വടകര: കടത്തനാട് ലേബർ കോൺട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റി നിക്ഷേപകർക്ക് നൽകാനുളളത് മൂന്നര കോടിയോളം രൂപ. സഹരണ വകുപ്പ് ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും ബാധ്യത കണക്കെടുപ്പിനുളള നടപടികൾ തുടങ്ങി. ബാധ്യത ചുമത്തി നൽകിയതിന് പിന്നാലെ ഭരണ സമിതി അംഗങ്ങളിൽ നിന്നും ജീവനക്കാരുടെയും വാദം കേൾക്കും. തുടർന്ന് ഓരോരുത്തരുടെയും ബാധ്യത നിശ്ചയിച്ച് റിക്കവറി ഉൾപെടെയുള്ള നിയമനടപടികളിലേക്ക് സഹകരണ വകുപ്പ് കടക്കും.
ടി.വി. സുധീർ കുമാർ പ്രസിഡന്റ് ആയിരിക്കെയും പുതിയ പ്രസിഡന്റിന്റെയും സമയത്ത് നടന്ന ക്രമവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സൊസൈറ്റിക്കുണ്ടായ നഷ്ടമാണ് ബാധ്യതയിൽ ഉൾപ്പെടുത്തുക. ഭരണ സമിതിയിലെ ഓരോ അംഗങ്ങളും എത്രത്തോളം നഷ്ടങ്ങൾക്ക് ഉത്തരവാദിയായിട്ടുണ്ടെന്ന് വിലയിരുത്തിയാണ് ബാധ്യത നിശ്ചയിക്കുക. സൊസൈറ്റിയിൽ നടക്കുന്ന ക്രമവിരുദ്ധ നടപടികൾ ശ്രദ്ധയിൽപെട്ട സഹകരണ വകുപ്പ് നേരായ മാർഗത്തിലേക്ക് സൊസൈറ്റിയെ കൊണ്ടുപോകാൻ മൂന്ന് മാസം സമയം നൽകിയിരുന്നു. ലംഘിക്കപെട്ടതോടെയാണ് അന്വേഷണ റിപ്പോർട്ടിൽ നടപടിക്ക് ശിപാർശ ചെയ്തത്.
നിക്ഷേപ തുക തിരിച്ച് കിട്ടാതെ സൊസൈറ്റി മുൻ പ്രസിഡന്റ് ടി.വി. സുധീർ കുമാറിന്റെ വീട്ടിൽ കഴിഞ്ഞ ശനിയാഴ്ച തിരുവള്ളൂർ സ്വദേശി ചിരിയകണ്ടോത്ത് ഇബ്രാഹിം ഹാജി പെട്രോളൊഴിച്ച് തീ കൊളുത്തി മരിച്ചതിന് പിന്നാലെയാണ് സഹകരണ വകുപ്പ് സൊസൈറ്റിക്കെതിരെ നടപടി ശക്തമാക്കുന്നത്. മരണത്തിൽ സർക്കാർ റിപ്പോർട്ട് തേടിയിരുന്നു. അസി. രജിസ്ട്രാർ അന്വേഷണ റിപ്പോർട്ട് ജോ. ഡയറക്ടർക്ക് കൈമാറി.
ഇല്ലാത്ത പ്രവൃത്തികളുടെ പേരിൽ വ്യാജ കണക്കുകൾ ഉണ്ടാക്കി പണം തിരിമറി നടത്തിയതായി വകുപ്പ് തല അന്വേഷണത്തിൽ കണ്ടെത്തുകയുണ്ടായിരുന്നു. സൊസൈറ്റി 2,16,90134 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി സഹകരണ ഓഡിറ്റ് ജോ.ഡയറക്ടർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. നിക്ഷേപ തുക തിരിച്ച് കിട്ടാത്തതിനെ തുടർന്ന് ഇബ്രാഹിം ഹാജി സഹകരണ അസി. രജിസ്‌ട്രാർക്ക് പരാതി നൽകിയിരുന്നു. സൊസൈറ്റി 8.5 ശതമാനം മുതൽ 12.13 ശ ശതമാനം വരെ പലിശ വാഗ്ദാനം നൽകിയാണ് നിക്ഷേപകരെ ആകർഷിച്ചത്. സഹകരണ വകുപ്പിന്റെ നിർദേശം മറികടന്ന് റിജീഷ് എന്ന ആൾക്ക് പ്രത്യേക ചുമതല നൽകി നിർമാണ ജോലികളും മറ്റ് ഇടപാടുകളും നടത്താൻ ഭരണ സമിതി അനുമതി നൽകിയതായി വകുപ്പ് തല അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സൊസൈറ്റിയിലെ പല നിർണായക രേഖകളും പൊലീസ് അന്യേഷണത്തിന്റെ ഭാഗമായി കൊണ്ടുപോയതിനാൽ വകുപ്പ് തല അന്വേഷണം നേരത്തെയുള്ളതിൽ നിന്നും മുന്നോട്ട് പോയിട്ടില്ല.
കടത്തനാട് ലേബർ കോൺട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റിയിൽ പണം നിക്ഷേപിച്ച് പണം തിരിച്ച് കിട്ടാത്ത കൂടുതൽ പേർ പരാതിയുമായി രംഗത്തെത്തി. തിങ്കളാഴ്ച 28 ലക്ഷം രൂപ നിക്ഷേപിച്ച് തിരിച്ച് കിട്ടിയില്ലെന്ന പരാതിയുമായി നിക്ഷേപകൻ അസി. രജിസ്ട്രാർ ഓഫിസിലെത്തി. നേരത്തെ പണം തിരിച്ച് ലഭിച്ചില്ലെന്ന് കാണിച്ച് അഞ്ചു പരാതികൾ എ.ആർ ഓഫിസിൽ ലഭിച്ചിരുന്നു. കഴിഞ്ഞ ആഴ്ച 83 ലക്ഷം രൂപ നിക്ഷേപയിനത്തിൽ നഷ്ടമായതായി പൊലീസിൽ പരാതി ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.