അനുരഞ്ജനശ്രമം ഫലിച്ചില്ല; റേഷൻ വിതരണത്തിൽ ആശങ്ക തുടരും

കോഴിക്കോട്: വെള്ളയിൽ സെൻട്രൽ വെയർഹൗസിങ് കോർപറേഷൻ ഗോഡൗണിൽ റേഷൻ സാധനങ്ങൾ ഇറക്കുന്നതുമായി ബന്ധപ്പെട്ട് തൊഴിലാളികൾ തമ്മിലുള്ള തർക്കത്തിന് പരിഹാരമായില്ല. ശനിയാഴ്ച ജില്ല ലേബർ ഓഫിസറുടെ നേതൃത്വത്തിൽ അനുരഞ്ജനശ്രമം നടത്തിയെങ്കിലും ഫലംകണ്ടില്ല. ഇതോടെ ഒരാഴ്ചയായി റേഷൻ വിതരണം മുടങ്ങിയിട്ടും പോംവഴി കാണാനാവാത്ത സ്ഥിതിയാണ്.

തൊഴിലാളി തർക്കത്തെതുടർന്ന് വെള്ളയിൽ സെൻട്രൽ വെയർഹൗസിങ് കോർപറേഷനിൽനിന്നുള്ള (സി.ഡബ്ല്യൂ.സി) റേഷൻ വിതരണമാണ് തടസ്സപ്പെട്ടത്. കോഴിക്കോട് നോർത്ത് സിറ്റി റേഷനിങ് ഓഫിസറുടെ പരിധിയിലെ 72 റേഷൻകടകളിലേക്കുള്ള വിതരണമാണ് മുടങ്ങിയത്. ഈ മാസത്തെ സ്റ്റോക്ക് ഇതിനകം നൽകിക്കഴിഞ്ഞെങ്കിലും ചില കടകളിൽ സാധനങ്ങളുടെ ലഭ്യതക്കുറവ് തുടങ്ങിയിട്ടുണ്ട്. പ്രശ്നപരിഹാരമായില്ലെങ്കിൽ ഫെബ്രുവരിയിലേക്കുള്ള റേഷൻ വിതരണത്തെ കാര്യമായി ബാധിക്കും.

എൻ.എഫ്.എസ്.എ തൊഴിലാളികളും സി.ഡബ്ല്യു.സി ഗോഡൗണിലെ തൊഴിലാളികളും തമ്മിലുള്ള തർക്കമാണ് പ്രശ്നം. കഴിഞ്ഞ ദിവസം റേഷൻസാധനങ്ങൾ ഇറക്കുമ്പോഴുണ്ടായ സംഘർഷം പൊലീസ് ഇടപെട്ടാണ് പരിഹരിച്ചത്.സി.ഡബ്ല്യു.സി തൊഴിലാളികളെ അറസ്റ്റ് ചെയ്ത് നീക്കി സാധനങ്ങൾ ഇറക്കുകയായിരുന്നു. സി.ഡബ്ല്യു.സി ഗോഡൗണിൽ റേഷൻ ഭക്ഷ്യധാന്യം ഇറക്കുന്നതുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി ലേബർ കമീഷനർ ഇറക്കിയ ഉത്തരവ് അംഗീകരിക്കില്ലെന്നാണ് എൻ.എഫ്.എസ്.എ തൊഴിലാളികൾ പറയുന്നത്.

67 ശതമാനം ജോലി എൻ.എഫ്.എസ്.എ തൊഴിലാളികൾക്കും 33 ശതമാനം സി.ബ്ല്യു.സി തൊഴിലാളികൾക്കുമായി ഇത്തരവ് പ്രകാരം നീക്കിവെക്കുകയായിരുന്നു. പൂളാടിക്കുന്നിലെയും വെള്ളയിലെയും ഗോഡൗണുകളിൽ സംഭരിക്കാൻ കഴിയാതെവരുന്ന ഭക്ഷ്യധാന്യമാണ് വാടകക്കെടുത്ത സി.ഡബ്ല്യു.സി ഗോഡൗണിലേക്ക് മാറ്റുന്നത്.

രണ്ട് വിഭാഗം തൊഴിലാളികൾക്കും തൊഴിൽ നഷ്ടമുണ്ടാകുമെന്നതിനാലാണ് തൊഴിലിൽ അനുപാതത്തിൽ ക്രമീകരണം നടത്താൻ ഡെപ്യൂട്ടി ലേബർ കമീഷണർ ഉത്തരവിട്ടത്. എൻ.എഫ്.എസ്.എ തൊഴിലാളികൾക്കാണ് ലോഡിറക്കാനുള്ള നിയമപരമായ അവകാശം. സി.ഡബ്ല്യു.സി തൊഴിലാളികൾക്ക് അവകാശമില്ലെന്നും തൊഴിൽ നഷ്ടമുണ്ടാകുന്ന സാഹചര്യത്തിലാണ് ഇവർക്ക് 33 ശതമാനം ജോലി അനുവദിച്ചതെന്നും കമീഷനർ ഉത്തരവിൽ പറയുന്നു.

ഇത് നിയമവിരുദ്ധമാണെന്നും മറ്റുള്ളവരെ തങ്ങളുടെ അവകാശമായ തൊഴിലിൽ ഇടപെടാൻ അനുവദിക്കില്ലെന്നും സി.എൻ.എഫ്.എസ്.എ തൊഴിലാളി യൂനിയൻ സി.ഐ.ടി.യു, ഐ.എൻ.ടിയു നേതാക്കളായ സി. മോഹനൻ, അഡ്വ. എം. രാജൻ എന്നിവർ അറിയിച്ചു.

Tags:    
News Summary - The crisis in ration distribution will continue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.