വെസ്റ്റ് ഹിൽ റെയിൽവേ സ്റ്റേഷന്റെ രണ്ടാം വഴിയിൽ യാത്രാദുരിതം
കോഴിക്കോട്: വെസ്റ്റ് ഹിൽ റെയിൽവേ സ്റ്റേഷന്റെ രണ്ടാം പ്രവേശനവഴി യാത്രക്കാർക്ക് ദുരിതമാകുന്നു. ദിവസവും നൂറുകണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന ഈ വഴിയിൽ നടപ്പാതയിൽ പാകുന്നതിനായി ഇറക്കിയ സിമന്റ് കട്ടകൾ വഴിയിൽ കൂട്ടിയിട്ടിരിക്കുകയാണ്.
മേൽപ്പാലം ഇറങ്ങിയ ശേഷം ഏകദേശം 5 മീറ്റർ മുന്നോട്ട് പോയാൽ വീണ്ടും രണ്ടടി മാത്രം വീതിയുള്ള ഇടുങ്ങിയ വഴിയിലൂടെയാണ്* യാത്രക്കാർ പുറത്തെ റോഡിലെത്തേണ്ടത്. സമീപത്തെ ഗോഡൗണിന് അരികിലുള്ള റെയിൽവേ ട്രാക്ക് ഭാഗത്ത് കയർ കെട്ടിയിട്ടിരിക്കുന്നതും വഴിയാത്രയ്ക്ക് തടസ്സമാകുന്നു.
കൂടാതെ വഴിയിൽ കല്ലും മുള്ളും നിറഞ്ഞതിനാൽ യാത്രക്കാർ ഏറെ പ്രയാസപ്പെട്ടാണ് റോഡിലെത്തുന്നത്. തിരക്കേറിയ സമയങ്ങളിൽ രണ്ടടി മാത്രം വീതിയുള്ള വഴിയിലൂടെ യാത്രക്കാർക്ക് കടന്നുപോകുന്നത് ഏറെ ബുദ്ധിമുട്ടാണ്.
സ്ത്രീകൾ, കുട്ടികൾ, വയോധികർ തുടങ്ങിയവർക്ക് പ്രത്യേകിച്ച് പ്രയാസകരമായ സാഹചര്യമാണ് നിലവിലുള്ളത്. നടപ്പാതയ്ക്കായി ഇറക്കിയ സിമന്റ് കട്ടകൾ പാകി നിർമാണം എത്രയും വേഗം പൂർത്തിയാക്കുകയും, വഴിയിലെ കല്ലും മുള്ളും നീക്കി സുരക്ഷിതമായ നടപ്പാത ഒരുക്കുകയും വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
കോഴിക്കോട്ടെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ഒന്നായ വെസ്റ്റ് ഹിൽ സ്റ്റേഷന്റെ രണ്ടാം പ്രവേശനവഴിയിലെ ദുരവസ്ഥയ്ക്ക് റെയിൽവേ അധികൃതർ അടിയന്തര പരിഹാരം കാണണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.