സാന്ത്വന പരിചരണ രംഗത്ത് അത്താണി മാതൃക; 20-ാം വാർഷികത്തിൽ 20 കോടിയുടെ പദ്ധതികളുമായി നരിക്കുനി അത്താണി
നരിക്കുനി: ആധുനിക മെഡിക്കൽ രംഗം സാങ്കേതികമായി എത്രതന്നെ മുന്നേറിയാലും വിട്ടുമാറാത്ത രോഗങ്ങളാൽ തളരുന്ന മനുഷ്യർക്ക് ഒടുവിൽ ആവശ്യം വരുന്നത് സ്നേഹത്തോടെയുള്ള സ്പർശനവും സാന്ത്വനവുമാണ്. ഈ യാഥാർഥ്യത്തെ 20 വർഷത്തെ നിരന്തരമായ കാരുണ്യ പ്രവർത്തനത്തിലൂടെ തെളിയിച്ച സംരംഭമാണ് ജില്ലയിലെ നരിക്കുനിയിൽ പ്രവർത്തിക്കുന്ന ''അത്താണി'' എന്ന ജീവകാരുണ്യ സംരംഭം. 2005 ആഗസ്റ്റിൽ ചെറിയ മുറിയിൽ ഏതാനും രോഗികളുമായി തുടങ്ങിയ കൂട്ടായ്മ, ഇന്ന് അതിന്റെ 20 ആം വാർഷിക സമാപനത്തിലേക്ക് എത്തുമ്പോൾ കേരളത്തിലെ ജനകീയ പാലിയേറ്റീവ് പ്രസ്ഥാനങ്ങളുടെ ചരിത്രത്തിലെ ഒരു സുവർണ അധ്യായമായി മാറിയിരിക്കുന്നു.
2005-ൽ എൻ.ഐ.സി നരിക്കുനി സൗജന്യമായി നൽകിയ ചെറിയ മുറിയിലാണ് അത്താണി എന്ന ആശയം വിരിയുന്നത്. രോഗബാധിതരും പക്ഷാഘാതം വന്ന് കിടപ്പിലായവരുമായ മനുഷ്യർക്ക് മെഡിക്കൽ സഹായവും മാനസിക പിന്തുണയും നൽകുക എന്നതായിരുന്നു ലക്ഷ്യം. ഇന്ന്, 20 വർഷങ്ങൾക്കിപ്പുറം സാന്ത്വന കേന്ദ്രം മാത്രമല്ല, വിപുലമായ ഡയാലിസിസ് യൂനിറ്റ്, പുനരധിവാസ കേന്ദ്രം, വീടുകളിലെത്തി പരിചരണം നൽകുന്ന ഹോം കെയർ സംവിധാനങ്ങൾ എന്നിവയുൾപ്പെടെ 50ലധികം ജീവനക്കാരും 400 ലധികം വളന്റിയർമാരുമുള്ള വലിയ പ്രസ്ഥാനമായി അത്താണി വളർന്നു കഴിഞ്ഞു. 28ാം വയസ്സിൽ മരത്തിൽ നിന്നു വീണ് നട്ടെല്ല് തകർന്ന് ഒറ്റപ്പെട്ടുപോയ രാജൻ എന്ന വ്യക്തിയെ ആദ്യ അന്തേവാസിയായി ഏറ്റെടുത്തുകൊണ്ട് തുടങ്ങിയ പുനരധിവാസ യാത്ര ഇന്നും അനേകർക്ക് തണലാവുകയാണ്.
അഗതി മന്ദിരം, ഡയാലിസിസ് സെന്റർ, ഫിസിയോതെറപ്പി സെന്റർ, സ്പീച്ച് തെറപ്പി, സൈക്യാട്രി ഡേ കെയർ, പാലിയേറ്റീവ് കെയർ തുടങ്ങി ഒട്ടനവധി കാരുണ്യ വിഭാഗങ്ങൾ ഈ കൂട്ടായ്മക്ക് കീഴിൽ പ്രവർത്തിക്കുന്നു. നിലവിൽ നരിക്കുനിയിലും അതിന്റെ പരിസരപ്രദേശങ്ങളിലുമുള്ള 700 ഓളം രോഗികൾക്കാണ് അത്താണി നേരിട്ട് പാലിയേറ്റീവ് പരിചരണം നൽകുന്നത്. ഇതിനുപുറമെ നൂറോളം പാരാപ്ലീജിയ (തളർവാതം) ബാധിതർക്കും 80 ഓളം മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കും 78 കിഡ്നി രോഗികൾക്കും ഇവിടെ കൃത്യമായ ചികിത്സയും പരിചരണവും ഉറപ്പാക്കുന്നുണ്ട്. രോഗബാധയെത്തുടർന്ന് കുടുംബം പ്രതിസന്ധിയിലായതോടെ വിദ്യാഭ്യാസം മുടങ്ങിപ്പോയ കുട്ടികളെ കണ്ടെത്തി അവർക്ക് പഠനസൗകര്യങ്ങൾ തിരികെ നൽകാൻ അത്താണി മുൻകൈ എടുക്കുന്നു. നരിക്കുനിയിലേയും പരിസര പ്രദേശങ്ങളിലേയും കിഡ്നി രോഗികളുടെ പ്രയാസങ്ങൾ മനസ്സിലാക്കി 2019 മുതൽ ആരംഭിച്ച അത്താണിയുടെ ഡയാലിസിസ് സെന്റർ നിലവിൽ 17 ഡയാലിസിസ് മെഷീനുകളോടെയാണ് പ്രവർത്തിക്കുന്നത്. രണ്ടു ഡോകടർമാരുടെയും 17 ടെക്നിഷ്യൻമാരുടെയും നേതൃത്വത്തിൽ മൂന്നു ഷിഫ്റ്റുകളിലായി 78 രോഗികൾക്ക് ഇവിടെ ഡയാലിസിസ് നൽകുന്നു.
അത്താണിയുടെ 20-ാം വാർഷിക സമാപന സമ്മേളനവും അത്താണി സന്ദർശനവും ഒക്ടോബർ 22, 23, 24, 25 തീയതികളിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ വി.പി. അബ്ദുൽ ഖാദർ മാസ്റ്റർ, മുനീർ കാരക്കുന്നത്ത്, നഫ്സൽ പുന്നശ്ശേരി, കെ. കബീർ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. അത്താണിയുടെ സ്വപ്ന പദ്ധതിയായ 20 കോടിയുടെ ഹാർമണി വില്ലേജ് പദ്ധതി അവതരണവും പരിപാടിയിൽ ഉണ്ടാകും. വയോജനങ്ങൾ, ഭിന്നശേഷിക്കാർ, ദീർഘകാല രോഗികൾ, പുനരധിവാസം ആവശ്യമുള്ളവർ, ആശ്രയമില്ലാത്തവർ എന്നിവർക്കായി സമഗ്ര പരിചരണവും സുരക്ഷിത ജീവിത സാഹചര്യവും ഉറപ്പാക്കുന്ന മാതൃകാ സംരംഭമാണ് ഹാർമണി വില്ലേജ് പദ്ധതി. പ്രതിമാസം 25 ലക്ഷം രൂപയാണ് അത്താണിയുടെ പ്രവർത്തനങ്ങൾക്കു ആവശ്യമായ ചെലവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.