കെ.എസ്.ആർ.ടി.സി: മന്ത്രി വന്നുപോയിട്ട് മൂന്നുമാസം ശാപമോക്ഷമില്ലാതെ ബസ് ടെർമിനൽ

കോഴിക്കോട്: ഇക്കഴിഞ്ഞ ആഗസ്റ്റ് നാലിനാണ് ഗതാഗത മന്ത്രി സി.പി. ജോൺ കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയത്. മന്ത്രിയുടെ സന്ദർശനത്തോടെ കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന്റെ നവീകരണ പ്രവൃത്തികൾക്ക് വേഗം കൂടുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ, ഗതാഗതമന്ത്രിയുടെ സന്ദർശനം കഴിഞ്ഞ് മൂന്നുമാസമാകുന്ന വേളയിലും കെ.എസ്.ആർ.ടി.സി ടെർമിനലിന്റെ അവസ്ഥയിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല.

യാത്രക്കാരുടെ സുരക്ഷയെ മുൻനിർത്തി ചില അടിയന്തര പ്രഖ്യാപനങ്ങൾ നടത്തിയെങ്കിലും കാര്യമായ നവീകരണ പ്രവർത്തനങ്ങളിലേക്ക് ഇതുവരെ കടക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. തന്മൂലം യാത്രക്കാരുടെ ദുരിതം ഇപ്പോഴും പഴയപടി തുടരുകയാണ്. കഴിഞ്ഞ ജൂണിൽ കനത്ത മഴയിൽ കെട്ടിടത്തിന്റെ ഏറ്റവും താഴത്തെ നിലയിലെ സീലിങ് അടർന്ന് വീണ് രണ്ട് യാത്രക്കാർക്ക് പരിക്കേറ്റിരുന്നു. അതിനു പിന്നാലെയാണ് മന്ത്രി കെട്ടിടം സന്ദർശിച്ചത്. കെട്ടിടത്തിന്റെ ഘടനാപരമായ തകരാറുകൾ പരിശോധിച്ച് അടിയന്തര നവീകരണ തീരുമാനങ്ങൾ എടുക്കുന്നതിനായി പുതിയ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തു.

ആ സമിതിയുടെ റിപ്പോർട്ട് പരിശോധിച്ച ശേഷമായിരിക്കും പിന്നീടുള്ള നടപടികളെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി സാമ്പിളുകൾ ശേഖരിക്കാനും പ്രാഥമിക വിലയിരുത്തലുകൾ നടത്താനും നടപടികൾ തുടങ്ങിയെങ്കിലും നവീകരണത്തിനായുള്ള അന്തിമ പ്ലാനോ ടെൻഡർ നടപടികളോ ഇതുവരെ ആരംഭിച്ചിട്ടില്ല. സീലിങ് അടർന്നു വീണതിനെ തുടർന്ന് താൽകാലികമായി ചില സുരക്ഷാമുൻകരുതലുകൾ എടുത്തതല്ലാതെ കെട്ടിടത്തിന്റെ പ്രധാന പ്രശ്നമായ ബലക്ഷയത്തിന് പരിഹാരം കാണാൻ സാധിച്ചിട്ടില്ല. ഇടക്ക് മഴ പെയ്താലുണ്ടാകുന്ന ചോർച്ചയും കെട്ടിടത്തിനുള്ളിലെ വെള്ളക്കെട്ടും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നുണ്ട്.

പവർകട്ടുകളിൽ ടെർമിനലിലെ ബാക്കപ്പ് ജനറേറ്റർ പ്രവർത്തിക്കാത്തത് വലിയ പ്രശ്നമായിരുന്നു. തുടർന്ന് രാത്രികാലങ്ങളിൽ കെട്ടിടം ഇരുട്ടിലാകുന്നതോടെ യാത്രക്കാർ മൊബൈൽ ഫോൺ ഫ്ലാഷുകൾ ഉപയോഗിച്ച് ബസ് തിരയേണ്ടി വരുന്ന അവസ്ഥയുമുണ്ടായിരുന്നു.

യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്ന പൊതുശൗചാലയങ്ങൾ ഒട്ടും വൃത്തിയുള്ളതല്ലെന്നും അസഹനീയമായ ചൂടും വായുസഞ്ചാരമില്ലായ്മയും ടെർമിനലിൽ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും പരാതികളുണ്ട്. ചുരുക്കിപ്പറഞ്ഞാൽ 74.63 കോടി രൂപ ചെലവഴിച്ച് നിർമിച്ച് 2015ൽ ഉദ്ഘാടനം ചെയ്ത നഗരമധ്യത്തിലെ ഈ കെട്ടിട സമുച്ചയം ശാപമോക്ഷമില്ലാത്ത രീതിയിൽ ഗുരുതരമായ നിർമാണ അപാകതകളും സുരക്ഷാ ഭീഷണികളും നേരിടുകയാണ്. മദ്രാസ് ഐ.ഐ.ടി നടത്തിയ പഠനത്തിൽ ടെർമിനലിലെ 90 ശതമാനത്തിലധികം തൂണുകൾക്കും ബീമുകൾക്കും സ്ലാബുകൾക്കും ഗുരുതരമായ ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയിരുന്നു. കെട്ടിടം അറ്റകുറ്റപ്പണി നടത്തി ബലപ്പെടുത്താൻ മാത്രം 20 കോടി രൂപ മുതൽ 32 കോടി വരെ ചെലവ് വരുമെന്നാണ് വിവിധ ഏജൻസികളുടെ വിലയിരുത്തൽ. ഇത്രയും പൈസ ചെലവഴിക്കുന്നതിന് പകരം, പുതിയ കെട്ടിടം നിർമിക്കുന്നതാണ് നല്ലത് എന്ന അഭിപ്രായമാണ് കെ. ജയന്ത് എം.എൽ.എ പങ്കുവെച്ചത്.

കൂടാതെ, കെട്ടിടത്തിന്റെ വാണിജ്യ ആവശ്യങ്ങൾക്കായി ലേലത്തിൽ പിടിച്ച അലിഫ് ബിൽഡേഴ്സും കെട്ടിട ഉടമസ്ഥരായ കെ.ടി.ഡി.എഫ്.സിയും തമ്മിൽ വാടകയെച്ചൊല്ലിയും അറ്റകുറ്റപ്പണി ചെലവുകളെച്ചൊല്ലിയും ഹൈകോടതിയിൽ നിയമ തർക്കം നിലനിൽക്കുന്നുണ്ട്. ബലക്ഷയം കാരണം കെട്ടിടം പൂർണമായി ഉപയോഗിക്കാൻ കഴിയാത്തതിനാൽ കമ്പനി വാടക നൽകുന്നത് നിർത്തിവെച്ചിരിക്കുകയാണ്.

Tags:    
News Summary - Kozhikode KSRTC Terminal Renovation Stalled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.