വാണിമേൽ ചിറ്റാരി കോളനി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സന്ദർശിക്കുന്നു
കുറ്റ്യാടി: കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് ജാഗ്രത മുന്നറിയിപ്പ് ലഭിച്ച കാവിലുമ്പാറയിലെ മലയോരപ്രദേശത്തുകാർ ഭീതിയിൽ. കഴിഞ്ഞ ദിവസം നടന്ന റവന്യൂ, പഞ്ചായത്ത്, രാഷ്ട്രീയ കക്ഷി യോഗത്തിനുശേഷമാണ് പക്രന്തളംചുരം, ഇരുട്ടുവളവ്, വള്ളുവൻകുന്ന് തുടങ്ങിയ ഭാഗങ്ങളിലെ ഭീഷണി നേരിടുന്ന 40ഓളം കുടുംബങ്ങൾക്ക് ജാഗ്രത മുന്നറിയിപ്പ് നൽകിയത്.
ഡെപ്യൂട്ടി തഹസിൽദാർ അജിതന്റെ നേതൃത്വത്തിൽ വന്നാണ് നോട്ടീസ് നൽകിയത്. എന്നാൽ, മഴ കാര്യമായി പെയ്യാതിരുന്നതുകൊണ്ട് ആരെയും മാറ്റിയിരുന്നില്ല. വ്യാഴാഴ്ച മഴ കനത്തതിനെ തുടർന്ന് വള്ളുവൻകുന്നിലെ ഏഴു വീട്ടുകാരെ തൊട്ടിൽപാലം ബഡ്സ് സ്കൂളിൽ ആരംഭിച്ച ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചു.
ചൂരണി, കാരിമുണ്ട, ചുരംഭാഗം തുടങ്ങിയ പ്രദേശങ്ങളിലെ ആളുകളെ ബന്ധുവീടുകളിലേക്കും മാറ്റിയിട്ടുണ്ട്.
പൊലീസ്, റവന്യൂ, അഗ്നിരക്ഷാസേന, ഗ്രാമപഞ്ചായത്ത്, സന്നദ്ധ സംഘടന പ്രവർത്തകർ എല്ലാം ജാഗ്രതയോടെ വിവിധ പ്രദേശങ്ങളിൽ നിലയുറപ്പിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് പി.ജി. ജോർജും വില്ലേജ് ഓഫിസർ നന്ദകുമാറും അറിയിച്ചു.
വാണിമേൽ ചിറ്റാരി മലയിലെ 24 കുടുംബങ്ങൾക്ക് സുരക്ഷ നിർദേശം
നാദാപുരം: തീവ്ര മഴ മുന്നറിയിപ്പ് പശ്ചാത്തലത്തിൽ വാണിമേൽ ഗ്രാമപഞ്ചായത്തിലെ ചിറ്റാരി കോളനിയിൽ സുരക്ഷ നടപടികൾ സ്വീകരിച്ചു. അപകട മേഖലയിൽ കഴിയുന്ന 24 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാനാണ് തീരുമാനം.
തൊട്ടടുത്ത ചിറ്റാരി ഗവ.എൽ.പി സ്കൂളിൽ താൽക്കാലിക ക്യാമ്പ് ഒരുക്കി. എന്നാൽ, ഭൂരിഭാഗം കുടുംബങ്ങളും ബന്ധുവീടുകളിൽ താമസം മാറാനാണ് താൽപര്യപ്പെടുന്നത്. ജനപ്രതിനിധികൾ, പഞ്ചായത്ത് വില്ലേജ് റവന്യൂ ഉദ്യോഗസ്ഥർ, എസ്.ടി. പ്രമോട്ടർമാർ എന്നിവരടങ്ങുന്ന സംഘം കോളനി സന്ദർശിച്ചു വീടുകൾ മാറി താമസിക്കുന്നതിനുള്ള നിർദേശം നൽകി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശിവറാം സി.കെ. കുഞ്ഞമ്മദ് ചേലക്കാൻ, വാണിമേൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സജീവൻ, ക്ലർക്ക് ഷിജു പീറ്റർ, വാണിമേൽ വില്ലേജ് ഓഫിസർ ദിനേഷ് മീറങ്ങാട്ട്, സ്പെഷൽ വില്ലേജ് ഓഫിസർ അനീഷ് ഇളന്നിച്ചാലിൽ, വില്ലേജ് അസി. കെ.പി.രാജൻ, പ്രമോട്ടർമാരായ ബിന്ദു, ഓമന എന്നിവരാണ് പ്രദേശം സന്ദർശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.