കല്ലാച്ചി- നാദാപുരം റോഡിൽ പൊലീസ് സഹായത്തോടെ കുഴിയടക്കുന്നു
നാദാപുരം: കല്ലാച്ചി മുതൽ നാദാപുരം വരെയുള്ള പ്രധാന റോഡിലെ കുഴികൾ കാരണം വലഞ്ഞ് യാത്രക്കാരും വ്യാപാരികളും നാട്ടുകാരും. ദിനംപ്രതി കാൽനടയാത്രക്കാരുടെയും വാഹനയാത്രക്കാരുടെയും നടുവൊടിയുന്ന അവസ്ഥയായിട്ട് മാസങ്ങളായി. അധികൃതർ തിരിഞ്ഞുനോക്കാത്തതിനെ തുടർന്ന് ഒടുവിൽ റോഡിലെ കുഴിയടക്കാൻ പൊലീസുകാർ നേരിട്ടിറങ്ങി. കല്ലാച്ചിമുതൽ നാദാപുരം വരെയുള്ള വാരിക്കുഴികൾ ക്വാറി വേസ്റ്റ് ഉപയോഗിച്ച് അടക്കുകയായിരുന്നു.
റോഡിലെ വലിയ കുഴികളിൽ വീണ് വാഹനങ്ങൾ കേടാവുന്നതും നിരന്തരം ഗതാഗതക്കുരുക്ക് രൂപപ്പെടുന്നതും ഇവിടെ പതിവാണ്. ട്രാഫിക് ജോലി ചെയ്യുന്ന പൊലീസിന്റെ ദൈനംദിന ജോലികളെപോലും പ്രതികൂലമായി ബാധിച്ചിരുന്നു. പൊതുമരാമത്ത് വകുപ്പും മറ്റ് ബന്ധപ്പെട്ട അധികാരികളും റോഡിന്റെ ശോചനിയാവസ്ഥ കണ്ടില്ലെന്ന് നടിക്കുന്നതിനിടെയാണ് പൊലീസിന്റെ ഇടപെടൽ.
റോഡിലെ കുഴികളിൽ മെറ്റലും കല്ലുകളുമിട്ട് താത്കാലികമായി ഗതാഗതം സുഗമമാക്കാൻ പൊലീസ് ഉദ്യോഗസ്ഥർ മുന്നിട്ടിറങ്ങി. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ പൊതുമരാമത്ത് വകുപ്പ് അടിയന്തരമായി ഇടപെട്ട് റോഡ് ശാശ്വതമായി റീടാർ ചെയ്യണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.
നാദാപുരം: സംസ്ഥാന പാതയിൽ നാദാപുരം മുതൽ പേരോട് വരെയും റോഡ് തകർന്നു. നാദാപുരം പൊലീസ് സ്റ്റേഷൻ സമീപം, പേരോട് ടൗൺ എന്നിവിടങ്ങളിലാണ് റോഡിൽ വ്യാപക കുഴികൾ രൂപപ്പെട്ടത്. പൊലീസ് സ്റ്റേഷന് സമീപം വൻകിട വ്യാപാര സ്ഥാപനങ്ങൾക്ക് മുമ്പിൽ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പരന്നൊഴുകിയാണ് റോഡ് തകർന്നത്.
കൂടാതെ പമ്പിങ്ങ് സ്റ്റേഷനിൽ നിന്നും പൈപ്പ് വഴി എത്തുന്ന വെള്ളം ശേഖരിക്കുന്ന ടാങ്കിലെ ഓവർ ഫ്ളോയും റോഡ് തകർച്ചക്കിടയാക്കുന്നു. പേരോട് ടൗണിന് സമീപം തകരാത്ത റോഡിന് മുകളിൽ പുതുതായി ടാറിങ് നടത്തിയ ഭാഗമാണ് പൂർണമായും ഇളകിമാറിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.