എ​തി​ർ​ത്ത​വ​ർ​ ത​ന്നെ നി​യ​മ​ന​ത്തി​ന് ഒ​രു​ങ്ങു​ന്നു; ടെക്നിക്കൽ അസിസ്റ്റന്റുമാരെ സ്ഥിരപ്പെടുത്താൻ വീണ്ടും നീക്കം

കക്കോടി: കഴിഞ്ഞ സർക്കാറിന്റെ അവസാന കാലത്ത് വിവാദമായ ടെക്നിക്കൽ അസിസ്റ്റന്റുമാരെ സ്ഥിരപ്പെടുത്താൻ വീണ്ടും നീക്കം. തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ടെക്നിക്കൽ അസിസ്റ്റന്റുമാരെ സ്ഥിരപ്പെടുത്താൻ കേരള ഗ്രാമപഞ്ചായത്ത് ടെക്നിക്കൽ അസിസ്റ്റന്റസ് ഓർഗനൈസേഷൻ (സി.ഐ.ടി.യു) നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ സർക്കാറിന്റെ കാലത്ത് ഇവരെ സ്ഥിരപ്പെടുത്താനുള്ള നീക്കം നടന്നത്. ശിപാർശ കത്ത് പുറത്തായതോടെ നീക്കം ഉപേക്ഷിക്കുകയായിരുന്നു. ഭരണാനുകൂല സംഘടനയുടെ നീക്കമെന്നായിരുന്നു അന്നത്തെ പ്രതിപക്ഷ പാർട്ടിയും അനുകൂല സംഘടനകളും പ്രചാരണം നടത്തിയത്. ഭരണം മാറി മാസങ്ങൾക്കകം നിലവിലെ ഭരണാനുകൂല സംഘടനയായ കേരള ലോക്കൽ ബോഡി ടെക്നിക്കൽ അസിസ്റ്റന്റ് അസോസിയേഷൻ (കെൽറ്റ) ആണ് ടെക്നിക്കൽ അസിസ്റ്റന്റുമാരെ സ്ഥിരപ്പെടുത്താൻ അണിയറയിൽ നീക്കം നടത്തുന്നത്.

മുൻസർക്കാറിന്റെ കാലത്ത് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എളമരം കരീം ആയിരുന്നു ശിപാർശ നൽകിയിരുന്നത്. ഈ ശിപാർശ കത്തിനൊപ്പം സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് കെ.എസ്. സുനിൽ കുമാർ നൽകിയ നിവേദനത്തിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ ആകെയുള്ള 900 പേരിൽ 872 പേരും സി.ഐ.ടി.യു യൂനിയനിൽ അംഗങ്ങളാണെന്നും എല്ലാവരും ദേശാഭിമാനി വരിക്കാർ ആണെന്നതുമാണ്. മറ്റൊരു സംഘടനക്കും ഈ മേഖലയിൽ യൂനിയൻ ഇല്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു. 2025 ഒക്ടോബറിലാണ് നിവേദനം നൽകിയത്. നിലവിലെ സർക്കാർ അധികാരമേറ്റ് 22 ദിവസം കഴിഞ്ഞ് ജൂൺ ഒമ്പതിന് പുതിയ സംഘടന നൽകിയ നിവേദനത്തോടൊപ്പം ചേർത്തിരിക്കുന്ന ശിപാർശ കത്തിൽ തിരുവനന്തപുരത്തെ യു.ഡി.എഫ് നേതാവ് അനിൽകുമാർ പറഞ്ഞിരിക്കുന്നത് ജീവനക്കാർ ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് നിയമിക്കപ്പെട്ടവരാണ് എന്നാണ്. ടെക്നിക്കൽ അസിസ്റ്റന്റുമാർ ഇല്ലെങ്കിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രവർത്തനങ്ങൾ ആകെ തകിടം മറിയും എന്നും ഇവരുടെ ശമ്പളം തനതു ഫണ്ടിൽ നിന്ന് നൽകുന്നതിനാൽ സർക്കാരിന് അധിക ബാധ്യത ഇല്ലെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ നിവേദനവും ശിപാർശ കത്തും മുഖ്യമന്ത്രി വി.ഡി. സതീശൻ ഉചിതമായ നടപടികൾക്കായി തദ്ദേശഭരണ പ്രിൻസിപ്പൽ ഡയറക്ടർക്ക് റിപ്പോർട്ടിനായി അയക്കുകയും പ്രിൻസിപ്പൽ ഡയരക്ടറേറ്റാൽ നിന്നും അത് താഴെതട്ടിലുള്ള ഗ്രാമപഞ്ചായത്തുകളിൽ എത്തുകയും ചെയ്തു.

മുൻ സർക്കാറിന്റെ കാലത്ത് ഇവരെ സ്ഥിരപ്പെടുത്തുന്നതിനുള്ള നീക്കം പുറത്തുവന്നപ്പോൾ ചട്ടവിരുദ്ധമായ നടപടിയാണെന്നും അതിനെതിരെ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും പ്രഖ്യാപിച്ചവർ തന്നെ സ്ഥിരനിയമനം നടത്തുന്നത്.

Tags:    
News Summary - Technical Assistants Regularisation Move Resurfaces

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.