നാദാപുരം: വിലങ്ങാട് ആദിവാസി കോളനിവാസികളെ പുതിയ സ്ഥലത്തേക്ക് മാറ്റുന്നതിനുള്ള നീക്കങ്ങൾ അന്തിമഘട്ടത്തിൽ. വീട് നിർമാണം ഉടൻ ആരംഭിക്കും. നറുക്കെടുപ്പിലൂടെ താമസസ്ഥലം കണ്ടെത്തിയ 65 കുടുംബങ്ങൾക്കാണ് വിലങ്ങാടിന് സമീപം ഉരുട്ടിയിൽ പുതിയ വീടുകൾ പണിയുന്നത്. സ്ഥലത്തിന്റെ സ്ഥാനം അനുസരിച്ച് 10 സെന്റ് മുതൽ 20 സെന്റ് വരെ ഓരോ കുടുംബത്തിനും റവന്യൂ വകുപ്പ് രജിസ്റ്റർ ചെയ്തുനൽകിയിട്ടുണ്ട്. രജിസ്ട്രേഷൻ നടപടിയിലെ കാലതാമസം നിർമാണ പ്രവർത്തനം വൈകിപ്പിക്കുകയായിരുന്നു. കഴിഞ്ഞ മാർച്ചിൽ ഇ.കെ. വിജയൻ എം.എൽ.എ റവന്യൂ മന്ത്രിയുമായി നടത്തിയ ചർച്ചയിൽ ഭൂമി രജിസ്ട്രേഷന് പ്രത്യേക പദ്ധതി പ്രഖ്യാപിക്കുകയും നടപടിക്രമങ്ങൾ വേഗത്തിലാക്കുകയും ചെയ്തിരുന്നു.
ഊരാളുങ്കൽ സൊസൈറ്റിയാണ് വീടുനിർമാണം ഏറ്റെടുത്തിരിക്കുന്നത്. നിർമാണ വസ്തുക്കൾ സൂക്ഷിക്കാനും തൊഴിലാളികൾക്കുള്ള ഷെഡ് നിർമാണവും സ്ഥലത്ത് ആരംഭിച്ചിട്ടുണ്ട്. അടുത്ത മാർച്ചോടെ പുനരധിവാസം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കാലങ്ങളായി ഇവർ താമസിക്കുന്ന നിലവിലെ സ്ഥലം വിലങ്ങാട് പുഴയോടു ചേർന്നതും അടിസ്ഥാന ആവശ്യങ്ങൾക്ക് വെള്ളം ലഭിക്കുന്ന പ്രകൃത്യായുള്ള ജലസംഭരണിയോടു ചേർന്നുമാണ്. പുതിയ സ്ഥലത്ത് വൈദ്യുതി വിതരണം, കുടിവെള്ള വിതരണം, സംസ്കാരിക കെട്ടിടങ്ങൾ, വായനശാല, റോഡ് എന്നിവയെല്ലാം ഒരുക്കാനാണ് ഉദ്ദേശ്യം. ഇവയെല്ലാം പുതുതായി നിർമിക്കും. 2018ൽ കോളനി പ്രദേശത്തുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് ചുറ്റും അപകടാവസ്ഥയിലായതിനെ തുടർന്നാണ് ജില്ല ഭരണകൂടം പുനരധിവാസ പാക്കേജിന് രൂപം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.