ഉരുളിൽ തകർന്ന ഉരുട്ടി പാലം പുനർനിർമിക്കാത്ത നിലയിൽ
വടകര: വിലങ്ങാട് ഉരുൾപൊട്ടലിന് ഒരാണ്ട് പൂർത്തിയാവുമ്പോഴും ദുരന്തം കടപുഴക്കിയ ഒരുപാട് ജീവിതങ്ങൾ ചോദ്യചിഹ്നമായി അവശേഷിക്കുന്നു. ഇനിയെങ്കിലും സർക്കാർ കണ്ണ് തുറന്ന് കാണണം പുറമ്പോക്കിലേക്ക് വലിച്ചെറിയപെട്ട ഈ കുടുംബങ്ങളെയെന്ന ആവശ്യം ഉയരുകയാണ്. ദുരന്തം വിതച്ച ഭൂമിയിൽനിന്നും ഉയരുന്നത് കിടപ്പാടം നഷ്ടപ്പെട്ടവരുടെ പരാതികളും പരിഭവങ്ങളും കണ്ണീരുമാണ്. 2024 ജൂലൈ 30ന് അർധരാത്രിയോടെയാണ് വിലങ്ങാടിനെ കീഴ്മേൽ മറിച്ച് ഉരുൾ ദുരന്തമുണ്ടായത്. 50ൽ അധികം സ്ഥലങ്ങളിലാണ് ചെറുതും വലുതുമായി ഉരുൾപൊട്ടിയത്. വിലങ്ങാട് അടിച്ചിപ്പാറയിൽനിന്നും മഞ്ഞച്ചീളി വഴി ഒഴുകിയ ഉരുളിലാണ് ഭീതിദമായ നാശം. ഉരുൾപൊട്ടലിൽ ഒരു ജീവൻ മാത്രമാണ് പൊലിഞ്ഞതെങ്കിലും നാശനഷ്ടത്തിന്റെ കണക്ക് ഭീകരമായിരുന്നു. വയനാട് ദുരന്തത്തിലെ ഭീതിദമായ മരണങ്ങൾക്കിടയിൽ വിലങ്ങാടിന്റെ രോധനം കേൾക്കാതെപോയ അവസ്ഥയായിരുന്നു.
150ൽ അധികം വീടുകൾക്ക് നാശനഷ്ടമുണ്ടായതാണ് ആദ്യം പുറത്തുവന്ന കണക്കുകൾ. എന്നാൽ, സർക്കാർ കാച്ചിക്കുറുക്കി നഷ്ടമുണ്ടായവരുടെ കണക്ക് 31ൽ ഒതുക്കി. അർഹരായവർ ഏറിയപങ്കും ദുരിതാശ്വാസ പട്ടികയിൽനിന്ന് പുറത്തായി. 150 ഏക്കറിലധികം കൃഷിഭൂമി ഒലിച്ചു പോയി കർഷകർക്ക് സർവവും നഷ്ടമായി.
പലതരത്തിലുള്ള വാഗ്ദാനപ്പെരുമഴകളാണ് ദുരിത ബാധിതർക്ക് ലഭിച്ചത്. ഇവ പലതും പിന്നീട് ജലരേഖയായി. ജില്ല പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും 15 വീടുകൾ നിർമിച്ച് നൽകുമെന്ന് പറഞ്ഞെങ്കിലും ഒന്നും നടന്നില്ല. വിലങ്ങാടിന്റെ സമഗ്ര വികസനത്തിന് സ്പെഷൽ പാക്കേജ് നടപ്പാക്കുമെന്ന് സ്ഥലത്തെത്തിയ മന്ത്രിമാർ ഉറപ്പുനൽകിയെങ്കിലും പാലിക്കപ്പെട്ടില്ല. ദുരിതബാധിതർക്ക് ആശ്രയമാവാൻ 100 പേർക്കെങ്കിലും താമസിക്കാൻ ഷെൽട്ടർ നിർമിക്കുമെന്ന വാഗ്ദാനവും നടപ്പായില്ല. പെരുമഴക്കാലത്ത് ദുരിതബാധിതർക്ക് അഭയ കേന്ദ്രം ഇപ്പോഴും വിലങ്ങാട് പാരിഷ് ഹാളും സെന്റ് ജോർജ് ഹൈസ്കൂളുമാണ്.
വടകര: വിലങ്ങാട് ഉരുൾപൊട്ടലിൽ നാശംവിതച്ച പാലങ്ങളും റോഡുകളും അതേപടി കിടക്കുകയാണ്. ഉരുട്ടിപ്പാലം, ടൗൺ പാലം, മുച്ചങ്കയം പാലം, മലയങ്ങാട് പാലം, പുല്ലുവപ്പുഴ മുതൽ വാണിമേൽപാലം വരെയുള്ള മലയോര ഹൈവേ, ഗ്രാമീണ റോഡുകൾ തുടങ്ങി മിക്കതും തകർന്നനിലയിൽതന്നെ. മലയോരവാസികളെ വിലങ്ങാട് ടൗണുമായി ബന്ധിപ്പിക്കുന്ന പ്രധാന പാലങ്ങളെല്ലാം നാട്ടുകാർ താൽക്കാലികമായി പണിതവയാണ്. കാലവർഷം വീണ്ടുമെത്തിയതോടെ മിക്കതും തകർച്ച ഭീഷണിയിലാണ്. വിലങ്ങാട് ടൗൺ പാലം നരിപ്പറ്റ-വാണിമേൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലമാണ്. ഒരു പെരുമഴ പെയ്താൽ പാലം അപകടക്കാഴ്ചയാകും. പാലത്തിൽ വെള്ളം കയറി ഇതുവഴിയുള്ള ഗതാഗതം നിലക്കും. വിലങ്ങാട് ടൗൺ പാലം ഉയരംകൂട്ടി പുനർനിർമിച്ചാൽ ടൗണിലെ വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കാമെങ്കിലും കടലാസിലൊതുങ്ങുകയാണ്.
ഉരുൾപൊട്ടലിൽ തകർന്ന വിലങ്ങാട് ടൗണിനോട് ചേർന്ന റോഡിന്റെ പാർശ്വഭിത്തി പുനർനിർമിക്കാതെ കിടക്കുന്നു
വിലങ്ങാട് അടിച്ചിപ്പാറയിലുണ്ടായ ഉരുൾപൊട്ടലിൽ വലിയപാനോം, ചെറിയപാനോം തുടങ്ങിയ മേഖലകളിലേക്കുള്ള റോഡ് തകർന്ന് നാട്ടുകാർ ഒറ്റപ്പെട്ടിരുന്നു. റോഡ് തകർന്ന സ്ഥലത്ത് പൈപ്പുകളിട്ടാണ് വാഹനങ്ങൾ കടന്നുപോകുന്നത്. കനത്തമഴയിൽ പൈപ്പുകൾക്ക് മുകളിലൂടെയാണ് വെള്ളം ഒഴുകുന്നത്. മലവെള്ളപ്പാച്ചിലിൽ ഏതു സമയവും റോഡ് തകരുന്ന അവസ്ഥയാണുള്ളത്. വിലങ്ങാട് പള്ളിക്കു മുൻവശത്തെ പ്രധാന പാത പുഴയെടുത്തെങ്കിലും പുനർനിർമിക്കാൻ ഒരു വർഷം പൂർത്തിയായിട്ടും നടപടികൾ ഉണ്ടായിട്ടില്ല. ഈ ഭാഗം അപകടക്കുരുക്കായി കിടക്കുകയാണ്.
വടകര: ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട് വാടകവീടുകളിൽ കഴിയുന്നവർക്ക് മൂന്നു മാസക്കാലം വാടക ലഭിച്ചു. 6000 രൂപ വീതം നൽകിയെങ്കിലും പിന്നീടൊന്നും നൽകിയില്ല. വീടും ജോലിയും നഷ്ടപ്പെട്ടവർക്ക് വീട്ടുവാടക നൽകാൻ കഴിയാതെ കുടിയിറക്കൽ ഭീഷണി നേരിടുന്ന കുടുംബങ്ങളുമുണ്ട്. ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞ 480 കുടുംബങ്ങൾക്ക് 10,000 രൂപ ലഭിച്ചത് മാത്രമാണ് ആശ്വാസം. പിന്നീട് ഇവർക്ക് ഒന്നും ലഭിച്ചില്ല. പലരുടെയും വീടുകൾ ഭാഗികമായി ഉരുളെടുത്തെങ്കിലും ലിസ്റ്റിൽനിന്നും പുറന്തള്ളപ്പെട്ടു.
വടകര: ഉരുളിൽ സർവവും നഷ്ടപ്പെട്ട് ജീവനുംകൊണ്ട് ഓടി രക്ഷപ്പെട്ടവർ പിന്നീട് വീട് ശുചീകരിച്ചപ്പോൾ നഷ്ടമായത് ഔദ്യോഗിക ധനസഹായം. സന്നദ്ധ സംഘടനകൾ ഓടിയെത്തി ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ വീടുകൾ ശുചീകരിക്കുകയായിരുന്നു. ഉരുളിൽ ചളിയും മണ്ണും നിറഞ്ഞ് വീട്ടിലെ സർവവും നഷ്ടമായിരുന്നെങ്കിലും കണക്കെടുപ്പിന് എത്തിയവർ കണ്ടത് പുതുമോടിയിലുള്ള വീടുകളായിരുന്നു. നീറുന്ന വേദനയോടെ കഴിയുന്നവരുടെ വേദന കാണാതെപോയത് പല കുടുംബങ്ങളെ അനർഹരുടെ പട്ടികയിലാക്കി. 120 കുടുംബങ്ങൾ ദുരിത ബാധിതരുടെ പട്ടികയിൽനിന്നും പുറത്തായതായാണ് കണക്ക്.
കോഴിക്കോട്: വിലങ്ങാട് വീട് നഷ്ടപെട്ട് ദുരിതബാധിതരായ 31 പേർക്കാണ് സർക്കാർ ധനസഹായം നൽകിയത്. 15 ലക്ഷം വീതമാണ് ഓരോ കുടുംബത്തിനും ലഭിച്ചത്. വിലങ്ങാട് പുനരധിവാസ പദ്ധതിയിൽ കത്തോലിക്ക സഭയുടെ സംഭാവനയുമടക്കം 65 വീടുകളിൽ 53 വീടുകളുടെ നിർമണം പുരോഗമിക്കുകയും 15 എണ്ണം പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. ഷാഫി പറമ്പിൽ എം.പി 20 വീടുകൾ നിർമിച്ച് നൽകാമെന്ന് വാഗ്ദാനം നൽകിയതിൽ രണ്ടു വീടുകളുടെ നിർമാണം പുരോഗമിക്കുകയാണ്.
കോഴിക്കോട്: പകലന്തിയോളം പണിയെടുത്ത് വിളയിച്ച കൃഷിഭൂമി നഷ്ടമായവർക്ക് സർക്കാർ നൽകിയത് തുച്ഛമായ നഷ്ടപരിഹാരം. 150ൽ അധികം ഏക്കർ കൃഷി നാശമാണ് ഉണ്ടായത്. റബർ, തെങ്ങ്, തേക്ക് ഇടവിള കൃഷികൾ ഉൾപ്പെടെ ഉരുളിൽ നശിച്ചു.
തേക്ക് ഉൾപ്പെടെയുള്ളവ സർക്കാറിന്റെ നാശനഷ്ടം തിട്ടപ്പെടുത്താനുള്ള പട്ടികയിൽനിന്നും ഒഴിവായത് കർഷകർക്ക് കനത്തനഷ്ടമാണ് ഉണ്ടാക്കിയത്. ഇത്തരം കർഷകർക്ക് നിയമവ്യവസ്ഥകളിൽ ഇളവ് വരുത്തുന്നതുൾപ്പെടെ പരിഗണിക്കുമെന്ന് അധികൃതർ പറഞ്ഞെങ്കിലും ഒന്നും നടന്നില്ല.
കോഴിക്കോട്: വിലങ്ങാട് ഉരുൾബാധിത പ്രദേശങ്ങളിലെ കെട്ടിടനിർമാണങ്ങൾക്ക് വാക്കാൽ ഏർപ്പെടുത്തിയ വിലക്ക് കുടുംബങ്ങൾക്ക് തിരിച്ചടിയായി. സർക്കാറിൽനിന്ന് ലഭിച്ച ധനസഹായംകൊണ്ട് സ്വന്തം ഭൂമിയിൽ വീടുവെക്കാൻ കഴിയാതെ കൂടിയ വിലയ്ക്ക് ഭൂമി വാങ്ങിയവർ വീട് നിർമാണം പൂർത്തിയാക്കാൻ കഴിയാത്ത അവസ്ഥയിലാണ്. മൂന്ന് വാർഡുകളിലാണ് ഇത്തരത്തിൽ നിർമാണത്തിന് വിലക്കുള്ളത്. നിരവധി കുടുംബങ്ങളാണ് കുടിയേറ്റ മേഖലയിൽനിന്ന് വീടും സ്ഥലവും വിട്ടൊഴിഞ്ഞ് മറ്റിടങ്ങളിലേക്ക് മാറുന്നത്.
വടകര: വിലങ്ങാട് ഉരുൾദുരന്തത്തിനിരയായ കുടുംബം ജപ്തി ഭീഷണിയിൽ. ഉരുൾ കുത്തിയൊലിച്ച് ജീവനും കൊണ്ടോടിയ കുടുംബങ്ങൾക്ക് അത്താണിയായ ഐയ്യമല ജോണിയും ഭാര്യ മോളിയും കുടുംബവുമാണ് ജപ്തി ഭീഷണിയിൽ വിലങ്ങാട് ടൗണിലെ വാടക കെട്ടിടത്തിൽ താമസിക്കുന്നത്. മഞ്ഞച്ചീളിയിലേക്ക് ഒലിച്ചിറങ്ങിയ ഉരുളിൽ മലമുകളിലെ കുടുംബങ്ങൾ അഭയകേന്ദ്രമായി ഓടിയെത്തിയത് ജോണിയുടെ വീട്ടിലേക്കായിരുന്നു. കുത്തിയൊലിച്ച മലവെള്ളപ്പാച്ചിലിൽ വീടിന്റെ പിൻഭാഗം പൂർണമായും ഒലിച്ചുപോയി. വീടിനോട് ചേർന്നുകിടക്കുന്ന ഭാഗങ്ങൾ ഉരുളിൽ കുത്തിയൊഴുകി വൻ താഴ്ചയായതിനാൽ വീട്ടിലെ താമസം സുരക്ഷിതമല്ലാതെ കുടുംബം വാടക കെട്ടിടത്തിലേക്ക് മാറുകയായിരുന്നു.
ജോണി
28 ലക്ഷം രൂപ കല്ലാച്ചി എസ്.ബി.ഐയിൽനിന്ന് വായ്പയെടുത്താണ് വീട് നിർമിച്ചിരുന്നത്. ഉരുൾദുരന്തത്തിന് ശേഷം വായ്പ തിരിച്ചടവ് മുടങ്ങി. നിലവിൽ ഇവർ ജപ്തി ഭീഷണി നേരിടുകയാണ്. വീടിന് ഇൻഷുറൻസുണ്ടെങ്കിലും കെട്ടിടം വാസയോഗ്യമാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ. എന്നാൽ, അപകടം പതിയിരിക്കുന്ന വീട്ടിൽ എങ്ങനെ താമസിക്കുമെന്നാണ് കുടുംബം ചോദിക്കുന്നത്. വീട് നഷ്ടപ്പെട്ടവർക്ക് സർക്കാറിൽനിന്ന് ലഭിക്കുന്ന പണം കുടുംബത്തിന് ലഭിച്ചിട്ടില്ല.
വടകര: ജീവിതസമ്പാദ്യങ്ങൾ ഉരുളെടുത്തതോടെ ഇനിയെന്തെന്നറിയാതെ ഒരു വർഷമായി വാടകവീട്ടിൽ സർക്കാർ ധനസഹായമില്ലാതെ ജീവിതം തള്ളിനീക്കുകയാണ് ഒരു കുടുംബം. വിലങ്ങാട് ടൗണിലെ കെട്ടിടത്തിൽ വാടകക്ക് താമസിക്കുന്ന ഓട്ടുപുന്നക്കൽ തോമസിനും ലില്ലിക്കും പറയാനുള്ളത് നഷ്ടങ്ങളുടെയും അവഗണനയുടെയും കണക്കുകൾ മാത്രം. ഉരുൾ ദുരിതംവിതച്ച രാത്രിയിൽ സർവതും നശിച്ച ഇവരുടെ വീടിന്റെ പല ഭാഗങ്ങളും തകർന്നു.
വിലങ്ങാട് ടൗണിലെ വാടകക്കെട്ടിടത്തിൽ താമസിക്കുന്ന തോമസും ലില്ലിയും
ജീവൻ മാത്രം തിരിച്ചുകിട്ടി ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറിയ ഇവർക്ക് ആദ്യം 10,000 രൂപ നഷ്ടപരിഹാരം ലഭിച്ചു. പിന്നീട് മൂന്ന് മാസത്തെ വീട്ടുവാടകയായി 6000 രൂപ വീതവും ലഭിച്ചു. ഒമ്പതു മാസമായി സർക്കാർ വീട്ടുവാടക നൽകിയിട്ടില്ല. ഓരോ കാലവർഷത്തിലും ദുരിതാശ്വാസ ക്യാമ്പിലേക്ക് അധികൃതർ മാറ്റിയിരുന്ന കുടുംബത്തിന് ഒടുവിൽ ഉരുളിൽ സർവതും നഷ്ടപ്പെടുകയായിരുന്നു.
വീട് താമസയോഗ്യമല്ലാതായിട്ടും കുടുംബം അർഹരുടെ പട്ടികയിൽ ഉൾപ്പെട്ടില്ല. സമീപവാസികൾ ദുരിതബാധിതരായി മാറിയപ്പോൾ ഇവർ പിന്തള്ളപ്പെട്ടു. ജീവിതത്തിന്റെ അവസാന കാലം ഇനിയെങ്ങോട്ട് എന്നാണ് ഇവർ ചോദിക്കുന്നത്. കിടക്കാനൊരു വീടും ശുചിമുറിയും ലഭിച്ചാൽ മാത്രം മതിയെന്നാണ് ഇവർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.