂടിയ ഐ ഫോണും അന്തർ സംസ്ഥാന തൊഴിലാളിയുടെ മറ്റൊരു ഫോണും മോഷ്ടിച്ച് കോഴിക്കോട് വിൽപന നടത്താൻ വരുകയായിരുന്നു. സിറ്റി ക്രൈം സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് പിന്തുടർന്നാണ് ഇയാളെ പിടികൂടിയത്. ഇയാളിൽ നിന്ന് ആറോളം ഫോണുകൾ കണ്ടെടുത്തു.
വിവിധ സ്റ്റേഷനുകളിൽ പോക്സോ, കളവു കേസുകൾ ഇയാളുടെ പേരിലുണ്ട്. മെഡിക്കൽ കോളജ് എസ്.ഐ ഇ.കെ. ഷാജി, അസി. സബ് ഇൻസ്പെക്ടർ ഫിറോസ് പുൽപറമ്പിൽ, ക്രൈം സ്ക്വാഡ് അസി. സബ് ഇൻസ്പെക്ടർ ഹാദിൽ കുന്നുമ്മൽ, ഷാഫി പറമ്പത്ത്, ഷഹീർ പെരുമണ്ണ, ജിനേഷ് ചൂലൂർ, രാകേഷ് ചൈതന്യം, സൈബർ സെൽ എസ്.സി.പി.ഒ എൻ. ലിനിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.