എ​സ്‌.​ഐ.​ആ​ര്‍; ജില്ലയിൽ പുറത്തായത് 96,161 പേർ

കോഴിക്കോട്: ജില്ലയിൽ എസ്‌.ഐ.ആറിന്‍റെ (തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍) കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ എന്യൂമറേഷന്‍ ഫോറം പൂരിപ്പിച്ച് സമർപ്പിച്ചിട്ടും 2002ലെ വോട്ടർ പട്ടികയുമായി മാപ്പ് ചെയ്യാന്‍ സാധിക്കാതെ പുറത്തായത് 96,161 പേർ (3.62 ശതമാനം). കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട വാർത്തസമ്മേളനത്തിൽ കലക്ടർ സ്നേഹിൽ കുമാർ സിങ് പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജില്ലയില്‍ ആകെ 26,58,847 എന്യൂമറേഷന്‍ ഫോറങ്ങളാണ് വിതരണം ചെയ്തിരുന്നത്. ഇതിൽ ഏഴ് ശതമാനം (1,86,179) ഫോറങ്ങൾ തിരികെ ലഭിച്ചിട്ടില്ല.

മരണപ്പെട്ടവര്‍, സ്ഥിരതാമസമില്ലാത്തവര്‍, ഇരട്ട വോട്ടുള്ളവര്‍, ബി.എൽ.ഒമാര്‍ പലതവണ ഭവനസന്ദര്‍ശനം നടത്തിയിട്ടും പ്രദേശവാസികളും ബൂത്ത് ലെവല്‍ ഏജന്റുമാരും മുഖേന അന്വേഷണങ്ങള്‍ നടത്തിയിട്ടും കണ്ടെത്താന്‍ സാധിക്കാത്തവര്‍ എന്നിങ്ങനെയുള്ള കാരണങ്ങളാല്‍ പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെടുന്നവരാണ് എ.എസ്.ഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. മരണപ്പെട്ടവര്‍ 53,711 (2.02 ശതമാനം), കണ്ടെത്താന്‍ സാധിക്കാത്തവര്‍ 35,580 (1.34 ശതമാനം), സ്ഥിരമായി താമസം മാറിയവര്‍ 63,592 (2.39 ശതമാനം), മറ്റെവിടെയെങ്കിലും എൻറോള്‍ ചെയ്തവര്‍ 18,415 (0.69 ശതമാനം), മറ്റുള്ളവര്‍ 14,881 (0.56 ശതമാനം) എന്നിങ്ങനെയാണ് എ.എസ്.ഡി പട്ടിക. തിരികെ ലഭിച്ച എന്യുമറേഷന്‍ ഫോറങ്ങളില്‍ 48.4 ശതമാനം(12,89,325 പേർ) 2002 പട്ടികയില്‍ ഉള്‍പ്പെട്ടവരായുണ്ട്. 40.89 ശതമാനം (10,87,182) പേരെ 2002 വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ട കുടുംബാംഗങ്ങളുമായി മാപ്പ് ചെയ്താണ് കരട് പട്ടികയിൽ ഉള്‍പ്പെടുത്തിയത്.

ഡിസംബര്‍ 18 വരെ തിരികെ ലഭിച്ച ഫോറങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കരട് പട്ടിക പുറത്തിറക്കിയത്. കരട് പട്ടികയിലുള്ള അവകാശവാദങ്ങളും ആക്ഷേപങ്ങളും 2026 ജനുവരി 22 വരെ അറിയിക്കാം. ഏതെങ്കിലും കാരണവശാല്‍ കരട് പട്ടികയില്‍നിന്ന് തെറ്റായി ഒഴിവായിപ്പോയിട്ടുണ്ടെങ്കില്‍ ആറാം നമ്പര്‍ ഫോറത്തിൽ അപേക്ഷ സമര്‍പ്പിച്ച് തിരികെ പട്ടികയില്‍ ഉള്‍പ്പെടാന്‍ സാധിക്കും. ഇ.ആര്‍.ഒ തലത്തിലുള്ള ഹിയറിങ്ങുകള്‍ 2026 ഫെബ്രുവരി 14 വരെ നടക്കും. അന്തിമ വോട്ടര്‍ പട്ടിക 2026 ഫെബ്രുവരി 21ന് പ്രസിദ്ധീകരിക്കും. വിവരങ്ങൾ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്സൈറ്റിൽ https://electoralsearch.eci.gov.in/ ലഭിക്കും.

പുതിയ 534 പോളിങ് സ്‌റ്റേഷനുകൾ

ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലായി 534 പോളിങ് സ്‌റ്റേഷനുകളാണ് പുതുതായി അനുവദിച്ചത്. നിലവില്‍ ആകെ ബൂത്തുകളുടെ എണ്ണം 2837 ആണ്. വടകര-24, കുറ്റ്യാടി- 38, നാദാപുരം- 52, കൊയിലാണ്ടി- 53, പേരാമ്പ്ര- 54, ബാലുശ്ശേരി- 54, എലത്തൂര്‍- 35, കോഴിക്കോട് നോര്‍ത്ത്- 28, കോഴിക്കോട് സൗത്ത്- 25, ബേപ്പൂര്‍- 38, കുന്ദമംഗലം- 59, കൊടുവള്ളി- 46, തിരുവമ്പാടി- 28 എന്നിങ്ങനെയാണ് നിയോജക മണ്ഡലം തിരിച്ചുള്ള കണക്കെന്നും കലക്ടർ പറഞ്ഞു. കരട് പട്ടിക പ്രസിദ്ധീകരിക്കുന്നതും ഈ പോളിങ് സ്റ്റേഷനുകളുടെ അടിസ്ഥാനത്തിലായിരിക്കും. തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ഗോപിക ഉദയന്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു. 

Tags:    
News Summary - SIR; 96,161 people were discharged in the district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.