ഇബ്രാഹിം ഹാജി താമസിച്ച വടകര ഗവ. ജില്ല ആശുപത്രിക്ക് സമീപമുള്ള കെട്ടിടത്തിൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു

നിക്ഷേപ തട്ടിപ്പിൽ വയോധികൻ ആത്‍മഹത്യ ചെയ്ത സംഭവം; ക്രൈം ബ്രാഞ്ച് പരിശോധന നടത്തി

വടകര : കടത്തനാട് ലേബർ കോൺട്രാക്ട് കോഓപറേറ്റീവ് സൊസൈറ്റിയിൽ നിക്ഷേപിച്ച പണം തിരികെ നൽകാത്തതിനെ ചൊല്ലി വയോധികൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ക്രൈംബ്രാഞ്ച് വയോധികന്റെ താമസ സ്ഥലത്ത് പരിശോധന നടത്തി. ജില്ലാ ആശുപത്രിക്ക് സമീപമുള്ള കെട്ടിടത്തിലെ മുറിയിലാണ് പരിശോധന നടത്തിയത്. വെള്ളിയാഴ്ച വൈകീട്ട് 4.15 ഓടെയായിരുന്നു ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ടി. മനോഹരന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്. മുറിയുടെ വാതിലിന്റെ പൂട്ട് തകർത്താണ് അന്വേഷണ സംഘം അകത്തു കയറിയത്.

മരണപ്പെട്ട തിരുവള്ളൂർ സ്വദേശി ചിരി കണ്ടോത്ത് ഇബ്രാഹിം ഹാജിയുടെ മകൻ അനസിനെ ഒപ്പം കൂട്ടിയാണ് പൊലീസ് പരിശോധന നടത്തിയത്. സൊസൈറ്റിയുമായി ബന്ധപ്പെട്ട രേഖകൾ, ചെക്ക് എന്നിവ അന്വേഷണ സംഘത്തിന് ലഭിച്ചു. കടത്തനാട് ലേബർ കോൺട്രാക്ട് കോ-ഓപ് സൊസൈറ്റിയിൽ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിലുള്ള മനപ്രയാസത്തിൽ പെട്ടെന്നുണ്ടായ പ്രകോപനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് മകൻ അനസ് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ടെന്നും ഇയാൾക്ക് എവിടെയെല്ലാം നിക്ഷേപങ്ങൾ ഉണ്ടെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും ഡി.വൈ.എസ്.പി പറഞ്ഞു.

ഇതോടൊപ്പം മരണപ്പെട്ട ഇബ്രാഹിം ഹാജിയുടെ ഫോൺ കണ്ടെത്തേണ്ടതുണ്ട്. ഇയാൾ മരണത്തിന് മുമ്പ് അയച്ച ഫോൺ സന്ദേശം സംബന്ധിച്ചും അന്വേഷണം നടത്തും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇബ്രാഹിം ഹാജി ഡി.സി.സി സെക്രട്ടറി പഴങ്കാവിലെ ടി.വി. സുധീർ കുമാറിന്റെ വീട്ടിലെ വരാന്തയിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തി ആത്‍മഹത്യ ചെയ്തത്. സഹകരണ വകുപ്പ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സംഘം പ്രസിഡന്റ് അടക്കം അഞ്ചു പേർക്കെതിരെ വടകര പൊലീസ് കേസെടുത്തിരുന്നു. ഈ കേസടക്കം മൂന്ന് കേസുകളാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസം സൊസൈറ്റി ഓഫീസിൽ നടത്തിയ പരിശോധനയിൽ രേഖകൾ പൊലീസ് കണ്ടെടുത്തിരുന്നു.


Tags:    
News Summary - Crime Branch investigates suicide of elderly man over investment fraud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.