വടകര കടത്തനാട് ലേബർ കോൺട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റിയിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തുന്നു
വടകര: വടകര കടത്തനാട് ലേബർ കോൺട്രാക്ട് കോ ഓപറേറ്റിവ് സൊസൈറ്റിയിൽ നിക്ഷേപിച്ച തുക ലഭിക്കാത്തതിനാൽ വയോധികൻ പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്ത കേസ് ഉൾപ്പെടെ
സൊസൈറ്റിയിലെ ക്രമക്കേടുകൾ സംബന്ധിച്ച അന്വേഷണം റൂറൽ ജില്ല ക്രൈംബ്രാഞ്ചിന് കൈമാറി. തിരുവള്ളൂർ സ്വദേശി ഇബ്രാഹിം ഹാജിയാണ് കഴിഞ്ഞ ദിവസം സൊസൈറ്റി പ്രസിഡൻറ് ടി.വി. സുധീർ കുമാറിന്റെ വീട്ടിൽ ആത്മഹത്യ ചെയ്തത്. വടകര പൊലീസ് അസ്വാഭാവിക മരണത്തിന് എടുത്ത കേസ് ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു.
ഇബ്രാഹിം ഹാജിയുടെ മരണം ഉൾപ്പെടെ മൂന്ന് കേസുകളാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക. സൊസൈറ്റിയിലെ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് സഹകരണ ഓഡിറ്റ് ജോ. ഡയറക്ടർ നടത്തിയ അന്വേഷത്തിൽ കണ്ടെത്തിയ 2.16 കോടി രൂപയുടെ വെട്ടിപ്പ്, സൊസൈറ്റിയിൽ നിക്ഷേപിച്ച 22 ലക്ഷം രൂപ തിരിച്ചുകിട്ടാത്തതിനെ തുടർന്ന് ഇബ്രാഹിം ഹാജി സൊസൈറ്റി പ്രസിഡന്റ്, സെക്രട്ടറി ഉൾപ്പെടെ അഞ്ച് പേർക്കെതിരായി വടകര പൊലീസിൽ നൽകിയ പരാതിയിലെ കേസ്, ഇബ്രാഹിം ഹാജിയുടെ ആത്മഹത്യ തുടങ്ങിയ കേസുകളാണ് ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി.ടി. മനോഹരന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക.
കേസ് ഏറ്റെടുത്തതിന് പിന്നാലെ ബുധനാഴ്ച ഉച്ചയോടെ വടകര മുനിസിപ്പൽ പാർക്കിന് സമീപം പ്രവർത്തിക്കുന്ന കടത്തനാട് ലേബർ കോൺട്രാക്ട് കോ ഓപറേറ്റിവ് സൊസൈറ്റി ഓഫിസിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തി. രണ്ട് മണിക്കൂറിലേറെ നീണ്ട പരിശോധനയിൽ ലഡ്ജറുകൾ, വൗച്ചറുകൾ, ഡേ ബുക്ക്, കേഷ് ബുക്ക്, വർക്ക് രജിസ്റ്റർ, സ്ഥിരം നിക്ഷേപ ബോണ്ടുകൾ, ചെക്ക് ഇഷ്യൂ രജിസ്റ്റർ, കരാർ സംബന്ധമായ മറ്റ് രേഖകൾ എന്നിവ ക്രൈം ബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്ത് ഓഫിസ് പൂട്ടി സീൽ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.