കോഴിക്കോട്: സംസ്ഥാന വിനോദസഞ്ചാര വകുപ്പ്, ഡി.ടി.പി.സി, ജില്ല ഭരണകൂടം എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാതല ഓണാഘോഷത്തിന്റെ ഭാഗമായി 22 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ അരങ്ങേറുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു.
24ന് വൈകീട്ട് ആറിന് കോഴിക്കോട് കടപ്പുറത്തെ പ്രധാന വേദിയില്‍ പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം നിര്‍വഹിക്കും. ടി. സിദ്ദീഖ് മുഖ്യാതിഥിയാകും. കോഴിക്കോട് നഗരത്തില്‍ കടപ്പുറം, ടൗണ്‍ ഹാള്‍, ബട്ട് റോഡ്, മാനാഞ്ചിറ, കുറ്റിച്ചിറ, തളി എന്നീ കേന്ദ്രങ്ങളാണ് വേദിയാവുക. നഗരത്തിന് പുറത്ത് 25ന് കോരപ്പുഴയില്‍ ജലോത്സവം, 26ന് അകലാപ്പുഴ, 27ന് കാപ്പാട്, 29ന് ഉള്ളൂര്‍ കടവ് എന്നിവിടങ്ങളില്‍ കയാക്കിങ് ഫെസ്റ്റ് ഉള്‍പ്പെടെയുള്ള പരിപാടികളും നടക്കും. 23ന് വൈകീട്ട് മൂന്നിന് കോഴിക്കോട് സൗത്ത് ബീച്ച് മുതല്‍ ഫ്രീഡം സ്ക്വയര്‍ വരെ വിളംബര ഘോഷയാത്ര നടക്കും.
ജില്ലയുടെ സാംസ്കാരിക തനിമയും കലാപെരുമയുമെല്ലാം കോര്‍ത്തിണക്കിയാണ് ഇത്തവണത്തെ ഓണാഘോഷ പരിപാടികള്‍ ആസൂത്രണം ചെയ്തത്. 22ന് തദ്ദേശ സ്ഥാപനങ്ങളുടെ പൂക്കള മത്സരം നടക്കും. പ്രധാന വേദിയായ കടപ്പുറത്ത് 24ന് തൈക്കൂടം ബാന്‍ഡിന്റെ സംഗീത പരിപാടി അരങ്ങേറും. 25ന് നര്‍ത്തകിയും നടിയുമായ ലക്ഷ്മി ഗോപാലസ്വാമിയും സംഘവും ഒരുക്കുന്ന നൃത്തപരിപാടി, ഹരീഷ് കണാരനും നിര്‍മല്‍ പാലാഴിയും അവതരിപ്പിക്കുന്ന കോമഡി ഷോ, 26ന് നരേഷ് അയ്യരുടെയും സംഘത്തിന്റെയും സംഗീത പരിപാടി, ധ്വനിതരംഗ് കൊച്ചിയുടെ ഡാന്‍സ് പ്രോഗ്രാം, 27ന് ഹരിശങ്കര്‍ ആന്‍ഡ് പാര്‍ട്ടിയുടെ ഗാനമേള, ബിജുല ബാലകൃഷ്ണന്റെ കുച്ചിപ്പുടി എന്നിവ അരങ്ങുണര്‍ത്തും.
28ന് കേരള സര്‍ക്കാരിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററും ചേര്‍ന്നൊരുക്കുന്ന പഞ്ചാബ്, രാജസ്ഥാന്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, തമിഴ്നാട് സംസ്ഥാനങ്ങളിലെ കലാരൂപങ്ങള്‍ കോര്‍ത്തിണക്കിയുള്ള 'ഇന്ത്യന്‍ വസന്തോത്സവം 2026' പരിപാടി അരങ്ങേറും. തുടര്‍ന്ന് ഷഹബാസ് അമന്റെ ഗസല്‍ നൈറ്റും ഉണ്ടാകും. 29ന് മധു ബാലകൃഷ്ണന് അവതരിപ്പിക്കുന്ന ഗാനമേളയും സൗഷ്ഠവ അവതരിപ്പിക്കുന്ന നൃത്തപരിപാടിയും അരങ്ങേറും.
30ന് സമാപന സമ്മേളനം മന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് സ്റ്റീഫന്‍ ദേവസ്സിയുടെ സംഗീതപരിപാടിയുണ്ടാകും. 25 മുതല്‍ 29 വരെ ഭട്ട് റോഡ് ബീച്ചില്‍ സൂഫി ഡാന്‍സ്, ഗാനമേള, നൃത്തപരിപാടികള്‍ എന്നിവയും ടൗണ്‍ ഹാളില്‍ നാടകവും അരങ്ങേറും. 25 മുതല്‍ 27 വരെ മാനാഞ്ചിറയില്‍ നാടന്‍ കലകള്‍, കുറ്റിച്ചിറയില്‍ ഗസല്‍, കോല്‍ക്കളി, വനിതാ ഗാനമേള, തളിയില്‍ ക്ലാസിക്കല്‍ ഡാന്‍സ്, മ്യൂസിക് എന്നിവയും വേദിയുണര്‍ത്തും. വിനോദസഞ്ചാരവകുപ്പ് അനുവദിച്ച 40 ലക്ഷം രൂപക്ക് പുറമെ വിവിധ വ്യാപാര സ്ഥാപങ്ങളുടെയും സംഘടനകളുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വാര്‍ത്തസമ്മേളനത്തില്‍ എം.എല്‍.എമാരായ അഡ്വ. കെ. ജയന്ത്, അഡ്വ. ഫൈസല്‍ ബാബു, ജില്ല പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍, കലക്ടര്‍ എം.എസ്. മാധവിക്കുട്ടി, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ പ്രദീപ് ചന്ദ്രന്, പ്രോഗ്രാം കോഓഡിനേറ്റര്‍ അഡ്വ. നിയാസ്, ഫിനാന്‍സ് കണ്‍വീനര്‍ എൻ. സുബ്രഹ്മണ്യന് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.