കോഴിക്കോട്: നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ 19 പേരെ തെരുവുനായ് കടിച്ച് പരിക്കേൽപിച്ചു. അമ്മയോടൊപ്പം നടന്നുപോവുകയായിരുന്ന നാലു വയസ്സുകാരിക്ക് നായുടെ കടിയേറ്റു. അമ്മ സാഹസികമായി കുഞ്ഞിനെ നായുടെ ആക്രമണത്തിൽനിന്ന് രക്ഷിച്ചെങ്കിലും കുട്ടിയുടെ കാലിന് സാരമായി കടിയേറ്റു.
നടക്കാവ്, ക്രിസ്ത്യൻ കോളജ്, മാവൂർ റോഡ്, ശങ്കുണ്ണി റോഡ്, കുണ്ടുങ്ങൽ കണ്ണാടിക്കൽ, കക്കോടി, കരുവിശ്ശേരി, പട്ടർപാലം തുടങ്ങിയ ഇടങ്ങളിൽ നിന്നാണ് കാൽനടക്കാർക്ക് തെരുവുനായുടെ കടിയേറ്റത്. അഫിയ (20), ഹിബ (16) കണ്ണാടിക്കൽ, സാമിക്കുട്ടി (61) അത്തോളി, മുഹമ്മദ് ഷമീം (25) ഒളവണ്ണ, ജിഷ്ണു (24) ചെറുകുളം, പ്രേമൻ(70) കക്കോടി, സിയ മെഹർ (13) നടക്കാവ്, അഷിന ഫാത്തിമ(12) നടക്കാവ്, നഹീന (22) നടക്കാവ്, ഫർഹീം (21) കരുവിശ്ശേരി, യാക്കൂബ് (34) കുണ്ടുങ്ങൽ, ചിത്ര(26) മാവൂർ റോഡ്, ഷീന പി. ചന്ദ്രൻ (41) പട്ടർപാലം, അമൽ രാജ് (26) മാവൂർ റോഡ് എന്നിവരാണ് തെരുവുനായുടെ കടിയേറ്റ് മെഡി. കോളജ്, ബീച്ച് ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സ തേടിയത്.
കൂടുതൽ പേർക്കും കാലിനാണ് പരിക്കേറ്റത്. ആഴത്തിലുള്ള മുറിവാണ് പലരുടേതും. നായ് പിന്നാലെ വന്ന് കടിച്ച് ഓടിമറയുകയായിരുന്നു. നഗരത്തിൽ തെരുവുനായ് ശല്യം രൂക്ഷമായിരിക്കുകയാണ്. നായുടെ ആക്രമണത്തിൽ പരിക്കേറ്റവർ വലിയ ആശങ്കയിലാണ്. നടക്കാവ് മേഖലയിൽ ഒരേ നായാണ് എല്ലാവരെയും ആക്രമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.