കോഴിക്കോട്: എ.ഐ കാമറകൾ പിടികൂടിയ ഗതാഗത നിയമലംഘനങ്ങളിൽ ജില്ലയിൽ പിരിച്ചുകിട്ടാനുള്ളത് 40 കോടിയോളം. എ.ഐ കാമറ സംസ്ഥാനത്ത് നടപ്പാക്കിയ 2023 ജൂൺ മുതൽ കഴിഞ്ഞ ഫെബ്രുവരി അവസാനംവെരയുള്ള കാലയളവിലെ പിഴയിനത്തിലാണ് ഇത്രയും തുക പിരിച്ചുകിട്ടാനുള്ളത്. ജില്ലയിൽ ആകെ 54 എ.ഐ കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. അതിൽ രണ്ടെണ്ണം പ്രവർത്തനക്ഷമമല്ല. സീറ്റ് ബെൽറ്റ്, മൊബൈൽഫോണിൽ സംസാരിച്ചുള്ള യാത്ര, ഹെൽമറ്റ് ധരിക്കാതെയുള്ള യാത്ര, ട്രിപ്പിൾ യാത്ര എന്നിവ മാത്രമാണ് എ.ഐ കാമറ നിരീക്ഷിക്കുന്നത്.
കെൽട്രോണിന്റെ 15ഓളം കരാർ ജീവനക്കാർ ചേവായൂരിലെ ജില്ല കൺട്രോൾ റൂമിലിരുന്ന് ഓരോ ദിവസവും കാമറ പരിശോധിച്ചാണ് കേസ് ചാർജ് ചെയ്യുന്നത്. നിയമലംഘനത്തിന് വാഹന ഉടമയുടെ മൊബൈലിലേക്ക് എസ്.എം.എസ് അയക്കുകയാണ് ചെയ്യുന്നത്. പല വാഹന ഉടമകളും സന്ദേശം ശ്രദ്ധിക്കാത്തതിനാൽ കോടതി കേസാവുകയാണ്. കോടതിയിലെത്തുമ്പോൾ പലപ്പോഴും കേന്ദ്രനിയമമനുസരിച്ചുള്ള പിഴ ഈടാക്കുന്നതിനാൽ മിക്ക കേസുകൾക്കും ഇരട്ടി തുകയാണ് പിഴയൊടുക്കേണ്ടിവരുന്നത്. കഴിഞ്ഞ െഫബ്രുവരിയിൽ മാത്രം 33,056 കുറ്റകൃത്യങ്ങൾക്കാണ് പിഴ ഈടാക്കിയത്.
പിൻസീറ്റിൽ ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് 11,971 കേസും ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് 7740 കേസും എടുത്തിട്ടുണ്ട്. ഡ്രൈവർ സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് 6959 കേസും മുൻ സീറ്റിലെ യാത്രക്കാരൻ സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് 5410 കേസും എടുത്തിട്ടുണ്ട്. ഒാവർ സ്പീഡ് കണ്ടെത്തുന്നതിനുള്ള കെൽട്രോണിന്റെ പ്രത്യേക വാഹനം 31 കേസുകൾ മാത്രമാണ് രേഖപ്പെടുത്തിയത്. 1500 രൂപയാണ് പിഴ. മോട്ടോർ വാഹന വകുപ്പ് 40,000ത്തോളം രൂപയാണ് ഇൗ വാഹനത്തിന് വാടക നൽകുന്നത്. മൊബൈൽഫോൺ ഉപയോഗിച്ചതിന് 183 കേസുകളും ട്രിപ്പിളിന് 581 കേസുകളുമാണ് എടുത്തത്.
ബീച്ചിൽ സ്ഥാപിച്ച എ.ഐ കാമറ തുരുമ്പെടുത്ത് ദ്രവിച്ചതിനാലും വട്ടോളിയിലെ കാമറ വാഹനമിടിച്ച് തകർന്നതിനാലും പ്രവർത്തിക്കുന്നില്ല. കാമറകൾ പരിശോധിച്ച് കരാർ ജീവനക്കാർ ഓരോരുത്തരും 300ഓളം നിയമലംഘനങ്ങൾ കണ്ടെത്താനാണ് ‘ടാർഗറ്റ്’. മാസം 30,000ത്തിനും 35,000ത്തിനും ഇടക്കാണ് നിയമഘംഘനങ്ങൾ കണ്ടെത്തുന്നത്. കേസുകളിൽ കൂടുതലും ഹെൽമറ്റ് ധരിക്കാത്തതും സീറ്റ് ബെൽറ്റ് ധരിക്കാത്തതുമാണെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ വ്യക്തമാക്കി. മോട്ടോർ വാഹന വകുപ്പ് ‘സേഫ് കേരള’ എന്ന പേരിലാവിഷ്കരിച്ച പദ്ധതിയിൽ സംസ്ഥാനത്താകെ 726 കാമറകളാണ് സ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.