കോഴിക്കോട്: ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത നിര്‍മാണം ധ്രുതഗതിയില്‍ പുരോഗമിക്കുന്നു. നിലവില്‍ 12 മണിക്കൂര്‍ ഷിഫ്റ്റിലാണ് പ്രവൃത്തികള്‍ നടക്കുന്നത്. ജനുവരിയില്‍ പാറ തുരക്കല്‍ ആരംഭിക്കും. ഇതോടെ 24 മണിക്കൂറും പ്രവൃത്തി നടക്കും. ഒരാഴ്ചക്കകം തൊഴിലാളികള്‍ക്ക് താമസിക്കാനുള്ള ഷെല്‍ട്ടറുകള്‍ തുരങ്കപാതക്ക് അരികിലായി പൂര്‍ത്തിയാവും. താല്‍ക്കാലിക പാലത്തിന്റെ നിര്‍മാണവും വേഗത്തില്‍ പൂര്‍ത്തിയാക്കും.
പ്രവൃത്തി പുരോഗതി വിലയിരുത്തുന്നതിനായി ജില്ല കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് തുരങ്കപാതയുടെ ജില്ലയിലെ തുടക്കകേന്ദ്രമായ ആനക്കാംപൊയില്‍ മറിപ്പുഴയില്‍ സന്ദര്‍ശനം നടത്തി. കൊങ്കണ്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍, തുരങ്കപാത നിര്‍മാണം ഏറ്റെടുത്ത ദിലീപ് ബില്‍ഡ്‌കോണ്‍ ഉദ്യോഗസ്ഥര്‍ എന്നിവരുമായി കലക്ടര്‍ ആശയവിനിമയം നടത്തി.
നിര്‍മാണത്തിനായി എത്തിയ തൊഴിലാളികള്‍ക്ക് ക്യാമ്പുകള്‍ സജ്ജീകരിക്കുന്ന സ്ഥലം, പാറ പൊടിക്കുന്നതിനുള്ള ക്രഷര്‍ യൂനിറ്റ്, ഡമ്പിങ് യൂനിറ്റ് തുടങ്ങിയവയും കലക്ടര്‍ സന്ദര്‍ശിച്ചു. വയനാട്, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന 8.73 കിലോമീറ്റര്‍ തുരങ്കപാതയുടെ പ്രവൃത്തി ഉദ്ഘാടനം ആഗസ്റ്റ് 31ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചിരുന്നു. നാലുവര്‍ഷംകൊണ്ടാണ് പദ്ധതി പൂര്‍ത്തിയാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.