കോഴിക്കോട്: ക്വാറി-ക്രഷർ സ്തംഭനാവസ്ഥയിൽ ലൈഫ് വീടുകൾ അടക്കമുള്ള സർക്കാർ നിർമാണ പ്രവൃത്തികൾ താളംതെറ്റുന്നു. നിശ്ചിത കാലാവധിക്കകം പ്രവൃത്തി പൂർത്തീകരിക്കാൻ കഴിയാതെ ഫണ്ട് നഷ്ടപ്പെടുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് ഗുണഭോക്താക്കൾ ചൂണ്ടിക്കാട്ടുന്നു. ക്വാറി ഉൽപന്നങ്ങൾ ലഭിക്കാത്തതിനാൽ പൊതുമരാമത്ത് പണികളും സ്തംഭനാവസ്ഥയിലാണെന്ന് കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. മാർച്ചിൽ പൂർത്തീകരിക്കേണ്ട പ്രവൃത്തികളെല്ലാം പാതിവഴിയിൽ നിലച്ചിരിക്കുകയാണ്.
പരിസ്ഥിതി സംരക്ഷണ വ്യവസ്ഥകൾ പാലിക്കുന്നില്ലെന്നാരോപിച്ച് ജില്ലയിലെ ചെറുകിട ക്വാറികളിൽ ഭൂരിഭാഗവും അടച്ചിട്ടിരിക്കുകയാണ്. വിരലിലെണ്ണാവുന്ന ക്വാറികൾ മാത്രമാണ് പ്രവർത്തിക്കുന്നത്. കോഴിക്കോട്, വയനാട് ജില്ലകളിലെ മരാമത്ത് പ്രവൃത്തികൾക്ക് ക്വാറി, ക്രഷർ ഉൽപന്നങ്ങൾ എത്തിക്കുന്നത് പ്രധാനമായും മലപ്പുറം ജില്ലയിൽനിന്നാണ്. എന്നാൽ, വ്യാപകമായ റെയ്ഡിലും പിഴ ചുമത്തുന്നതിലും പ്രതിഷേധിച്ച് മലപ്പുറം ജില്ലയിലെ ക്വാറികളുടെ പ്രവർത്തനം ഏതാനും ആഴ്ചകളായി നിലച്ചിരിക്കുകയാണ്. ഇതോടെ ജില്ലയിലേക്കുള്ള ക്വാറി ഉൽപന്നങ്ങളുടെ വരവ് നിലച്ചു.
അപൂർവമായി ലഭിക്കുന്നതിന് വില കുതിച്ചുയരുകയും ചെയ്തു. ഒരടി എം.സാൻഡിന് 10 രൂപ വരെ ഇടനിലക്കാർ വർധിപ്പിച്ചതായി കരാറുകാർ പറയുന്നു. ഏറ്റെടുത്ത പ്രവൃത്തികൾ സമയപരിധിക്കുള്ളിൽ പൂർത്തീകരിച്ചില്ലെങ്കിൽ പിഴ ചുമത്തപ്പെടുമെന്നതിനാൽ ഇതര സംസ്ഥാനത്തുനിന്ന് വൻ വിലക്ക് ക്വാറി, ക്രഷർ ഉൽപന്നങ്ങൾ കൊണ്ടുവരേണ്ട അവസ്ഥയാണെന്നും കരാറുകാർ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് വരുന്നതിനാൽ പദ്ധതികൾ പൂർത്തീകരിക്കുന്നതിന് വേണ്ടി ജനപ്രതിനിധികളിൽനിന്നടക്കമുള്ള സമ്മർദവും കാരാറുകാരെ വട്ടംകറക്കുന്നുണ്ട്.
സർക്കാർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് ശാശ്വത പരിഹാരം കാണണമെന്ന് ഓൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ ജില്ല കമ്മറ്റി ആവശ്യപ്പെട്ടു. നിർമാണ വസ്തുക്കളുടെ വില വർധന, ഗതാഗതച്ചെലവുകൾ എന്നിവയിൽ വന്നിരിക്കുന്ന വ്യതിയാനങ്ങൾക്കനുസരിച്ച് കരാർ തുകയിലും മാറ്റം വരുത്തണമെന്നും നിർമാണ കാലാവധി കൂട്ടിനൽകണമെന്നും ജില്ല പ്രസിഡന്‍റ് കെ.വി. സന്തോഷ് കുമാർ, സെക്രട്ടറി വി.പി. ബിജു എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.