മത്സ്യത്തൊഴിലാളിയുടെ മകനിൽ നിന്ന് സർവകലാശാല നഷ്ടപരിഹാരം ഈടാക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: ഡിഗ്രി കോഴ്സിന്റെ ഭാഗമായ കായികപഠനത്തിനിടയിൽ പഠനം ഉപേക്ഷിക്കേണ്ടി വന്ന മത്സ്യത്തൊഴിലാളിയുടെ മകനായ വിദ്യാർഥ്യയിൽ നിന്നും സർവകലാശാലക്കുണ്ടായ നഷ്ടം എന്ന നിലയിൽ 75,000 രൂപ ഈടാക്കാനുള്ള നടപടി ഉപേക്ഷിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേരള ഫിഷറീസ് സർവകലാശാലാ രജിസ്ട്രാർക്ക് നിർദ്ദേശം നൽകി.
പരാതിക്കാരന്റെ ശാരീരിക അവസ്ഥ, ചികിത്സയും ശസ്ത്രക്രിയയും നടത്തേണ്ടി വന്ന സാഹചര്യം, കുടുംബത്തിന്റെ സാമ്പത്തിക പരാധീനത, മത്സ്യത്തൊഴിലാളിയുടെ മകനെന്ന നിലയിൽ സംവരണ ക്വാട്ടയിൽ ലഭിച്ച പ്രവേശനം തുടങ്ങിയവ കണക്കിലെടുക്കണമെന്നും ഉത്തരവിൽ പറഞ്ഞു. മറ്റൊരു കോഴ്സിനോ, കോളജിലോ ചേരാൻ വിദ്യാർത്ഥി സ്വമേധയാ പഠനം ഉപേക്ഷിക്കുന്ന സാഹചര്യത്തിൽ സർവകലാശാലക്കുണ്ടായ നഷ്ടം പരിഹരിക്കാനാണ് തുക ഈടാക്കുന്നത്. എന്നാൽ ഇവിടെ ബാച്ചിലർ ഓഫ് ഫിഷറീസ് ബിരുദത്തിന് ചേർന്ന വിദ്യാർഥി കോഴ്സിന്റെ ഭാഗമായുള്ള കായിക പരിശീനത്തിനിടയിലാണ് കാലിലെ ലിഗ്മെന്റിന് ഗുരുതരമായി പരിക്കേറ്റ് ശസ്ത്രക്രിയക്ക് വിധേയനായത്. കായിക പരിശീലനം നേടാൻ ബുദ്ധിമുട്ടാണെന്ന് ഡോക്ടറുടെ നിർദ്ദേശവുമുണ്ട്. ഇതാണ് കോഴ്സ് ഉപേക്ഷിക്കാൻ കാരണം.
പരാതിക്കാരൻ മറ്റൊരു കോഴ്സിൽ ചേരാനല്ല ബാച്ചിലർ ഓഫ് ഫിഷറീസ് ഉപേക്ഷിച്ചത്. പരാതിക്കാരന്റെ നിയന്ത്രണത്തിന് അതീതമായ ശാരീരിക പരിമിതിയാണുണ്ടായത്. കായിക പരിശീലനം ആവശ്യമില്ലാത്ത മറ്റൊരു കോഴ്സിൽ ചേരുന്നതിനോ തൊഴിൽ തേടുന്നതിനോ സാധ്യമാക്കുന്നതിന് പരാതിക്കാരന്റെ സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും സർവകലാശാല തിരികെ നൽകണമെന്നും കുഫോസ് രജിസ്ട്രാർക്ക് കമീഷൻ നിർദ്ദേശം നൽകി. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ കുഫോസ് രജിസ്ട്രാർ രണ്ടാഴ്ചക്കുള്ളിൽ കമീഷനെ അറിയിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.