കോഴിക്കോട്: മാനാഞ്ചിറ സ്ക്വയറിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ സിറിഞ്ച് ഉപയോഗിച്ച് കുത്തുകയും, ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതികളായ കോഴിക്കോട് പുതിയോടത്ത് വീട്ടിൽ ബെന്നി ലോയ്ഡ് (48), പരപ്പിൽ സ്വദേശി ദുക്കിർ മൻസിലിൽ രജാദ് ( 38 ), രാമനാട്ടുകര സ്വദേശി തട്ടായതാഴത്ത് പറമ്പ് വീട്ടിൽ നന്ദകുമാർ (25), ചാലപ്പുറം കോട്ടപ്പറമ്പ് സ്വദേശി കോയിക്കൽ പറമ്പ് വീട്ടിൽ അദ്നുൽ ഷാഹിം (22 ) എന്നിവരെ ടൗൺ പൊലീസും, സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടി .
ശനിയാഴ്ച വൈകുന്നേരം മുതൽ മാനാഞ്ചിറ സ്ക്വയറിൽ മെയിൻ ഗേറ്റിനു സമീപം ടൗൺ പൊലീസിനൊപ്പം എം.എസ്.പി സേനാംഗങ്ങൾ ആയ വിശാഖ്, ആദർശ് എന്നിവർ ഡ്യൂട്ടി ചെയ്തു വരികയായിരുന്നു. രാത്രി 07.40 ഓടെ മാനാഞ്ചിറ സ്ക്വയറിനുള്ളിൽ വെച്ച് പണപ്പിരിവ് നടത്തുന്നുണ്ട് എന്ന് പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പരിശോധനക്കെത്തി. സ്ക്വയറിനുള്ളിലെ ശുചിമുറിക്ക് സമീപത്തായുള്ള മരത്തറയിൽ ഇരിക്കുകയായിരുന്ന പ്രതികളോട് അവിടെ നിന്നും പോകാൻ പൊലീസ് ആവശ്യപ്പെട്ടപ്പോഴാണ് അക്രമം ഉണ്ടായത്. പ്രതികൾ പൊലീസിനെ വെല്ലുവിളിക്കുകയും പ്രതികരിച്ച പ്രതികളെ മാറ്റാൻ ശ്രമിക്കുന്നതിനിടെ ഒരാൾ കൈയിലിരുന്ന സിറിഞ്ച് ഉപയോഗിച്ച് ആദർശ് എന്ന പൊലീസുകാരന്റെ വലതു കൈപ്പത്തിയുടെ മുകൾഭാഗത്ത് കുത്തുകയും പ്രതികൾ ഓടി രക്ഷപ്പെടുകയും ചെയ്തു. പരിക്കേറ്റ പൊലീസുകാരനെ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സക്ക് വിധേയനാക്കി.
സിറ്റി പൊലീസ് കമീഷണറുടെ നിർദേശപ്രകാരം സിറ്റി ക്രൈം സ്ക്വാഡും ടൗൺ പൊലീസും ചേർന്ന് പ്രതികൾക്കായി ഊർജിത തിരച്ചിൽ നടത്തിയാണ് നഗരത്തിലെ വിവിധയിടങ്ങളിൽ വെച്ച് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
ഇവർ സ്ഥിരം മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്നും, പിടിച്ചുപറി, മോഷണം തുടങ്ങി നിരവധി കേസുകളിൽ പ്രതികളാണെന്നും പൊലീസ് പറഞ്ഞു. പ്രതികളായ ബെന്നി ലോയ്ഡിന് മയക്കുമരുന്ന് ഉപയോഗിച്ചതിനും മയക്കുമരുന്ന് വിൽപന നടത്തിയതിനും മോഷണക്കേസിലും, പിടിച്ചുപറി നടത്തിയതിനും മറ്റുമായി 25 ഓളം കേസുകൾ നിലവിലുണ്ട്. കൂടാതെ രജാദിനും നന്ദകുമാറിനും അദ്നുൽ ഷാഹിമിനും മയക്കുമരുന്ന് ഉപയോഗിച്ചതിനും വിൽപന നടത്തിയതിനും ബൈക്ക് മോഷണം നടത്തിയതിനും പിടിച്ചുപറി നടത്തിയതിനും അടിപിടി നടത്തിയതിനും മറ്റുമായി നിരവധി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ കെ. അബ്ദുറഹ്മാൻ, അനീഷ് മുസ്സേൻവീട്, ഹാദിൽ കുന്നുമ്മൽ, രാകേഷ് ചൈതന്യം, ഷഹീർ പെരുമണ്ണ, ജിനീഷ് ചൂലൂർ, ടൗൺ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ധനഞ്ജയദാസിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ വിഷ്ണു, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ നിറാസ്, രജീഷ്, സുമീജ്, അരുൺ കുമാർ, വിജീഷ്, സിവിൽ പൊലീസ് ഓഫിസർമാരായ നൈജിഷ് പ്രഭു എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.