സി.എം. ഷാജി
കോഴിക്കോട്: മയക്കുമരുന്ന് വിൽപന വഴി സമ്പാദിച്ച വാഹനവും സ്വത്തും കണ്ടുകെട്ടിയ ഉത്തരവ് ശരിവെച്ച് സഫേമ. കളമശ്ശേരി സ്വദേശി തൃക്കാക്കര നോർത്ത് ചാമപ്പറമ്പിൽ വീട്ടിൽ സി.എം. ഷാജിയുടെ (31) വാഹനവും സ്വത്തും കണ്ടുകെട്ടിയ ഉത്തരവ് ശരിവെച്ചാണ് വിധി.
കഴിഞ്ഞ ഡിസംബറിൽ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്നും കസബ പൊലീസും ഡാൻസാഫും നടത്തിയ പരിശോധനയിലാണ് 28.766 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്. കസബ പൊലീസ് ഇൻസ്പെക്ടർ കിരൺ സി. നായർ കണ്ടുകെട്ടുകയും അംഗീകാരത്തിനായി ചെന്നൈ ആസ്ഥാനമായ സ്മഗ്ളേഴ്സ് ആൻഡ് ഫോറിൻ എക്സ്ചേഞ്ച് മാനിപ്പുലേറ്റേഴ്സ് അതോറിറ്റിക്ക് അയച്ചുകൊടുക്കുകയുമായിരുന്നു.
കോഴിക്കോട്, എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി മാഫിയ സംഘത്തിലെ മുഖ്യകണ്ണിയാണ് പിടിയിലായ ഷാജി. ഇതര സംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ടാണ് ലഹരി വിൽപന നടത്തിയത്.
മറ്റു വരുമാനമാർഗങ്ങൾ ഒന്നുമില്ലാത്ത പ്രതി വാഹനം വാങ്ങിയതും ആഡംബരപൂർണമായ ജീവിതം നയിച്ചതും ലഹരി വിൽപനയിൽ നിന്നുള്ള വരുമാനം ഉപയോഗിച്ചാണെന്നാണ് കേസ്. നിലവിൽ പ്രതി കോഴിക്കോട് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.