കോഴിക്കോട്: ജില്ലയിലെ കാൻസർ രോഗികളുടെ ക്ഷേമം, രോഗപ്രതിരോധം തുടങ്ങിയവക്ക് പ്രാധാന്യം നൽകുന്നതിനായി കോഴിക്കോട് ജില്ല പഞ്ചായത്ത് ആരംഭിച്ച കാൻസർ കെയർ സൊസൈറ്റിക്ക് മാവൂർ തെങ്ങിലക്കടവിലെ ഭൂമിയും കെട്ടിടവും വിട്ടുനൽകുന്നതിനുള്ള സർക്കാർ നടപടികൾ വേഗത്തിലാക്കാൻ റവന്യൂ മന്ത്രി കെ. രാജൻ നിർദേശം നൽകി.
ആരോഗ്യമന്ത്രി വീണ ജോർജ്, തദ്ദേശ മന്ത്രി എം.ബി. രാജേഷ് എന്നിവരുമായി ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്നും ആവശ്യമായ നടപടിക്രമങ്ങൾ സ്വീകരിക്കാൻ റവന്യൂ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുമെന്നും മന്ത്രി അറിയിച്ചു.
നിലവിൽ മലബാർ കാൻസർ കെയർ സൊസൈറ്റിയുടെ കൈവശമുള്ള ഭൂമിയും കെട്ടിടങ്ങളുമാണ് ജില്ല പഞ്ചായത്ത് പുതുതായി ആരംഭിച്ച കാൻസർ കെയർ സെന്ററിനായി നൽകുന്നത്. ആരോഗ്യവകുപ്പ് നേരത്തേ ഇക്കാര്യത്തിൽ തീരുമാനം എടുത്തിരുന്നെങ്കിലും ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ചില സാങ്കേതിക തടസ്സങ്ങൾ നിലനിന്നതിനാൽ തീരുമാനം നീണ്ടുപോകുകയായിരുന്നു.
പി.ടി.എ റഹീം എം.എൽ.എയും ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയും ഇതുസംബന്ധിച്ച് വിശദമായ അപേക്ഷ സർക്കാറിന് നൽകിയിരുന്നു. റവന്യൂ മേഖല അവലോകനത്തിനായി തിങ്കളാഴ്ച കോഴിക്കോടെത്തിയ മന്ത്രിയെ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി. ഗവാസ്, അംഗം കൂടത്താങ്കണ്ടി സുരേഷ്, സീനിയർ സൂപ്രണ്ട് ടി. അബ്ദുൽ നാസർ എന്നിവർ നേരിൽകണ്ട് കാര്യങ്ങൾ ധരിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.