ഭക്ഷ്യ വിഷബാധയെന്ന് സംശയം: വടകര ജില്ല ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥിക്ക് ഷിഗല്ലെ
വടകര: ഭക്ഷ്യ വിഷബാധയെന്ന് സംശയത്തെ തുടർന്ന് വടകര ഗവ. ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥിക്ക് ഷിഗല്ലെ. മേപ്പയിൽ എസ്.ബി സ്കൂളിൽ വെള്ളിയാഴ്ച ഉച്ചക്ക് ഭക്ഷണം കഴിച്ച 30 ഓളം വിദ്യാർഥികൾ കഠിനമായ പനിയും ഛർദ്ദിയും ഉണ്ടായതോടെ കഴിഞ്ഞ ദിവസം വടകര ഗവ. ജില്ല ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇതിൽ രണ്ട് വിദ്യാർഥികളെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയും മറ്റുള്ളവർ വീട്ടിലേക്ക് പോകുകയുമുണ്ടായിരുന്നു.
ആശുപത്രിയിൽ ചികിത്സയിലുള്ള രണ്ടുപേരിൽ ഒരാൾക്കാണ് ഷിഗെല്ലെ സ്ഥിരീകരിച്ചത്. വിദ്യാർഥികളിൽ നിന്നും ആരോഗ്യ വകുപ്പ് സാമ്പിളുകൾ എടുത്ത് പരിശോധനക്ക് അയച്ചിരുന്നു. പരിശോധന റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് ഷിഗല്ലെ സ്ഥിരീകരിച്ചത്. വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ വടകര നഗരസഭ ആരോഗ്യ വിഭാഗം സ്കൂളിൽ പരിശോധന നടത്തുകയും കുടിവെള്ളം പരിശോധനക്ക് അയക്കുകയും ചെയ്തിരുന്നു.
ഇതിന്റെ പരിശോധന ഫലം ഇതുവരെ ലഭിച്ചിട്ടില്ല. രോഗത്തിന്റെ ഉറവിടം എവിടെ നിന്നാണെന്ന് സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. വെള്ളിയാഴ്ച ഉച്ചക്ക് ചോറിനൊപ്പം മുട്ട കറിയും തൈരുമാണ് വിദ്യാർഥികൾക്ക് നൽകിയത്. ഇതിൽ എന്തെങ്കിലുമാവാം ഭക്ഷ്യ വിഷ ബാധയുണ്ടാക്കിയതെന്നായിരുന്നു ആരോഗ്യ വകുപ്പിന്റെ പ്രാഥമീക നിഗമനം. ഇതിനിടെയാണ് ഷിഗല്ലെ റിപ്പോർട്ട് ചെയ്തത് ആശങ്കക്കിടയാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.