ശ്രീവർണിത
കുന്ദമംഗലം : അണ്ടർ 18 വോളിബാളിൽ ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനായി കുന്ദമംഗലം സ്വദേശി ശ്രീവർണിത എന്ന പോപ്പി തെരെഞ്ഞെടുക്കപ്പെട്ടു. ബാംഗ്ലൂരിലെ സായ് സെന്ററിൽ നടന്ന ക്യാമ്പിലാണ് ഇന്ത്യൻ ടീമിലേക്ക് സെലക്ഷൻ ലഭിച്ചത്. കഴിഞ്ഞ മാസം ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്നാണ് ഇന്ത്യൻ ക്യാമ്പിലേക്ക് സെലക്ഷൻ നേടിയത്. ജൂലൈ മാസം തായ്‌ലൻഡിൽ നടക്കുന്ന ഏഷ്യൻ ഗെയിംസ് വോളിബാൾ ടൂർണമെന്റിൽ മത്സരിക്കുന്നതിനുള്ള ഇന്ത്യൻ ടീം വൈസ് ക്യാപ്റ്റനായാണ് തെരെഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ നാല് വർഷമായി കാരന്തൂർ പാറ്റേൺ വോളിബാൾ അക്കാദമിയിലാണ് പോപ്പി പരിശീലനം നടത്തുന്നത്. കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ്. കുന്ദമംഗലത്ത് നിന്നുളള താരോദയത്തിൽ പാറ്റേൺ ക്ലബിനും ഹയർ സെക്കൻഡറി സ്കൂളിനും ഇത് അഭിമാന നിമിഷമാണ്. വോളിബാൾ അണ്ടർ 18 ഇന്ത്യൻ ടീമിലേക്ക് മാത്രമല്ല ടീമിന്റെ വൈസ് ക്യാപ്റ്റൻ പദവികൂടി ലഭിച്ചത് നാടിനാകെ ഇരട്ടി മധുരമായി.
മികച്ച ബ്ലോക്കറും ഡിഫൻസ് ഗെയിം കളിക്കുന്ന താരവുമായ പോപ്പിയുടെ കഴിവും കായിക മികവിനോടുള്ള സമർപ്പണവും രാജ്യത്തിന് മുതൽകൂട്ടാണ്. ഏറ്റവും നല്ല ഫസ്റ്റ് പാസും അറ്റാക്ക് പ്രതിരോധിക്കാനുള്ള കഴിവുമുണ്ട്. തുർക്കി ദേശീയ വോളിബാൾ താരമായ മെലിസ വർഗാസ് ആണ് പോപ്പിക്ക് ഏറ്റവും ഇഷ്ടമുള്ള അന്താരാഷ്ട്ര താരം. അവരെപ്പോലെ ആകാനാണ് ആഗ്രഹം. നാട്ടിലെ ഇഷ്ടതാരം കിഷോർ കുമാർ ആണ്. ഇദ്ദേഹം പരിശീലനം നൽകിയിട്ടുമുണ്ട്. പോപ്പിയെ കണ്ട് അറ്റാക്കർ ആകണമെന്ന് ഉപദേശം നൽകിയത് കോച്ച് നാസർ ആണ്. മാതാവ്: അഞ്ജിത മൊരമ്പിലാക്കിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.