ആടിന്റെ രക്തസാമ്പിൾ പരിശോധനക്കെടുക്കുന്നു
നാദാപുരം: വളയത്ത് ആടുകളുടെ അഞ്ജാതരോഗം കണ്ടെത്തിയ സാഹചര്യത്തിൽ രക്ത സാമ്പിൾ പരിശോധനക്കെടുത്തു. വളയം പഞ്ചായത്ത് ഒന്നാം വാർഡിലുള്ള വീട്ടിൽ വളർത്തിയിരുന്ന ആടുകൾ അജ്ഞാത രോഗം ബാധിച്ച് ചത്തതോടെയാണ് അധികൃതർ രംഗത്തിറങ്ങിയത്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ആടുകൾ ചാവുകയും നിരവധി ആടുകൾക്ക് രോഗലക്ഷണങ്ങൾ പ്രകടമാവുകയും ചെയ്തിരുന്നു.
രോഗബാധയെ തുടർന്ന് ആടുകൾ ചത്തിട്ടും അധികൃതർ തിരിഞ്ഞു നോക്കിയില്ലെന്ന പരാതിയുമുണ്ട്. ഇതിനിടയിലാണ് രോഗകാരണം പഠിക്കാൻ ശനിയാഴ്ച അധികൃതരെത്തി രക്തസാമ്പിളുകൾ ശേഖരിച്ചത്.
പ്രത്യേക അസുഖങ്ങളൊന്നും ഇല്ലാത്ത ആടുകൾ പെട്ടെന്ന് വിറയലും തീറ്റ എടുക്കായ്മയും പ്രകടിപ്പിക്കുകയായിരുന്നു.
ആടുകൾ ചത്ത കല്ലുവളപ്പിൽ ആമിനയുടെ വീട്ടിലെ ശേഷിക്കുന്ന 13 ആടുകളുടെയും രക്തസാമ്പിളെടുത്ത് കോഴിക്കോട് ജില്ല വെറ്ററിനറി ജന്തു ജന്യരോഗ നിയന്ത്രണ കേന്ദ്രത്തിലേക്ക് അയച്ചു. ഇതിന്റെ ഫലം ലഭിക്കുന്നതോടെ പ്രശ്നത്തിൽ വ്യക്തതയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
മറ്റ് ആടുകൾക്ക് പ്രാഥമിക പരിശോധനയിൽ രോഗലക്ഷണങ്ങളൊന്നും ഇല്ലെന്നാണ് അധികൃതരുടെ പക്ഷം.
പ്രദേശവാസികളും പൊതുജനങ്ങളും ആശങ്കപ്പെടേണ്ടതില്ലെന്നും ഇവർ പറയുന്നു. വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ് ഗ്രാമപഞ്ചായത്ത് മെംബർ വി.പി. ശശിധരൻ വെറ്ററിനറി സർജൻ ഡോ. അമലിൻ മരിയ ജോൺ ലൈവ് സ്റ്റോക് ഇൻസ്പെക്ടർ പി.കെ. സുരേന്ദ്രൻ എന്നിവർ ഉൾപ്പെടുന്ന സംഘമാണ് സ്ഥലം സന്ദർശിച്ചത്.
ആടുകൾ രോഗബാധയേറ്റ് ചത്ത സംഭവം കഴിഞ്ഞദിവസങ്ങളിൽ മാധ്യമം വാർത്തയായി പ്രസിദ്ധീകരിച്ചതോടെയാണ് നടപടികൾ ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.