കൽപറ്റ: തൊഴിലിടങ്ങളില്‍ വനിത പ്രാതിനിധ്യം വർധിപ്പിക്കാന്‍ 5000 പേര്‍ക്ക് തൊഴില്‍ നൽകാൻ കൈകോര്‍ത്ത് വിജ്ഞാന കേരളവും കുടുംബശ്രീയും. തൊഴില്‍ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉയര്‍ത്തുന്നതിനൊപ്പം ഓരോ അയല്‍ക്കൂട്ട കുടുംബങ്ങള്‍ക്കും വരുമാനം വര്‍ധിപ്പിക്കാന്‍ കൂടി ലക്ഷ്യമിട്ട് പുത്തന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം. വിജ്ഞാന കേരളം കാമ്പയിനിലൂടെ തൊഴില്‍ സന്നദ്ധരായ കുടുംബശ്രീ അംഗങ്ങള്‍ക്ക് നൈപുണി പരിശീലനം നല്‍കും.
ഓരോ സി.ഡി.എസ് പരിധിയിലും വിവിധ മേഖലകളിലെ തൊഴില്‍ സാധ്യതകള്‍ കണ്ടെത്തി തൊഴിലന്വേഷകര്‍ക്ക് പരിശീലനങ്ങള്‍ ആസൂത്രണം ചെയ്യുകയാണ് കുടുംബശ്രീ. കാമ്പയിനിന്റെ ആദ്യഘട്ടത്തില്‍ സെപ്റ്റംബറോടെ ഒരു ലക്ഷം ആളുകള്‍ക്ക് വേതനാധിഷ്ഠിത തൊഴില്‍ ലഭ്യമാക്കാനാണ് വിജ്ഞാനകേരളം മുഖേന കുടുംബശ്രീ ലക്ഷ്യമിടുന്നത്. ജില്ലയിലെ ഓരോ സി.ഡി.എസിലും 170 മുതല്‍ 200 പേര്‍ക്ക് ജോലി ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ സി.ഡി.എസുകളിലും വാര്‍ഡുതല പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.
കുടുംബശ്രീകളില്‍ പ്രവര്‍ത്തിക്കുന്ന അഭ്യസ്തവിദ്യരുടെ വിവരങ്ങള്‍ കണ്ടെത്തി ജോലി ആവശ്യമുള്ളവരുടെ വിവരശേഖരണം നടത്തി പ്രാദേശിക തൊഴിലവസരങ്ങള്‍ കണ്ടെത്തി നല്‍കും. തൊഴില്‍ സാധ്യതകള്‍ കണ്ടെത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയില്‍ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റ്, പെട്രോള്‍ പമ്പ്, ഹോട്ടല്‍, വ്യവസായ സ്ഥാപനങ്ങള്‍, കുടുംബശ്രീ സംരംഭങ്ങള്‍ തുടങ്ങിയവയുടെ വിവരങ്ങള്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ തയാറാക്കും.
തൊഴില്‍ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് കണ്ടെത്തുന്ന ഒഴിവുകള്‍ പോര്‍ട്ടലില്‍/ഗൂഗിള്‍ ഫോമില്‍ രേഖപ്പെടുത്തും. ജോബ് റോള്‍, എണ്ണം, ശമ്പളം, യോഗ്യത എന്നിവ തദ്ദേശ സ്ഥാപനതല ഒഴിവുകളായി പ്രസിദ്ധപ്പെടുത്തും. അയല്‍ക്കൂട്ടതലങ്ങളില്‍ നിന്നും യോഗ്യരായവരെ കണ്ടെത്തി പട്ടിക തയാറാക്കല്‍, തൊഴില്‍ ദാതാക്കളെയും ആവശ്യക്കാരെയും ബന്ധിപ്പിക്കല്‍, തൊഴില്‍ ദാതാക്കളുടെയും തൊഴില്‍ ലഭിച്ചവരുടെയും വിവരങ്ങള്‍ വിജ്ഞാന കേരളം എം.ഐ.എസില്‍ അപ്ഡേറ്റ് ചെയ്യല്‍, ത്രിതലപഞ്ചായത്ത് തലത്തില്‍ സംഘടിപ്പിക്കുന്ന തൊഴില്‍ മേളകളുമായി സഹകരിക്കല്‍, കുടുംബശ്രീ അംഗങ്ങളെ പങ്കെടുപ്പിച്ച് ജോലി ലഭ്യമാക്കല്‍ എന്നിവയാണ് കാമ്പയിനിലൂടെ ലക്ഷ്യമാക്കുന്നത്.
കുടുംബശ്രീ ഉൽപന്നങ്ങള് ഇനി ഓണ്‍ലൈനായി
കൽപറ്റ: ഓണം കളറാക്കാന്‍ ആവശ്യമായതെല്ലാം പോക്കറ്റ്മാര്‍ട്ടിലൂടെ വീട്ടിലെത്തും. കുടുംബശ്രീ ഉൽപന്നങ്ങള് ഇനി ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാം. കുടുംബശ്രീ ഉൽപന്നങ്ങള് ഒരു കുടക്കീഴിൽ അണിനിരത്തി ഓണ്‍ലൈന്‍ വിപണന സാധ്യതകള്‍ ഉറപ്പാക്കുന്ന പോക്കറ്റ് മാര്‍ട്ട് ആഗസ്റ്റ് ആദ്യ വാരം പ്രവര്‍ത്തനമാരംഭിച്ചു. 799 രൂപയുടെ ഓണക്കിറ്റാണ് ഓണ്‍ലൈനായി ആവശ്യക്കാരിലേക്ക് എത്തിക്കുന്നത്. ചിപ്സ്, ശര്‍ക്കര വരട്ടി, മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പൊടി, മസാലപ്പൊടികള്‍, അച്ചാറുകള്‍ തുടങ്ങിയ വിവിധ ഇനങ്ങള്‍ കിറ്റില്‍ ഉള്‍പ്പെടുന്നു.
ആദ്യഘട്ടത്തില്‍ ആയിരത്തോളം ഉൽപന്നങ്ങളാണ് ലഭ്യമാക്കുന്നത്. ജില്ലയിലെ കുടുംബശ്രീ സംരംഭകര്‍ തയാറാക്കുന്ന നൂറിലധികം ഉൽപന്നങ്ങള് പോക്കറ്റ്മാര്‍ട്ടിലൂടെ ലഭിക്കും. ജില്ലയിലെ എല്ലാ സി.ഡി.എസുകളും 50 ഓണക്കിറ്റുകള്‍ വീതം തയാറാക്കി. ആകെ 1350 കിറ്റുകളാണ് ഓണ്‍ലൈനായി വില്പനക്ക് ക്യാറാക്കുന്നത്. ഹോം മേഡ് ഉൽപന്നങ്ങള്, സൗന്ദര്യവര്‍ധക വസ്തുക്കള്‍, തുണിത്തരങ്ങള്‍, കുടുംബശ്രീ സംരംഭങ്ങളായ ലഞ്ച് ബെല്‍, ബഡ്സ്, കഫെ, കേരള ചിക്കന്‍, കെ ഫോര്‍ കെയര്‍, ക്വിക്ക് സെര്‍വ്, ഈ-സേവ കേന്ദ്ര, കണ്‍സ്ട്രക്ഷന്‍ യൂനിറ്റ് തുടങ്ങിയ സേവനങ്ങളും സ്റ്റോറില്‍ ലഭിക്കും. പോക്കറ്റ്മാര്‍ട്ട് ഓണ്‍ലൈന്‍ സ്റ്റോര്‍ ആപ്പ് പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. സംസ്ഥാനത്ത് എവിടെനിന്നും ഈ ആപ്പിലൂടെ ഓര്‍ഡര്‍ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.