കാടുമൂടിയ വെള്ളയിൽ റെയിൽവേ സ്റ്റേഷൻ

വെള്ളയിൽ റെയിൽവേ സ്റ്റേഷൻ; കാട്​ നീക്കണം|ഇനി ട്രെയിൻ നിർത്തും

കോഴിക്കോട്: കോവിഡ് കാലം മുതൽ ട്രെയിനുകൾ നിർത്താതായ വെള്ളയിൽ റെയിൽവേ സ്റ്റേഷനിൽ വീണ്ടും സ്റ്റോപ് വരുമെന്ന പ്രതീക്ഷയുയർന്നു. ടിക്കറ്റ് കൊടുക്കാനുള്ള ഹാൾട്ട് ഏജന്‍റായി കരാറെടുക്കാൻ ആളെത്തിയതോടെയാണിത്. രണ്ട് പേരിൽനിന്ന് നറുക്കെടുപ്പ് വഴി ഒരാളെ തിരഞ്ഞെടുത്തു.

റെയിൽവേ തീരുമാനം വന്നാൽ എട്ട് പാസഞ്ചർ വണ്ടികൾ സ്റ്റേഷനിൽ നിർത്തും. രണ്ട് കൊല്ലം മുമ്പാണ് വെള്ളയിൽ സ്റ്റേഷനിൽ അവസാനം വണ്ടി നിർത്തിയത്. ട്രെയിൻ നിർത്താതായതോടെ ആൾപ്പെരുമാറ്റമില്ലാതായ സ്റ്റേഷനും പരിസരവും കാടുമൂടി. പ്രധാന കവാടത്തിലേക്ക് കുറ്റിക്കാട്ടിനിടയിലൂടെ വേണം സ്റ്റേഷനിലെത്താൻ. കോവിഡ് കാലത്ത് കണ്ടെയിൻമെന്‍റ് സോണായപ്പോൾ ആളു കടക്കാതിരിക്കാൻ കൊട്ടിയടച്ച കവാടങ്ങളൊന്നും തുറന്നിട്ടില്ല. ട്രെയിൻ നിർത്തിത്തുടങ്ങിയാൽതന്നെ കാടും തടസ്സങ്ങളും പ്രശ്നമാവും. റെയിൽവേ കാര്യമായി ശ്രദ്ധിക്കാത്ത സ്റ്റേഷൻ നാട്ടുകാരാണ് പലപ്പോഴും വൃത്തിയാക്കുന്നത്. രാവിലെ ഏഴിനും രാത്രി 7.45നുമിടയിലുള്ള എട്ട് ട്രെയിനുകളാണ് വെള്ളയിൽ നിർത്തിയിരുന്നത്. ഇക്കാരണത്താൽ 15 മണിക്കൂറോളം ടിക്കറ്റ് കൗണ്ടർ പ്രവർത്തിക്കണം.

കോവിഡ് കാലത്ത് വണ്ടി നിറത്താതായ മിക്ക സ്റ്റേഷനിലും സ്റ്റോപ്പനുവദിച്ചെങ്കിലും വെള്ളയിൽ സ്റ്റേഷനിൽ ടിക്കറ്റ് നൽകാനാളില്ലാത്തതിനാൽ തീരുമാനം വൈകുകയായിരുന്നു. ടിക്കറ്റ് വിൽപനക്കനുസരിച്ച് ഹാൾട്ട് ഏജന്‍റിന് കമീഷനാണ് അനുവദിക്കുക. കോഴിക്കോട് നോർത്ത് സ്റ്റേഷനാക്കി മാറ്റുമെന്ന് വാഗ്ദാനമുണ്ടായിരുന്ന സ്റ്റേഷനാണ് വെള്ളയിൽ. ജില്ല വ്യവസായ കേന്ദ്രം, ടെലിഫോൺ എക്സ്ചേഞ്ച്, വൈദ്യുതിഭവൻ, കേരള സോപ്സ്, മത്സ്യഫെഡ്, മലബാർ ക്രിസ്ത്യൻ കോളജ്, പ്രോവിഡൻസ് സ്കൂൾ, എം.ഇ.എസ് കോളജ്, ആകാശവാണി തുടങ്ങി നഗരത്തിലെ പ്രധാന കേന്ദ്രങ്ങൾക്ക് തൊട്ടടുത്താണ് സ്റ്റേഷൻ. വടക്കോട്ടും തെക്കോട്ടുമായി എട്ട് തവണ സ്റ്റേഷനിൽ വണ്ടികൾ നിർത്തുമ്പോൾ മാസം 1.5 ലക്ഷത്തിലേറെ വരുമാനം സ്റ്റേഷനിലുണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.

പകലും രാത്രിയും മയക്കുമരുന്നും മദ്യവുമായി വിവിധ സംഘങ്ങൾ സ്റ്റേഷനിൽ താവളമടിച്ചെന്നാണ് നാട്ടുകാരുടെ പരാതി. കിഴക്ക് ഭാഗം പ്ലാറ്റ്ഫോം വെള്ളയിൽ പൊലീസ് സ്റ്റേഷൻ പരിധിയിലും പടിഞ്ഞാറ് നടക്കാവ് പരിധിയിലുമായത് പരാതിയുമായി പോവുന്ന നാട്ടുകാർക്ക് വിഷമമുണ്ടാക്കുന്നു.

Tags:    
News Summary - Vellayil Railway Station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.