വടകര: ദേശീയപാതയിൽനിന്ന് പാചകവാതക ടാങ്കർലോറി തെന്നിമാറി ഒഴിവായത് വൻ ദുരന്തം. വടകര പുതിയ ബസ് സ്റ്റാൻഡ് അപ്പോളോ ജ്വല്ലറിക്ക് സമീപത്തുവെച്ചാണ് ടാങ്കർ തെന്നിമാറി റോഡിൽനിന്ന് താഴേക്ക് പതിച്ചത്. ചൊവ്വാഴ്ച പുലർച്ചെ നാലരയോടെയാണ് സംഭവം. മംഗളൂരുവിൽനിന്ന് പാലക്കാട് കഞ്ചിക്കോട്ടേക്ക് പാചകവാതകവുമായി പോകുകയായിരുന്ന ടാങ്കറാണ് അപകടത്തിൽപെട്ടത്. ഇന്നോവ കാർ ടാങ്കറിൽ ഇടിക്കാൻ നോക്കിയപ്പോൾ വെട്ടിച്ചതാണ് അപകടത്തിനിടയാക്കിയതെന്നാണ് ഡ്രൈവർ നാമക്കൽ സ്വദേശി തിരുപ്പതി പൊലീസിനെ
വിളിച്ചറിയിച്ചത്. ഇന്നോവ കാറിൽ സഞ്ചരിച്ചവർതന്നെ പൊലീസിൽ വിവരം അറിയിക്കാനാണെന്ന വ്യാജേന കാറിൽ കയറ്റി തന്റെ ഫോണും വാഹനരേഖകളും കൈക്കലാക്കി മാഹിയിൽ ഇറക്കിവിട്ടതായും ടാങ്കർ ലോറി ഡ്രൈവർ തിരുപ്പതി പൊലീസിനോട് പറഞ്ഞു.
കാറിൽ മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയുമാണ് കാറിൽ ഉണ്ടായിരുന്നതെന്നും ഡ്രൈവർ പറഞ്ഞു. ലോറിഡ്രൈവറുടെ മൊഴിയിൽ അവ്യക്തതയുണ്ടെന്നും ഇയാൾ മദ്യലഹരിയിലായതിനാൽ മുങ്ങിയതാണെന്ന് സംശയമുണ്ടെന്നും വടകര പൊലീസ് പറഞ്ഞു. ടാങ്കർ അപകടത്തിൽപെട്ട വിവരം രാവിലെ ഒമ്പതരയോടെയാണ് അഗ്നിരക്ഷാസേനയെ അറിയിക്കുന്നത്. ടാങ്കറിൽ ചോർച്ചയില്ലാത്തതിനാൽ വൻ അപകടമാണ് ഒഴിവായത്. അഗ്നിരക്ഷാ
സേനയുടെ രണ്ടു യൂനിറ്റ് സ്ഥലത്തെത്തി രണ്ടു ക്രെയിനുകളുടെ സഹായത്തോടെയാണ് ടാങ്കർ റോഡിലേക്ക് കയറ്റിയത്. അപകടകരമായി വാഹനമോടിച്ചതിന് ടാങ്കർ ലോറി ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്റ്റേഷൻ ഓഫിസറുടെ കീഴിൽ അഗ്നിരക്ഷാസേനയും പൊലീസും വാഹനം മാറ്റാൻ നേതൃത്വം നൽകി. വടകര തഹസിൽദാർ കെ.കെ. പ്രസീൽ, ഡെപ്യൂട്ടി തഹസിൽദാർ വി.കെ. സുധീർ എന്നിവർ സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.