കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ ഓക്സിജൻ ഉൽപാദിപ്പിക്കുന്നതിനായി പി.എം കെയർ പദ്ധതി വഴി സ്ഥാപിച്ച രണ്ട് ഓക്സിജൻ ജനറേറ്റർ പ്ലാന്റുകൾ നോക്കുകുത്തിയാവുന്നു. പ്രവർത്തനം നിലച്ച് രണ്ടര വർഷം പിന്നിട്ടിട്ടും അറ്റകുറ്റപ്പണി നടത്താൻ കമ്പനി അധികൃതർ തയാറായിട്ടില്ല. കോവിഡ് കാലത്താണ് പി.എം.എസ്.എസ്.വൈ ബ്ലോക്കിന് പിറകിൽ ഓക്സിജൻ ജനറേറ്റർ പ്ലാന്റ് സ്ഥാപിച്ചത്.
രണ്ട് പ്ലാന്റുകളിൽ ഒന്നിൽനിന്ന് ഉൽപാദിപ്പിക്കുന്ന ഓക്സിജൻ ട്യൂബ് വഴി വിതരണംചെയ്യാനും രണ്ടാമത്തേതിൽ നിന്നുള്ളത് സിലിണ്ടറിൽ നിറക്കുന്ന രീതിയിലുമാണ് നിർമിച്ചിരിക്കുന്നത്. പ്ലാന്റിൽ ഉൽപാദിപ്പിച്ച ഓക്സിജൻ ട്യൂബ് വഴി കടത്തിവിട്ടിരുന്നു. സിലിണ്ടറിൽ നിറക്കുന്നത് നാലു മാസവും പ്രവർത്തിച്ചു.
എന്നാൽ, ഓക്സിജന്റെ പരിശുദ്ധിയിൽ കുറവുകാരണം വെന്റിലേറ്ററിലും തീവ്രപരിചരണ വിഭാഗത്തിലും ഉപയോഗിക്കാൻ സാധിക്കില്ല. മാത്രമല്ല ഉൽപാദനം കൂടുമ്പോൾ ഓക്സിജന്റെ പരിശുദ്ധി കുറയുന്നതായും കണ്ടെത്തിയിരുന്നു. കേരള മെഡിക്കൽ സർവിസസ് കോർപറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) മുഖാന്തരമായിരുന്നു കേന്ദ്രം പ്ലാന്റ് സ്ഥാപിച്ചത്. 93-94 ശതമാനം പരിശുദ്ധി മാത്രമാണ് ഈ ഓക്സിജന് ലഭിക്കുന്നത്. എന്നാൽ വെന്റിലേറ്ററിൽ രോഗികൾക്ക് നൽകണമെങ്കിൽ 99 ശതമാനം പരിശുദ്ധി ലഭിക്കണം.
കെ.എം.എസ്.സി.എല്ലിനെയും പ്ലാന്റ് സ്ഥാപിച്ച ബി.എം.എൽ, എയറോക്സ് എന്നീ കമ്പനികളെയും നിരവധി തവണ അറിയിച്ചിട്ടുണ്ട്. എന്നാൽ, നാളിതുവരെ ഇതിന്റെ അറ്റകുറ്റപ്പണി നടത്തി പ്രവർത്തനം പുനരാരംഭിക്കാൻ അധികാരികൾ തയാറായിട്ടില്ല. പ്ലാന്റിൽനിന്ന് ഓക്സിജൻ ഉൽപാദിപ്പിക്കുന്നതിന് ചെലവ് കൂടുകലാണെന്നും ആക്ഷേപമുണ്ട്. പ്ലാന്റിന് അടിസ്ഥാന സൗകര്യമൊരുക്കുന്നതിനും മറ്റുമായി ആശുപത്രി വികസന സമിതിയുടെ ഫണ്ടിൽനിന്നും വൻതുക ചെലവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.