ചെറുവണ്ണൂരിൽ ദേശീയ പാത അടച്ചു ; ചാലിയം കടവിൽ ജങ്കാർ സർവിസ് നിർത്തി, യാത്രക്കാർ പെരുവഴിയിൽ
കടലുണ്ടി: പഴയ ദേശീയപാതയിൽ ചെറുവണ്ണൂരിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചതും ബേപ്പൂർ - ചാലിയം കടവിൽ ജങ്കാർ സർവിസ് നിർത്തിവെച്ചതും യാത്രക്കാരെ കൂടുതൽ ദുരിതത്തിലാക്കി.അപകട സാധ്യത കണക്കിലെടുത്ത് ബേപ്പൂർ പോർട്ട് ഓഫിസർ അനുമതി നിഷേധിച്ചതിനെ തുടർന്നാണ് സർവിസ് പിൻവലിച്ച് സിൽക് ജട്ടിയിൽ ജങ്കാർ നങ്കൂരമിട്ടിരിക്കുന്നത്. അറ്റകുറ്റപണികൾ തീർത്ത് സുരക്ഷിതമാക്കിയതിനു ശേഷം തുറമുഖ വകുപ്പിൽ നിന്ന്ഫിറ്റ്നസ് എടുത്ത് യഥാസമയം സർവീസ് നടത്താൻ കരാറുകാർ ശ്രദ്ധിച്ചില്ലെന്നും ആരോപണമുണ്ട്. ചാലിയത്തെ ഗ്രിഫി കമ്പനിക്ക് അഞ്ച് വർഷത്തേക്കാണ് കടലുണ്ടി പഞ്ചായത്ത് കരാർ നൽകിയത്.
പ്രതിമാസം 1,65,000 രൂപ പഞ്ചായത്തിൽ അടക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ, കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ ഏതാനും മാസങ്ങൾ മാത്രമേ ജങ്കാർ സർവീസ് നടത്തിയിട്ടുള്ളൂ. കരാറുകാർക്ക് ഒന്നിൽ കൂടുതൽ ജങ്കാർ കൈവശമില്ലാത്തതാണ് സർവിസ് മുടങ്ങാനുള്ള പ്രധാന കാരണം.
ഇതിനിടയിൽ കൊച്ചിയിൽ നിന്ന് റോ റോ ജങ്കാർ എത്തിച്ചിരുന്നുവെങ്കിലും സർവിസ് നടത്താൻ കഴിഞ്ഞില്ല. ബേപ്പൂരിലും ചാലിയത്തും റോ റോക്ക് കരപറ്റാനുതകുന്ന ജെട്ടിയില്ലാത്തതാണ് കാരണം. ഫിറ്റ്നസ് കാലാവധി കഴിഞ്ഞതും അപകടസാധ്യതയും മൂലം ജങ്കാറിന്‍റെ സർവിസ് നിരോധിക്കണമെന്ന് ആവശ്യപെട്ട് ഒരു പൊതു പ്രവർത്തകൻ ജില്ല കലക്ടർക്ക് പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് രണ്ട് ആഴ്ച മുൻപ് പോർട്ട് ഓഫിസർ ജങ്കാറിന് അനുമതി നിഷേധിച്ചത്.
മലപ്പുറം ജില്ലയിൽ നിന്ന് ബേപ്പൂർ ഗവ. ഫിഷറീസ് സ്കൂളിലേക്ക് ഒട്ടേറെ വിദ്യാർഥികൾ എത്തുന്നത് ജങ്കാർ സർവിസിനെ ആശ്രയിച്ചാണ് . തിങ്കളാഴ്ച മുതൽ സ്പീഡ് ബോട്ട് സർവീസ് നടത്തുന്നുണ്ടെങ്കിലും 10ൽ താഴെ യാത്രക്കാർക്കു മാത്രമേ കയറാൻ കഴിയൂ. അതേസമയം, ജങ്കാർ ഉടൻ സർവിസിന് ഇറക്കണമെന്ന് കരാറുകാരോട് ആവശ്യപെട്ടതായി പഞ്ചായത്ത് പ്രസിഡന്‍റ് ഒ.ഭക്തവത്സലൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.