കോഴിക്കോട്: രണ്ട് ബൈപാസുകൾക്കിടയിലെ ഇടുങ്ങിയ യാത്ര അവസാനിക്കുമെന്ന് പ്രതീക്ഷ. പൂളാടിക്കുന്ന്-രാമനാട്ടുകര, മീഞ്ചന്ത-കാരപ്പറമ്പ് എന്നീ ബൈപാസുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന മാങ്കാവ് ശ്മശാനം-മേത്തോട്ടുതാഴം റോഡ് വീതി കൂട്ടി നവീകരിക്കാൻ സ്ഥലമേറ്റെടുപ്പ് പൂർത്തിയായതായി കോർപറേഷൻ അധികൃതർ അറിയിച്ചു. മാങ്കാവ്-മേത്തോട്ടുതാഴം റോഡിനായി 9.92 ഏക്കർ സ്ഥലമേറ്റെടുപ്പാണ് പൂർത്തിയായത്.
ദീർഘകാലമായുള്ള ജനങ്ങളുടെ ആവശ്യമാണ് ഇതോടെ പരിഹരിക്കപ്പെടുന്നത്. ഇതിനായി 31.21 കോടി രൂപ വിവിധ ഘട്ടങ്ങളിലായി പൂർണമായും കോർപറേഷൻ നൽകി.നഷ്ടപരിഹാരം ആവശ്യമുള്ള 306 കേസുകൾക്ക് വേണ്ടിയാണ് ഈ തുക നൽകിയത്. 41 കോടി ചെലവ് വരുന്ന റോഡ് നിർമാണത്തിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായും കോർപറേഷൻ അധികൃതർ അറിയിച്ചു.
മൊത്തം മൂന്ന് കിലോമീറ്ററിലേറെ വരുന്ന റോഡാണ് നവീകരിക്കേണ്ടത്. ചുവപ്പുനാടയിൽ 40 കൊല്ലത്തോളമായി തടസ്സപ്പെട്ടുകിടന്ന റോഡ് നവീകരണമാണ് വീണ്ടും പ്രതീക്ഷയിലെത്തിയത്. നിലവിൽ ആറ് മീറ്ററോളം വീതിയുള്ള റോഡാണ് 18 മീറ്റർ വരെ വീതിയിലാവുക. 126 കുടുംബങ്ങളിൽനിന്ന് മൊത്തം 8.82 ഏക്കർ ഭൂമി ഏറ്റെടുക്കാനായിരുന്നു ആദ്യ തീരുമാനം.
എട്ട് മിനി ബസുകൾ ഓടിയിരുന്ന റോഡിൽ വീതിയില്ലാതെ ഗതാഗതക്കുരുക്ക് പതിവായിരുന്നു. 1984 കാലത്ത് സി.ഡി.എ തയാറാക്കിയ പദ്ധതിയാണിത്. ആദ്യം 45 കോടി രൂപയാണ് മൊത്തം അനുവദിച്ചത്. 2018-19 ബജറ്റിൽ 23 കോടി വകയിരുത്തി. അതിൽ 4.6 കോടി രൂപ അന്നുതന്നെ നഗരസഭക്ക് കൈമാറിയിരുന്നു.
വീട് നഷ്ടപ്പെടുന്നവർക്കും കച്ചവടക്കാർക്കും കെട്ടിടം പോവുന്നവർക്കും തൊഴിൽ നഷ്ടപ്പെടുന്ന തൊഴിലാളികൾക്കും എല്ലാം പുനരധിവാസ പാക്കേജ് ഒരുക്കിയാണ് സ്ഥലമെടുപ്പ് പൂർത്തിയായതെന്ന് കൗൺസിലർ എം.സി. അനിൽകുമാർ പറഞ്ഞു. കെട്ടിടം നഷ്ടമാവുന്ന മേത്തോട്ട് താഴം വിദ്യാദായനി വായനശാലക്കും പ്രത്യേക പാക്കേജ് ഒരുക്കി.
50 ലക്ഷം രൂപയെങ്കിലും വായനശാലക്ക് വേണ്ടി നൽകി. അവർ പുതിയ കെട്ടിടമുണ്ടാക്കി മാറി. വിജ്ഞാപനമിറങ്ങിയത് മുതലുള്ള 12 ശതമാനം പലിശയും ലഭിക്കും. പൊതുമരാമത്തിനെ നിർമാണം ഏൽപിക്കാനാണ് കോർപറേഷൻ ഉദ്ദേശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.