ജില്ല കായികമേളയുടെ ഉദ്ഘാടനം കോർപറേഷൻ മേയർ ഡോ. ബീന ഫിലിപ് നിർവഹിക്കുന്നു
കോഴിക്കോട്: കായികക്ഷമതക്കോ പ്രകടനത്തിനോ കോവിഡ് തിരിച്ചടിയായില്ലെന്ന സൂചന നൽകി റവന്യൂ ജില്ല കായികമേളക്ക് തുടക്കം. ആദ്യ ദിനത്തിലെ പ്രകടനത്തിനുശേഷം വ്യക്തമാകുന്ന ചിത്രം ഇത്തവണ സംസ്ഥാന മേളയിൽ ജില്ല ഒപ്പത്തിനൊപ്പമുണ്ടാകുമെന്നാണ്. പുതിയ വേഗവും ദൂരവും കുറിക്കുന്ന കായികതാരങ്ങളെ പരിചയപ്പെടുത്തുന്ന അക്കാദമികൾക്കു പുറമെ വ്യക്തിഗത പരിശീലനങ്ങൾ നൽകുന്ന സ്ഥാപനങ്ങളും മേളക്കെത്തിയത് ശുഭസൂചകമായാണ് കായികാധ്യാപകരും കളിവിദഗ്ധരും വിലയിരുത്തുന്നത്.
ആദ്യദിനം മികച്ച പ്രകടനവും മത്സരങ്ങളുമാണ് താരങ്ങൾ പുറത്തെടുത്തത്. മെഡിക്കൽ കോളജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കോഴിക്കോട് സായിയിലെയും ഉഷ സ്കൂൾ ഓഫ് അത്‍ലറ്റിക്സിലെയും മുക്കം സബ്ജില്ലയിലെ പുല്ലൂരാംപാറയിലെ മലബാർ അക്കാദമിയിലെയും പേരാമ്പ്ര ഉപജില്ലയിലെ സെന്റ് ജോർജ് എച്ച്.എസ്.എസ് കുളത്തുവയലിലെയും കായികതാരങ്ങളെ കൂടാതെ വ്യക്തിഗത പരിശീലനകേന്ദ്രങ്ങളിൽനിന്നുള്ള കായികതാരങ്ങളുടെയും പ്രകടനം ഏറെ പ്രതീക്ഷയാണ് നൽകുന്നത്.
കായികമേളയുടെ ഉദ്ഘാടനം കോർപറേഷൻ മേയർ ഡോ. ബീന ഫിലിപ് നിർവഹിച്ചു. കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. രേഖ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ റിസപ്ഷൻ കമ്മിറ്റി ചെയർമാൻ കെ. മൊയ്തീൻകോയ, വാർഡ് കൗൺസിലർമാരായ കെ. മോഹനൻ, ഇ.എൻ. സോമൻ, എ. സ്മിത, ജില്ല പഞ്ചായത്ത് അംഗം പി.ടി.എം. ഷറഫുന്നീസ, എ.ഡി. വി.എച്ച്.എസ് സി.എം. ഉബൈദുല്ല, ഡയറ്റ് പ്രിൻസിപ്പൽ വി.വി. പ്രേമരാജൻ, ഡി.ഇ.ഒ കെ.പി. ധനേഷ്, ജില്ല സ്പോർട്സ് കോഓഡിനേറ്റർ ഡോ. എം. ഷിംജിത്ത്, എം.സി.സി എച്ച്.എസ് പി.ടി.എ പ്രസിഡന്റ് എൻ.പി. ഷാജി എന്നിവർ സംസാരിച്ചു. ഡി.ഡി.ഇ സി. മനോജ് കുമാർ സ്വാഗതവും ആര്‍.ഡി.എസ്.ജി.എ സെക്രട്ടറി മുഹമ്മദ് ഷാഫി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.