ജയേന്ദ്രൻ മാസ്റ്റർ
ജയേന്ദ്രൻ മാസ്റ്റർ: ഉച്ചനീചത്വങ്ങൾ മറികടന്ന പണ്ഡിത തേജസ്സ്
കോഴിക്കോട്: ‘വിദ്യാഭ്യാസത്തിലെ ജാതീയ വേര്‍തിരിവുകളുടെ വേദനകള്‍ അനുഭവിച്ചവരാണ് കഴിഞ്ഞ ദിവസം അന്തരിച്ച ജയേന്ദ്രൻ മാസ്റ്ററുടെ കുടുംബം. ‘പരന്ന വായനയിലൂടെ പാണ്ഡിത്യത്തിലേക്ക് കാലെടുത്തുവെക്കാന്‍ തുടങ്ങിയ അവന് ചില്ലറക്കാരനല്ല. എന്നെപ്പോലുള്ളവരെ വായനയിലേക്കും സാഹിത്യത്തിലേക്കുമൊക്കെ പ്രചോദിപ്പിച്ച അവന് ഒരു വൈജ്ഞാനിക തറവാടിത്തമുണ്ട്. മലയാളത്തിന് ആദ്യത്തെ നിഘണ്ടു സമ്മാനിച്ച, സാക്ഷാല്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനെ മലയാളവും സംസ്കൃതവും പഠിപ്പിച്ച ഊരാച്ചേരി ഗുരുക്കന്മാരുടെ പിന്മുറക്കാരനാണ് അവന്. ജയേന്ദ്രന്റെ മുത്തച്ഛന്റെ മുത്തച്ഛനാണ് ഗുണ്ടര്‍ട്ടിന്റെ ഗുരുനാഥന്’-അന്തരിച്ച ജയേന്ദ്രൻ മാസ്റ്ററെക്കുറിച്ച് പുനത്തില്‍ കുഞ്ഞബ്ദുല്ല തന്റെ പുസ്തകത്തിൽ കുറിച്ച വാക്കുകളാണിത്.
ബ്രണ്ണന്‍ കോളജില്‍ പുനത്തിലിന്റെ ഏറ്റവും അടുത്ത കൂട്ടുകാരായ മൂവര്‍ സംഘത്തിലെ ഒരാളായിരുന്നു ജയേന്ദ്രന്‍ മാഷ്. ‘ഊരാച്ചേരി കുടുംബത്തിലെ എല്ലാവരും സംസ്കൃത പണ്ഡിതന്മാരായിരുന്നു. ജയേന്ദ്രന്‍ മാത്രം ഇംഗ്ലീഷ് പണ്ഡിതനായി. അത് എനിക്ക് ഗുണം ചെയ്തു. അവനാണല്ലോ എനിക്ക് ഇംഗ്ലീഷ് കഥകളും പുസ്തകങ്ങളും പരിചയപ്പെടുത്തിത്തരുന്നത്. കല്യാണം കഴിക്കാത്ത അവന്റെ കൂട്ട് പുസ്തകങ്ങളോടാണ്. lust of life (ജീവിതാസക്തി) മലയാളത്തിലേക്ക് തര്‍ജമ ചെയ്തത് ജയേന്ദ്രനാണ്. പടിഞ്ഞാറന്‍ മുന്നണിയില്‍ എല്ലാം ശാന്തമാണ് (all quiet on the western front), അവസാനത്തെ കവിത (sheshr kobitha) എന്നിവയും ജയേന്ദ്രനാണ് തര്‍ജമ ചെയ്തത്’ -പുനത്തിൽ തുടർന്നു.
പുസ്തകപ്പേജുകളിലെ വെറും വിവരകൈമാറ്റ ഇടങ്ങളല്ല ക്ലാസ് മുറികളെന്നും ജീവിതത്തെ കാണാനും മനസ്സിലാക്കാനും പഠിപ്പിക്കുന്ന വഴികളാണെന്നുമുള്ള ഉത്തമബോധ്യത്തിൽ വിദ്യാർഥികൾക്ക് ജ്ഞാനം പകർന്ന ഗുരുവായിരുന്നു ജയേന്ദ്രൻ. പഠിപ്പിച്ചവരെയെല്ലാം തന്റെ ആരാധകരാക്കി മാറ്റി അദ്ദേഹം. വെറും പഠനത്തിനപ്പുറം വരാനിരിക്കുന്ന കാലഘട്ടത്തെക്കുറിച്ച് ക്ലാസ് മുറികളിൽ പരാമർശിച്ച ക്രാന്തദർശിയായ അധ്യാപകനായിരുന്നു ജയേന്ദ്രൻ മാസ്റ്ററെന്ന് പ്രിയ ശിഷ്യനും എൺപതുകളിലെ റാങ്ക് ഹോൾഡറുമായിരുന്നു സുധീർ ദേവദാസ് പറഞ്ഞു. സിലബസിൽ ഉൾെപ്പടാത്ത കവികളായിരുന്ന യുജെനിയോ മൊന്താലേ, കോൺസ്റ്റൻറിൻ പി. കാവാഫി എന്നിവരെക്കുറിച്ച് തങ്ങളുടെ ബിരുദ ക്ലാസുകളിൽ ഏറെ ചർച്ചചെയ്തിരുന്നു.
അരനൂറ്റാണ്ടിനുശേഷം ആ കവികളുടെ കവിതകൾക്ക് പ്രസക്തിയേറുമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു-സുധീർ ദേവദാസ് വിലയിരുത്തുന്നു. ‘സാറിന്റെ അധ്യാപനം തികച്ചും പ്രഫഷനലായിരുന്നു. ക്ലാസ് മുറിയിലെ പരാമർശങ്ങൾ എല്ലായ്പോഴും ഗൗരവമുള്ളതായിരുന്നു, ഒരിക്കലും മങ്ങിയതല്ല, വിശദമായതും സമഗ്രവുമായിരുന്നു, അദ്ദേഹത്തിന്റെ ഭാഷ കുറ്റമറ്റതായിരുന്നു. അദ്ദേഹത്തിന്റെ തയാറെടുപ്പ് സമഗ്രമായിരുന്നു, അദ്ദേഹത്തിന്റെ കുറിപ്പുകൾ വലുതായിരുന്നു. ഒരു എഴുത്തുകാരനെക്കുറിച്ചോ പുസ്തകത്തെക്കുറിച്ചോ അദ്ദേഹത്തിന് അറിയാത്ത ഒന്നും ഉണ്ടായിരുന്നില്ല’- ശിഷ്യരിലൊരാളായ ഡോ. രവിശങ്കർ റാവു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.