‘ഫലസ്തീനെ മറക്കില്ല’; അധിനിവേശത്തിനെതിരായ ചെറുത്തുനിൽപ്പിന് ഐക്യദാർഢ്യവുമായി ഫലസ്തീൻ സ്ക്വയർ

കോഴിക്കോട്: ഫലസ്തീൻ ജനതയുടെ വിമോചന പോരാട്ടത്തെയും അധിനിവേശത്തിനെതിരായ അവരുടെ ചെറുത്തുനിൽപ്പിനെയും ലോകം മറക്കരുതെന്ന സന്ദേശവുമായി സ്റ്റുഡന്റ്സ് കലക്ടീവ് ഫോർ ഫലസ്തീന്റെ നേതൃത്വത്തിൽ ‘ഫലസ്തീൻ സ്ക്വയർ’ സംഘടിപ്പിച്ചു. കോഴിക്കോട് കാലിക്കറ്റ് ബീച്ചിലായിരുന്നു പരിപാടി.

ഫലസ്തീൻ ജനതയുടെ ചരിത്രവും അവകാശ പോരാട്ടങ്ങളും ഓർമിപ്പിച്ച പരിപാടി, അധിനിവേശത്തിനെതിരെ ഫലസ്തീൻ പ്രതിരോധത്തിന്റെ ചരിത്രം പൊതുസമൂഹം തിരിച്ചറിയേണ്ടതിന്റെ ആവശ്യകത ഉയർത്തിക്കാട്ടി. ഫലസ്തീൻ ജനതയുടെ സ്വാതന്ത്ര്യത്തിനും നീതിക്കും സ്വയംനിർണയാവകാശത്തിനും വേണ്ടിയുള്ള പോരാട്ടത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച പരിപാടി, അവരുടെ ചെറുത്തുനിൽപ്പിനെ ചരിത്രത്തിൽനിന്ന് മായ്ച്ചുകളയാനാവില്ലെന്ന സന്ദേശവും മുന്നോട്ടുവെച്ചു.

ഫലസ്തീനിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ പൊതുസമൂഹം ശബ്ദമുയർത്തണമെന്നും അധിനിവേശത്തിനെതിരായ നിലപാട് ജീവിതത്തിലും ഉപഭോഗശീലങ്ങളിലും പ്രതിഫലിക്കണമെന്നും ആഹ്വാനം ചെയ്തു. ഇതിന്റെ ഭാഗമായി, അധിനിവേശത്തിന് പിന്തുണ നൽകുന്ന കമ്പനികളുടെ ഉൽപന്നങ്ങൾക്കെതിരായ ബഹിഷ്കരണ കാമ്പയിനുകൾക്ക് പിന്തുണ നൽകാനും ബോധപൂർവമായ ഉപഭോക്തൃനിലപാട് സ്വീകരിക്കാനും ആവശ്യപ്പെട്ടു.

കലയും സന്ദേശങ്ങളും പ്രതിരോധത്തിന്റെ പ്രതീകങ്ങളും ഉൾക്കൊണ്ട പരിപാടി, ഫലസ്തീൻ ജനതയുടെ വേദനയും അതിജീവനവും വിമോചനാഭിലാഷവും പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ചു. “ഫലസ്തീനെ മറക്കില്ല; അവരുടെ ചെറുത്തുനിൽപ്പിനെയും സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തെയും മറവിയിലേക്ക് തള്ളാൻ അനുവദിക്കില്ല” എന്ന സന്ദേശമാണ് ഫലസ്തീൻ സ്ക്വയർ മുന്നോട്ടുവെച്ചത്.

Tags:    
News Summary - "Will not forget Palestine"; Palestine Square in solidarity with resistance against occupation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.