നാലു ചുവരുകൾക്കപ്പുറം കടലോളം സ്നേഹവുമായി നരിക്കുനി 'അത്താണി'

നരിക്കുനി: നാലു ചുവരുകൾക്കുള്ളിലെ ഏകാന്തതയിൽ നിന്നും രോഗശയ്യയുടെ നോവുകളിൽ നിന്നും താൽക്കാലികമായി മോചിതരായി അവരിന്ന് കടൽക്കാറ്റേൽക്കാൻ ഒത്തുചേരുന്നു. ഒറ്റപ്പെട്ടുപോയ അനേകരുടെ ജീവിതങ്ങളിൽ സ്നേഹത്തിന്റെയും കരുതലിന്റെയും പ്രകാശം ചൊരിയുന്ന നരിക്കുനി അത്താണിയുടെ 20 ആം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന കടലോളം 2.0 ഞായറാഴ്ച വൈകിട്ട് 4-30ന് കോഴിക്കോട് ബീച്ചിൽ നടക്കും.

ശാരീരിക പരിമിതികളെ അതിജീവിച്ച്, തിരമാലകളുടെ സംഗീതം ആസ്വദിക്കാനും അല്പസമയം മനസ്സ് തുറന്ന് സംസാരിക്കാനുമായി അത്താണിയുടെ പരിചരണത്തിലുള്ള 150-ഓളം കിടപ്പുരോഗികളാണ് കോഴിക്കോട് കടപ്പുറത്തേക്ക് എത്തുന്നത്. നൂറോളം ആംബുലൻസുകളിലായി പൂർണ സജ്ജീകരണങ്ങളോടെയാണ് ഇവരെ ബീച്ചിലേക്ക് കൊണ്ടുവരിക.

അത്താണിയുടെ വാർഷിക ആഘോഷങ്ങളുടെ സമാപന പരിപാടി ഒക്ടോബർ 22 മുതൽ 25 വരെ നരിക്കുനിയിലെ അത്താണി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. നാല് ദിവസങ്ങളിലായി നടക്കുന്ന വിവിധ സെഷനുകളടങ്ങുന്ന ഈ വാർഷിക സമ്മേളനത്തിൽ മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ തുടങ്ങിയ ജനപ്രതിനിധികളും സാമൂഹിക, മത, രാഷ്ട്രീയ, സാംസ്കാരിക, വ്യാവസായിക, മാധ്യമ രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കുമെന്ന്

അത്താണി സെക്രട്ടറി വി.പി. അബ്ദുൽ ഖാദർ മാസ്റ്റർ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ നവാസ് പൂനൂർ, കൺവീനർ നൗഷാദ് നരിക്കുനി എന്നിവർ അറിയിച്ചു.

2005ൽ ഒരു കിടപ്പുരോഗിയെ പരിചരിച്ചുകൊണ്ട് യാത്ര തുടങ്ങിയ അത്താണിയിൽ ഇന്ന് സ്വന്തമായി ആശ്രയമില്ലാത്ത 75 അന്തേവാസികളാണ് കഴിയുന്നത്. ഇതിനുപുറമെ ഏഴു പഞ്ചായത്തുകളിലായി 800 ഓളം രോഗികൾക്ക് പാലിയേറ്റീവ് പരിചരണവും നൽകിവരുന്നു. 20 കോടിയിലധികം രൂപ ചെലവ് പ്രതീക്ഷിക്കുന്ന, വിപുലമായ പുനരധിവാസ പദ്ധതിയായ 'ഹാർമണി വില്ലേജ്' യാഥാർഥ്യമാക്കാനുള്ള ശ്രമത്തിലാണ് അത്താണി പ്രവർത്തകർ.

Tags:    
News Summary - Beyond Four Walls: Narikkuni Athani Takes 150 Bedridden Patients to Kozhikode Beach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.