കോഴിക്കോട്: ഉപയോക്താക്കളിൽ നിന്നും കെ.എസ്.ഇ.ബി പിരിച്ചെടുക്കുന്ന കോടികൾ സർക്കാർ ഖജനാവിൽ എത്താതെ നഷ്ടമാകുന്നു. സംസ്ഥാന വികസന പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കേണ്ട കോടികളാണ് നഷ്ടപ്പെടുന്നത്. സാധാരണ ഉപയോക്താക്കളിൽ നിന്നും കെ.എസ്.ഇ.ബി ഈടാക്കുന്ന എനർജി ചാർജിന്റെ 10 ശതമാനം തുകയാണ് സർക്കാറിന് നഷ്ടമാകുന്നത്.
ഉപയോക്താക്കളിൽനിന്ന് പിരിച്ചെടുക്കുന്ന തുക യഥാസമയങ്ങളിൽ സർക്കാറിന് നൽകണമെന്ന ചട്ടം ലംഘിച്ചാണ് പണം നഷ്ടപ്പെടുത്തുന്നത്. വാലറ്റ് എന്ന സാങ്കേതിക പദത്തിൽ കെ.എസ്.ഇ.ബി കരുതൽ ധനം പോലെ സൂക്ഷിക്കുകയും ഒടുവിൽ നെറ്റോഫ് പ്രക്രിയയിലൂടെ എഴുതി തള്ളുകയുമാണ്.
ഓരോ മാസവും വൈദ്യുതി ഉപയോക്താക്കളിൽനിന്നും ശേഖരിക്കുന്ന 140 കോടിയോളം രൂപയാണ് ഖജനാവിൽ എത്താതെ പോകുന്നത്. ഈ തുക സർക്കാരിലേക്ക് ഒടുക്കാതിരിക്കാൻ നിരവധി കാരണങ്ങൾ നിരത്തുകയാണ് പതിവ്. കാർഷികാവശ്യങ്ങൾക്കും ചെറുകിട വ്യവസായങ്ങൾക്കും നിരക്ക് കുറച്ചും കാർഷികാവശ്യങ്ങൾക്ക് സബ്സിഡിയോടെയും ചില പ്രത്യേക പരിഗണന വിഭാഗങ്ങൾക്ക് സൗജന്യമായും വൈദ്യുതി നൽകുന്നതിന്റെ പണം ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നും കെ.എസ്.ഇ.ബിക്ക് ലഭിക്കാൻ ഉണ്ടാകുന്ന കാലതാമസം മുതൽ സർക്കാർ സ്ഥാപനങ്ങൾ വൈദ്യുതി ചാർജ് കുടിശ്ശിക വരുത്തുന്നതുവരെയുള്ള സ്ഥിരം കണക്കുകൾ ചൂണ്ടിക്കാണിച്ചാണ് തുക നൽകാതിരിക്കുന്നത്.
എന്നാൽ ഇതെല്ലാം ശരിയാണോ എന്ന് പരിശോധിയ്ക്കാൻ സർക്കാറോ, കുടിശ്ശികയുടെ വ്യക്തമായ രേഖകൾ അടക്കം സമർപ്പിക്കാൻ കെ.എസ്.ഇ.ബിയോ തയാറാകുന്നില്ല എന്നതിലാണ് ഉദ്യോഗസ്ഥ തലത്തിലെ ഒത്തുകളി സംശയം ഉയരുന്നത്. ഇതേക്കുറിച്ച് നിജസ്ഥിതി റിപ്പോർട്ട് സഹിതം സർക്കാരിന് സമർപ്പിക്കാൻ ബാധ്യതയുള്ള ഉന്നത ഉദ്യോഗസ്ഥർ കെ.എസ്.ഇ.ബിയെ അനുകൂലിക്കുന്ന റിപ്പോർട്ടാണ് സർക്കാറിന് നൽകുന്നത്. കൃത്യമായി പരിശോധിക്കുന്നുണ്ടെന്ന് സർക്കാരിനെ ബോധ്യപ്പെടുത്താൻ അപൂർവം അവസരങ്ങളിൽ കെ.എസ്.ഇ.ബി നൽകുന്ന കണക്കുകളിൽ ചില തർക്കങ്ങൾ ഉന്നയിച്ച് ചെറിയ തുകകൾ ഭേദഗതി വരുത്തി അംഗീകരിക്കുകയാണ് ഉദ്യോഗസ്ഥർ.
2013 മുതൽ 2023 വരെ സർക്കാരിന് വേണ്ടി പിരിച്ചെടുത്ത എനർജി ഡ്യൂട്ടി തുക വാലറ്റിൽ സൂക്ഷിച്ച ശേഷം കെ.എസ്.ഇ.ബി നിരത്തിയ വാദങ്ങൾ അംഗീകരിച്ച് സർക്കാർ നെറ്റോഫിലൂടെ ഒഴിവാക്കി നൽകിയിരുന്നു. എന്നാൽ 2023 നു ശേഷം ഇതുവരെ കെ.എസ്.ഇ.ബി ഒരു തുകയും ഈയിനത്തിൽ സർക്കാരിന് നൽകിയിട്ടില്ല. സർക്കാർ സ്ഥാപനങ്ങളുടെ കുടിശ്ശിക എത്രയുണ്ടെന്നും പ്രതിമാസം ഇലക്ട്രിസിറ്റി ഡ്യൂട്ടിയായി എത്രരൂപ കെ.എസ്.ഇ.ബി ശേഖരിക്കുന്നണ്ടെന്നതും കൃത്യമായി കണ്ടുപിടിക്കാൻ വളരെ എളുപ്പമാണെങ്കിലും അതിനൊന്നും ശ്രമിക്കാത്തത് ദുരൂഹമാണ്.
സംസ്ഥാന ധനകാര്യ വകുപ്പിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ സർക്കാർ നിയന്ത്രണത്തിലുള്ള ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിനെ ചുമതലപ്പെടുത്തി കൃത്യമായ വിവരശേഖരണവും പരിശോധനകളും നടത്തി ഇലക്ടിസിറ്റി ഡ്യൂട്ടി, സർക്കാർ കുടിശ്ശികകൾ എന്നിവയിൽ കൃത്യത വരുത്തിയാൽ ഖജനാവിന് വരുമാനമായി മാറേണ്ട തുക നഷ്ടമാകില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.