കോഴിക്കോട് മാനാഞ്ചിറ കോംട്രസ്റ്റിന് മുന്നിൽ റോഡിലെ തിരക്ക്
കോഴിക്കോട്: ഓണത്തിന് നഗരത്തിലെത്തുന്നവർക്ക് തിരിച്ചുപോക്കും വരവും എളുപ്പമാകില്ല. നഗരം അടുത്തൊന്നും കണ്ടിട്ടില്ലാത്തവിധമുള്ള ഗതാഗതക്കുരുക്കുകാരണം കാൽനടക്കാർ പോലും ദുരിതമനുഭവിക്കുകയാണ്. ആശുപത്രികളിലേക്ക് രോഗികളുമായി കുതിക്കുന്ന ആംബുലൻസുകളും ഏറെനേരം കുരുക്കിൽപെടുന്നു. ദേശീയപാത ബൈപാസ് നിർമാണം പുരോഗമിക്കുന്നതിന്റെ ഭാഗമായി സർവിസ് റോഡിലേക്ക് കടക്കാനുള്ള മാർഗങ്ങൾ പരിമിതപ്പെടുത്തിയതിന് പിന്നാലെയാണ് ഗതാഗതക്കുരുക്ക് രൂക്ഷമായതെന്നാണ് ട്രാഫിക് പൊലീസ് പറയുന്നത്.
പ്രധാന ജങ്ഷനായ തൊണ്ടയാടിനോട് ചേർന്ന് ദേശീയപാതയിലേക്ക് കടക്കാനും ഇറങ്ങാനും സൗകര്യമുണ്ട്. ഈ വഴിയിലൂടെ വാഹനങ്ങൾ കടന്നുവരുന്നത് മാവൂർ റോഡിൽ തൊണ്ടയാട് ഭാഗത്തേക്കാണ്. മെഡി. കോളജ് ഭാഗത്തുനിന്നുള്ള വാഹനങ്ങളും നഗരത്തിൽനിന്ന് തൊണ്ടയാട് ഭാഗത്തേക്കുള്ള വാഹനങ്ങളും ദേശീയപാത ബൈപാസിൽനിന്ന് തൊണ്ടയാട് സർവിസ് റോഡിലേക്കിറങ്ങി നഗരത്തിലേക്കെത്തുന്ന വാഹനങ്ങളുമെല്ലാം പൊറ്റമ്മൽ വഴിയാണ് കടന്നുപോകുന്നത്.
കൂടാതെ ദേശീയപാതയിൽനിന്ന് പാലാഴി ഭാഗത്തെ സർവിസ് റോഡിലേക്കിറങ്ങുന്ന വാഹനങ്ങളും മാങ്കാവ് ഭാഗത്തുനിന്നും മറ്റും കുതിരവട്ടം ഭാഗം വഴിയുള്ള വാഹനങ്ങളും പൊറ്റമ്മലിലാണ് വന്നുചേരുന്നത്. ഈ ജങ്ഷനിൽ വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നതാണ് മാവൂർ റോഡിലെ തിരക്കിന് പ്രധാന കാരണമെന്നാണ് ട്രാഫിക് പൊലീസ് പറയുന്നത്. പൊറ്റമ്മൽ ജങ്ഷനിൽനിന്ന് കുതിരവട്ടം ഭാഗത്തേക്കുള്ള വാഹനങ്ങൾ കടന്നുപോകാൻ സാധിക്കാതെ വന്നാൽ ഇവിടെ ഗതാഗതക്കുരുക്ക് രൂക്ഷമാകും. ഇതോടെ പാലാഴി ഭാഗത്ത് നിന്നുള്ള വാഹനങ്ങളും തൊണ്ടയാട് ഭാഗത്തുനിന്നുള്ളവയും കുരുക്കിൽപെടും.
കുതിരവട്ടം ഭാഗത്തേക്ക് വലിയ വാഹനങ്ങൾ കടക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തിയാൽ ഒരുപരിധിവരെ കുരുക്ക് ഒഴിവാക്കാനാകുമെന്നാണ് ട്രാഫിക് പൊലീസിന്റെ കണക്കുകൂട്ടൽ. കാരപ്പറമ്പ്, എരഞ്ഞിപ്പാലത്തെയും കുരുക്കും യാത്രക്കാർക്ക് ഏറെ ദുരിതമാണ്. ബാലുശ്ശേരി ഭാഗത്തേക്കും കോഴിക്കോട് ഭാഗത്തേക്കും പോകുന്ന വാഹനങ്ങൾക്ക് കരിക്കാംകുളവും എരഞ്ഞിപ്പാലവും കടന്നുകിട്ടാൻ ഏറെ സമയം വേണം. ഗതാഗതക്കുരുക്ക് മൂലം ജനം നഗരത്തിലേക്ക് വരാൻ മടിക്കുകയാണ്. ഇത് ഓണവിപണിയെ ബാധിക്കുമെന്ന് വ്യാപാരികൾ ആശങ്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.