കോഴിക്കോട്: കോവിഡ് കാലത്തിനുശേഷം എല്ലാം സാധാരണ നിലയിലായിട്ടും കെ.എസ്.ആർ.ടി.സി സർവിസുകളിൽ 'ലോക്ഡൗൺ' തുടരുന്നു. നഗരത്തിൽനിന്ന് അകലെയുള്ള റൂട്ടുകളിലേക്കുള്ള സർവിസുകൾ ഭൂരിഭാഗവും ഓർമയായി. പുനഃസ്ഥാപിക്കാൻ അധികൃതർ തയാറാകുന്നില്ല. രാത്രിയിലെ രൂക്ഷമായ യാത്രാക്ലേശത്തിനെതിരെ ചെറുവിരലനക്കാൻ രാഷ്ട്രീയ പാർട്ടികളും ജനപ്രതിനിധികളും മടിക്കുകയാണെന്ന് യാത്രക്കാർ കുറ്റപ്പെടുത്തുന്നു. ഏറ്റവും കൂടുതൽ യാത്രക്കാരുള്ള ജില്ലയിലെ റൂട്ടുകളിലൊന്നായ ബാലുശ്ശേരിക്കുള്ള അപൂർവം സർവിസ് മാത്രമാണ് നിലവിലുള്ളത്.
കോഴിക്കോട് ടെർമിനലിൽനിന്ന് രാത്രി 7.30നും ഒമ്പതിനും 9.55നുമുള്ള ബസുകൾ ഓട്ടം നിർത്തിയിട്ട് രണ്ടുവർഷം പൂർത്തിയായി. ബാലുശ്ശേരി വഴി താമരശ്ശേരിക്കുള്ള ബസുകൾക്ക് മികച്ച കലക്ഷനുണ്ടായിരുന്നു. കോവിഡിനെ തുടർന്നായിരുന്നു സർവിസുകൾ നിർത്തിയത്. താമരശ്ശേരി ഡിപ്പോ ഓപറേറ്റ് ചെയ്ത ബസുകളായിരുന്നു ഇവ. രാവിലെ 4.40നും 6.30നും താമരശ്ശേരിയിൽ നിന്ന് പുറപ്പെട്ടിരുന്ന ഗുരുവായൂർക്കുള്ള ബസുകളുടെ അവസാന ട്രിപ്പായിരുന്നു യാത്രക്കാർക്ക് ഏറെ ഉപകാരപ്രദമായിരുന്നത്.
9.55നുള്ള ബസിനെ ട്രെയിൻ യാത്രക്കാരും ഏറെ ആശ്രയിച്ചിരുന്നു. ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസിൽ എത്തുന്നവർക്കും മറ്റും നാട്ടിലെത്താൻ ഈ ബസായിരുന്നു ആശ്രയം. നിലവിൽ നാട്ടിലെത്താൻ ബന്ധുക്കളെയും മറ്റും വിളിച്ചുവരുത്തുകയാണ് പലരും. ഇത്തരം സൗകര്യങ്ങളില്ലാത്തവർക്ക് ദുരിതമേറെയാണ്. കക്കോടി, കാക്കൂർ, നന്മണ്ട, ബാലുശ്ശേരി, എകരൂൽ, പൂനൂർ തുടങ്ങിയ പ്രദേശങ്ങളിലും പരിസരങ്ങളിലുമുള്ളവർക്ക് രാത്രി നഗരത്തിൽനിന്ന് നാട്ടിലെത്തണമെങ്കിൽ സമയനഷ്ടവും ധനനഷ്ടവും ഏറെയാണ്. ഓട്ടോറിക്ഷക്ക് വൻതുക നൽകിയാണ് കക്കോടി മുതൽ ബാലുശ്ശേരി വരെയുള്ളവർ രാത്രി എട്ടുമണിക്ക് ശേഷം നാട്ടിലെത്തുന്നത്.
എകരൂൽ, പൂനൂർ ഭാഗങ്ങളിലുള്ളവർക്ക് വയനാട് ഭാഗത്തേക്കുള്ള കെ.എസ്.ആർ.ടി.സി ബസിൽ കയറി താമരശ്ശേരി ഇറങ്ങണം. പിന്നീട് ഓട്ടോക്ക് വേറെ പണം കൊടുക്കണം. എം.കെ. രാഘവൻ എം.പി മുൻകൈയെടുത്തായിരുന്നു നഗരത്തിൽനിന്ന് ബാലുശ്ശേരി വഴി താമരശ്ശേരിക്ക് രാത്രി 9.55ന് ബസ് സർവിസ് തുടങ്ങിയത്. ജീവനക്കാരും ബസുകളുമില്ലാത്തതാണ് സർവിസ് നിന്നുപോകാൻ കാരണമെന്നാണ് താമരശ്ശേരി ഡിപ്പോ അധികൃതരുടെ വിശദീകരണം. 2019 സെപ്റ്റംബർ ഒന്നിന് കോഴിക്കോട്-ബാലുശ്ശേരി റൂട്ടിൽ ഓർഡിനറി ചെയിൻ സർവിസ് തുടങ്ങിയിരുന്നു. ആറ് ബസുകൾ, 36 സർവിസുകൾ എന്നെല്ലാം പറഞ്ഞ് തുടങ്ങിയട്ട് ഒരുമാസം പിന്നിട്ടപ്പോൾ നിലച്ചു. സ്വകാര്യ ബസുകാരുടെ സമ്മർദമായിരുന്നു കാരണമെന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.