കോഴിക്കോട് നഗരത്തിൽ ഞായറാഴ്ച അനുഭവപ്പെട്ട ഗതാഗതക്കുരുക്ക്
കോഴിക്കോട്: ക്രിസ്മസ്-പുതുവത്സര ആഘോഷത്തിൽ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി ഇഴഞ്ഞുനീങ്ങുകയാണ് നാടും നഗരവും. രാത്രിയിലും ഗതാഗതക്കുരുക്കൊഴിയുന്നില്ലെന്നതാണ് ഇത്തവണത്തെ പ്രതിസന്ധി. പുതുവത്സരാഘോഷത്തിന്റെ ദീപാലങ്കാരം, ബേപ്പൂർ ഫെസ്റ്റ്, കോഴിക്കോട് ബീച്ച്, അവധിക്കാല യാത്ര എന്നിവക്കായി ആയിരങ്ങളാണ് ദിനവും നഗരത്തിലേക്ക് എത്തുന്നത്. ഇത്രത്തോളംതന്നെ വാഹനങ്ങളുടെ എണ്ണവും വർധിച്ചു. ഇതോടെ നഗരത്തിൽ ഒച്ചിഴയുംപോലെയാണ് വാഹനങ്ങൾ നീങ്ങുന്നത്. രാത്രി വൈകീട്ടും ജങ്ഷനുകൾ കടന്നുകിട്ടാൻ മണിക്കൂറുകൾ കാത്തിരിക്കേണ്ട അവസ്ഥയാണ്.
രാത്രി വൈകിയാണ് പുതുവത്സരാഘോഷങ്ങൾ സമാപിക്കുകയെന്നതിനാൽ യാത്രക്കാർ രാത്രി ഏറെ വൈകിയാണ് നഗരത്തിൽനിന്ന് മടങ്ങുന്നത്.വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായതിനാൽ വിനോദയാത്രാസംഘങ്ങളുടെ എണ്ണവും വൻതോതിൽ വർധിച്ചു. കൂടാതെ വിവിധ ക്ലബുകളും മറ്റും സംഘടിപ്പിക്കുന്ന ഉത്സവങ്ങളും നഗരത്തിലും പരിസരപ്രദേശങ്ങളിലും കാണാം. ഇത്തരം പരിപാടികളിലേക്കായി കുടുംബങ്ങൾ കൂട്ടമായി പുറത്തിറങ്ങുന്നതാണ് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നത്.
അയൽ ജില്ലകളിൽനിന്ന് കോഴിക്കോട് ബീച്ചും ബേപ്പൂർ ഫെസ്റ്റും കാണാൻ നിരവധി പേരാണ് എത്തുന്നത്. മലപ്പുറം ഭാഗത്തേക്ക് രാമനാട്ടുകരയിൽനിന്നുതന്നെ ഗതാഗതക്കുരുക്കാണ്. നഗരത്തിൽ പാർക്കിങ് സൗകര്യം ഇല്ലാത്തതും പ്രതിസന്ധിക്കിടയാക്കുന്നു. നടപ്പാതകളിൽ വരെ വാഹനങ്ങൾ പാർക്ക് ചെയ്യുകയും ഇരുചക്ര വാഹനങ്ങൾ കയറ്റുകയും ചെയ്യുന്നതിനാൽ കാൽനടയാത്രപോലും പറ്റാത്ത സ്ഥിതിയാണ്.
രാത്രിയിൽ പൊതുഗതാഗതം ശുഷ്കം
പുതുവത്സര ആഘോഷത്തിനായി പൊതുവാഹനങ്ങിൽ നഗരത്തിലെത്തിയാൽ രാത്രി തിരികെ മടങ്ങുമ്പോൾ മുട്ടൻ പണികിട്ടും. നൈറ്റ് ലൈഫ് പ്രോത്സാഹിപ്പിക്കുന്ന സർക്കാർ രാത്രികാല പൊതുഗതാഗതം കര്യക്ഷമമാക്കാൻ നടപടി സ്വീകരിക്കുന്നില്ല. രാത്രി എട്ട് കഴിഞ്ഞാൽ പിന്നെ സ്വകാര്യ ബസ് സർവിസ് നാമമാത്രമാണ്. കെ.എസ്.ആർ.ടി.സിയാണ് പിന്നെയുള്ള ആശ്രയം. അതും രാത്രി എട്ടുമണി കഴിഞ്ഞാൽ മണിക്കൂറുകൾ ഇടവിട്ടാണ് ബസുകളുണ്ടാവുക. ഇതിൽ കാലുകുത്താനിടമില്ലാത്ത അവസ്ഥയാണ്.
ആപ്പാവുന്ന റോഡ് പണികൾ
അവധിക്കാല തിരക്ക് പരിഗണിക്കാതെ പലയിടങ്ങളിലും റോഡ് പണി നടക്കുന്നതും ഗതാഗതക്കുരുക്ക് രൂക്ഷമാവാനിടയാക്കുന്നുണ്ട്. ഏറെ തിരക്കേറിയ മാനാഞ്ചിറ ചിന്താവളപ്പിൽ ഇന്റർലേക്ക് വിരിക്കാനായി അടച്ചിട്ടത് വൻ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഈ ഭാഗത്ത് റോഡ് അടച്ചതോടെ ഗതാഗതം വഴിതിരിച്ച് വിട്ടിരിക്കുകയാണ്. ഇതോടെ നഗരത്തിലെ ഗതാഗതം മൊത്തം താളംതെറ്റി. വൺവേകൾ നാടകെട്ടി ടൂവേ ആക്കിയെങ്കിലും പലരും വൺവേ തെറ്റിച്ചുകയറുന്നത് ട്രാഫിക് പൊലീസിനും പൊല്ലാപ്പാവുകയാണ്. മാനാഞ്ചിറ-മലാപ്പറമ്പ് റോഡ് വിസകന പ്രവൃത്തി നടക്കുന്നതും കുരുക്കിന് ആക്കം കൂട്ടുന്നു.
വയനാട് ദേശീയപാതയിൽ ചെലവൂരിൽ കലുങ്കുപണി നടക്കുന്നതിനാലും വൻ തോതിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. പാലക്കാട് മലപ്പുറം റൂട്ടിൽ ചെറുവണ്ണൂർ മേൽപാലത്തിന്റെ പണി നടക്കുന്നത് കാരണമുള്ള ബ്ലോക്ക് മീഞ്ചന്തയിലേക്കും അതുംകടന്ന് ബൈപാസിലേക്കും നീളുന്നു. കൂടാതെ ദേശീയ-സംസ്ഥാന പാതകളിൽ പലതിലും കുടിവെള്ള പൈപ്പ് സ്ഥാപിക്കൽ അടക്കമുള്ള പ്രവൃത്തികൾ തകൃതിയായി നടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.