മുക്കം: നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കേ കോൺഗ്രസിന് നിർണായക സ്വാധീനമുള്ള ജില്ലയുടെ കിഴക്കൻ മേഖലയിൽ പ്രതിസന്ധി രൂക്ഷം. മണ്ഡലം കമ്മിറ്റികളുടെ അധ്യക്ഷ സ്ഥാനത്ത് ഐ ഗ്രൂപ് പ്രതിനിധികളെ പ്രതിഷ്ഠിക്കാനുള്ള ജില്ല കോൺഗ്രസ് നേതൃത്വത്തിന്റെ നീക്കമാണ് പല മണ്ഡലം കമ്മിറ്റികളിലും വിഭാഗീയത രൂക്ഷമാക്കിയത്. എ ഗ്രൂപ്പിന് വലിയ സ്വാധീനമുള്ള സ്ഥലങ്ങളിലാണ് ഐ ഗ്രൂപ് പ്രതിനിധികൾ മണ്ഡലം പ്രസിഡന്റുമാരായിരിക്കുന്നത്.
മുക്കം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിക്ക് കീഴിലുള്ള മുക്കം നഗരസഭ, കാരശ്ശേരി, കൊടിയത്തൂർ, കൂടരഞ്ഞി മണ്ഡലം കമ്മിറ്റികളുടെ പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പിനായിരുന്നു. കൊടിയത്തൂർ മണ്ഡലം കമ്മിറ്റിയുടെ പ്രസിഡന്റായി ഫെബ്രുവരി ഒമ്പതിനാണ് ഹരിദാസൻ പരപ്പിലിനെ നിയമിച്ചത്. എന്നാൽ, പ്രവർത്തകരിൽനിന്ന് പരാതികൾ ഉയർന്നതിനെ തുടർന്ന് 13ന് കമ്മിറ്റി മരവിപ്പിക്കുകയായിരുന്നു. സമാന രീതിയിൽ കാരശ്ശേരി മണ്ഡലം കമ്മിറ്റിയും മരവിപ്പിച്ചിരുന്നു.
ഇവിടെ വാർഡ് പ്രസിഡന്റുമാരുടെ നിരന്തര അഭ്യർഥന മാനിച്ച് സമാൻ ചാലൂളിയെ പ്രസിഡന്റായി നിയമിച്ച് 47 അംഗ മണ്ഡലം കമ്മറ്റി രൂപവത്കരിച്ചങ്കിലും വലിയ പ്രതിഷേധമുയർന്നതോടെ പ്രസിഡന്റിനെ നിലനിർത്തി കമ്മറ്റി മരവിപ്പിക്കുകയായിരുന്നു. യു.ഡി.എഫ് കൺവീനർ സ്ഥാനമുൾപ്പെടെ ഐ ഗ്രൂപ് പ്രതിനിധിക്ക് നൽകിയ നീക്കമാണ് കാരശ്ശേരിയിൽ പരാതിക്കിടയാക്കിയത്. കൊടിയത്തൂരിൽ പ്രസിഡന്റ് സുജ ടോം തെരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ചതിനെത്തുടർന്നാണ് ഹരിദാസൻ പരപ്പിലിനെ ഡി.സി.സി പ്രസിഡന്റ് പ്രഖ്യാപിച്ചത്. എന്നാൽ, പ്രവർത്തകർക്ക് അഭിപ്രായ വ്യത്യാസം ഉണ്ടെന്നു കാണിച്ചാണ് മരവിപ്പിച്ചത്.
നിലവിൽ ഡി.സി.സി എക്സിക്യൂട്ടിവ് അംഗം എം.ടി. അഷ്റഫിനാണ് ചുമതല. മണ്ഡലം കമ്മിറ്റി പ്രസിഡന്റിന്റെ ചുമതലയുണ്ടായിരുന്ന മുനീർ ഗോതമ്പ റോഡിന് പ്രസിഡന്റ് സ്ഥാനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അത് നൽകാത്തതാണ് പരാതിക്കിടയാക്കിയത്. നിയമസഭ തെരഞ്ഞെടുപ്പിൽ കെട്ടുറപ്പോടെ പരമാവധി സീറ്റുകൾ നേടുക എന്ന ലക്ഷ്യത്തോടെ യു.ഡി.എഫ് മുന്നേറുമ്പോഴാണ് തിരുവമ്പാടി മണ്ഡലത്തിലെ പഞ്ചായത്തുകളിൽ പ്രതിസന്ധി തുടരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.